Source: News Malayalam 24x7
CRIME

കെട്ടിയിട്ട് ക്രൂരമായി മർദിച്ചു, കത്തികൊണ്ട് പലവണ കുത്തി; ബെംഗളൂരുവിൽ യുവാവിന്റെ കൊലപാതകത്തിൽ നടി അടക്കം മൂന്ന് പേർ അറസ്റ്റിൽ

വീട്ടിൽ ജീർണിച്ച അവസ്ഥയിലാണ് മോഹൻ കൃഷ്ണയെന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നത്

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: ലിവ് ഇൻ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയെ കേസിൽ ബെംഗളൂരുവിൽ പ്രമുഖ നടി അടക്കം മൂന്ന് പേർ അറസ്റ്റിൽ. സിനിമ സീരിയൽ നടി ഊർമ്മിള എന്ന ബിന്ദുവുനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരാളുമായുള്ള ബന്ധത്തിന് പങ്കാളി തടസമായതോടെയാണ് ബെംഗളൂരുവിലെ വാടക വീട്ടിൽ യുവാവിനെ അരുംകൊല ചെയ്തത്.

വീട്ടിൽ ജീർണിച്ച അവസ്ഥയിലാണ് മോഹൻ കൃഷ്ണയെന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നത്. മഞ്ജുനാഥ നഗറിലെ പൂട്ടിയിട്ട വാടക വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് 29കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നടി ബിന്ധുവിലേക്ക് കേസ് നീളുന്നതും കൊലപാതകത്തിന്റെ ചുരുളഴിയുന്നതും. മോഹൻ കൊല്ലപ്പെട്ട് 12 ദിവസങ്ങൾക്കുശേഷമാണ് മരണവാർത്ത പുറംലോകം അറിയുന്നത്.

കന്നഡ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിരുന്ന ബിന്ദു, ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. ഇതിനിടെയാണ് വിവാഹബന്ധം ഉപേക്ഷിച്ചു നിന്ന മോഹൻ കൃഷ്ണയെ പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. ഒരുമിച്ച് താമസിക്കാൻ ഇരുവരും തീരുമാനിച്ചു. ഭാര്യാഭർത്താക്കാന്മാരെന്ന് പറഞ്ഞ് രണ്ട് മാസം മുമ്പാണ് വീട് വാടകയ്‌ക്കെടുത്തത്. മോഹനുമായുള്ള ബന്ധത്തിനിടെ ബിന്ദു, വിനയ് എന്നയാളുമായി അടുപ്പത്തിലായി. ബന്ധം മോഹൻ അറിഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായി.

തന്റെ ബന്ധത്തിന് തടസമായ മോഹനെ കാമുകനുമായി ചേർന്ന് ഇല്ലാതാക്കാൻ ബിന്ദു പദ്ധതിയിട്ടു. വീട്ടിൽ ഒരു പാർട്ടി സംഘടിപ്പിച്ചശേഷം മോഹനെ ഇല്ലാതാക്കാനായിരുന്നു പ്ലാൻ. പദ്ധതി പ്രകാരം ഫെബ്രുവരി 18ന് വിനയ്‌യും സുഹൃത്തും ബിന്ദുവിന്റെ വീട്ടിലെത്തി. മദ്യലഹരിയിലായിരുന്ന മോഹന്റെ കൈകാലുകൾ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. പിന്നാലെ കത്തികൊണ്ട് പലവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ പൊലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

SCROLL FOR NEXT