സിസിടിവി ദൃശ്യങ്ങൾ Source: News Malayalam 24x7
CRIME

നെയ്യാറ്റിൻകരയിൽ വീട് കുത്തിത്തുറന്ന് മോഷണം; സ്വർണവും പണവുമടക്കം 50 ലക്ഷത്തിലധികം രൂപയുടെ വസ്തുവകകൾ മോഷണം പോയി

മോഷ്ടാക്കളെ എത്രയും വേഗം പിടികൂടാനുള്ള നീക്കത്തിലാണ് പാറശ്ശാല പൊലീസ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീടുകൾ കുത്തിത്തുറന്ന് വ്യാപക മോഷണം. വിപിൻ കുമാർ, അനിൽ എന്നിവരുടെ വീടുകളിൽ ഒരേ ​ദിവസമാണ് മോഷണം നടന്നത്. സ്വർണവും പണവുമടക്കം അമ്പത് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന വസ്തുവകകൾ മോഷണം പോയി. മോഷ്ടാക്കളെ എത്രയും വേഗം പിടികൂടാനുള്ള നീക്കത്തിലാണ് പാറശ്ശാല പൊലീസ്.

ഒറ്റ രാത്രി, രണ്ട് മോഷണങ്ങൾ. നഷ്ടപ്പെട്ടത് ലക്ഷങ്ങളുടെ വസ്തുക്കൾ. ഇന്നലെ രാത്രി 10.30നും പുലർച്ചെ 5 മണിയ്ക്കും ഇടയിൽ മോഷണങ്ങൾ നടന്നെന്നാണ് പൊലീസ് നി​ഗമനം. കേരളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അനിലിന്റെ വീട്ടിൽ നിന്ന് മാല, മോതിരം, കമ്മലുകള്‍, വള ഉള്‍പ്പെടെ 13 പവനിലധികം സ്വർണം, അലമാരയില്‍ സൂക്ഷിച്ചിരുന്ന 2,84,000 രൂപ, 50,000 രൂപ വിലമതിക്കുന്ന രണ്ട് മൊബൈൽ ഫോണുകൾ, രണ്ട് വാച്ച് എന്നിവയാണ് നഷ്ടപ്പെട്ടത്.

അനിലിന്റെ ഉടമസ്ഥതയിലുള്ള എഎസ് ഫിനാൻസ് സ്ഥാപനത്തിന്‍റെ താക്കോലുകളും മോഷ്ടാക്കള്‍ കവര്‍ന്ന കൂട്ടത്തിലുണ്ട്. അതേ സമയം വിപിൻ കുമാറിന്റെ വീട്ടിൽ നിന്നും 23 പവനും 7,80,000 രൂപയുമാണ് കവർന്നത്.ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ച് സംഭവ സ്ഥലത്തെത്തിയ രണ്ടുപേരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ച് പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് വിരലടയാള വിദഗ്ധര്‍, ഡോഗ് സ്കോഡ് ഉൾപ്പടെയുള്ള സംഘം പരിശോധന നടത്തി അന്വേഷണം ഊർജിതമാക്കി.

SCROLL FOR NEXT