തൃശൂര്‍: പുതുക്കാട് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. പുതുക്കാടുള്ള മെയ്‌ഫെയര്‍ ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ബാറിനു മുന്നിലെ കടയിലിരുന്ന് ചായ കുടിക്കുകയായിരുന്ന ഹേമചന്ദ്രനെ ഒളിച്ചു നിന്ന അക്രമി കഴുത്തില്‍ കുത്തുകയായിരുന്നു.
സംഭവത്തില്‍ ആമ്പല്ലൂര്‍ സ്വദേശി സിജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാറിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ടച്ചിങ്‌സ് ചോദിച്ചിട്ട് നല്‍കാത്തതാണ് കൊലപാതകത്തിന് കാരണം.
ഉച്ച മുതല്‍ ബാറിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടയില്‍ പലതവണ ടച്ചിങ്‌സ് ചോദിച്ചിട്ടും ജീവനക്കാര്‍ നല്‍കിയില്ല. ഇതേ ചൊല്ലി ജീവനക്കാരനുമായി തര്‍ക്കമുണ്ടായി. കൊല്ലുമെന്ന് വെല്ലുവിളിച്ചാണ് ബാറില്‍ നിന്ന് ഇറങ്ങിയതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.
ഇതിനു ശേഷം കടയില്‍ കാത്തിരുന്ന പ്രതി ഹേമചന്ദ്രന്‍ എത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ ഹേമചന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.