എറണാകുളം: ആലുവയിലെ ലോഡ്ജ് മുറിയില്‍ യുവതിയെ ഷാള്‍ മുറുക്കി കൊന്നു. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്താണ് കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
നേര്യമംഗലം സ്വദേശി ബിനു ആണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ഇയാള്‍ സുഹൃത്തുക്കളെ വീഡിയോ കോൾ ചെയ്ത് മൃതദേഹം കാണിച്ചതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്. വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അരും കൊലയിലേക്ക് നയിച്ചത്.
ആലുവ നഗരത്തിലെ തോട്ടുങ്ങള്‍ ലോഡ്ജിലേക്ക് ആദ്യം എത്തിയത് ബിനുവാണ്. പിന്നാലെ അഖിലയും എത്തി. ഇടയ്ക്കിവർ ഈ ലോഡ്ജില്‍ വരാറുണ്ടെന്നാണ് ജിവനക്കാർ പറയുന്നത്. എന്നാല്‍, സംഭവം നടക്കുന്ന ദിവസം ഇവർ തമ്മില്‍ തർക്കമായി. അഖില തന്നെ വിവാഹം കഴിക്കണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു തർക്കം. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
പൊലീസ് പറയുന്നത് പ്രകാരം, ബിനു ഷാള്‍ കഴുത്തില്‍ മുറുക്കി അഖിലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനു പിന്നാലെ ഈ വിവരം സുഹൃത്തുക്കളെ വിളിച്ചറയിച്ചു. ഇവരാണ് ആലുവ പൊലീസിനെ വിവരം അറിയിച്ചത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് ബിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.