കവിൻ  News Malayalam 24x7
CRIME

ഇതര ജാതിയില്‍പെട്ട പെണ്‍കുട്ടിയുമായി പ്രണയം; തമിഴ്‌നാട്ടില്‍ ഐടി ജീവനക്കാരനെ വെട്ടിക്കൊന്നു

പെണ്‍കുട്ടിയുടെ സഹോദരനാണ് കവിനെ വെട്ടിക്കൊന്നത്

Author : ന്യൂസ് ഡെസ്ക്

തിരുനെല്‍വേലി: ഇതര ജാതിയില്‍പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ യുവാവിനെ വെട്ടിക്കൊന്നു. തൂത്തുക്കുടി ജില്ലയിലെ അറുമുഖമംഗലം ഗ്രാമത്തിലുള്ള കവിന്‍ സെല്‍വ ഗണേഷ് (27) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സഹോദരനാണ് കവിനെ വെട്ടിക്കൊന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈ ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസിൽ ജീവനക്കാരാനായ കവിനും സ്‌കൂള്‍കാലം മുതല്‍ ഒന്നിച്ചുപഠിച്ച സുഭാഷിണിയും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. തിരുനെല്‍വേലിയില്‍ സ്വകാര്യ സിദ്ധ ക്ലിനിക്കിലെ ഡോക്ടറാണ് സുഭാഷിണി. പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസ് ഉദ്യോഗസ്ഥരാണ്.

കവിന്റെ അമ്മ നല്‍കിയ പരാതിയിലാണ് സുഭാഷിണിയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദളിത് വിഭാഗത്തില്‍പെട്ട കവിനുമായുള്ള അടുപ്പം സുഭാഷിണിയുടെ കുടുംബം എതിര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ വഴക്കും പതിവായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സുഭാഷിണിയുടെ ക്ലിനിക്കിൽ കവിൻ എത്തിയിരുന്നു. മുത്തശ്ശൻ്റെ ആരോഗ്യത്തെ കുറിച്ചായിരുന്നു എത്തിയത്.

ഇവിടെയെത്തിയ സുർജിത്ത് കവിനെ കണ്ടതോടെ, മാതാപിതാക്കൾക്ക് സംസാരിക്കണമെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടുപോയി. എന്നാല്‍, പോകുന്ന വഴിയില്‍ ഇതര ജാതിയില്‍ പെട്ട തന്റെ സഹോദരിയുമായി എന്തിന് അടുത്തുവെന്ന് ചോദിച്ച് സുര്‍ജിത്ത് കവിനെ ആക്രമിച്ചു. ഒളിപ്പിച്ചുവെച്ചിരുന്ന വാളെടുത്ത് കവിനെ പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. കവിന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു.

സുര്‍ജിത്തിനൊപ്പം മാതാപിതാക്കളേയും അറസ്റ്റ് ചെയ്യണമെന്ന് കവിന്റെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. മാതാപിതാക്കളുടെ നിര്‍ദേശപ്രകാരമാണ് സുര്‍ജിത്ത് തന്റെ മകനെ ആക്രമിച്ചതെന്നാണ് മാതാവ് തമിഴ്‌സെല്‍വി ആരോപിക്കുന്നത്.

SCROLL FOR NEXT