രോഹിത് ആര്യ  screengrab
CRIME

'എന്നെ പ്രകോപിപ്പിച്ചാല്‍ എല്ലാം കത്തിച്ചു കളയും'; ആരാണ് മുംബൈയെ വിറപ്പിച്ച രോഹിത് ആര്യ?

കുട്ടികളെ ബന്ദിയാക്കിയതിനു പിന്നാലെ ഒരു വീഡിയോ ഇയാള്‍ പുറത്തുവിട്ടിരുന്നു

Author : ന്യൂസ് ഡെസ്ക്

മുംബൈ: സിനിമാ ഒഡിഷന്റെ പേരില്‍ 17 കുട്ടികള്‍ ഉള്‍പ്പെടെ ഇരുപത് പേരെ എത്തിച്ച് ബന്ദിയാക്കി മുംബൈ നഗരത്തെ രണ്ട് മണിക്കൂറുകളോളം വിറപ്പിച്ച രോഹിത് ആര്യ. പൊവായ് ഏരിയയിലെ സ്റ്റുഡിയോയിലാണ് രോഹിത് കുട്ടികളെ ബന്ദികളാക്കിയത്.

മുംബൈ പൊലീസും അഗ്നിശമന സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് രോഹിത് ആര്യയെ കീഴടക്കിയത്. വെടിവെപ്പില്‍ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നു. ആരാണ് ഇയാള്‍?

ഇയാള്‍ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. കുട്ടികളെ മുഴുവന്‍ രക്ഷപ്പെടുത്തിയ ശേഷം ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ സോനാവാന പറഞ്ഞു. കുട്ടികളെല്ലാം സുരക്ഷിതരാണെന്നും രക്ഷിതാക്കളെ ഏല്‍പ്പിച്ചതായും അദ്ദേഹം അറിയിച്ചു.

കുട്ടികളെ ബന്ദിയാക്കിയതിലൂടെ രോഹിത് ആര്യ എന്താണ് ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ല. കുട്ടികളെ ബന്ദിയാക്കിയതിനു പിന്നാലെ ഒരു വീഡിയോ ഇയാള്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ തനിക്ക് ചിലരോട് സംസാരിക്കണമെന്നും അതിന് അനുവദിച്ചില്ലെങ്കിലോ പ്രകോപിപ്പിച്ചാലോ എല്ലാം കത്തിച്ചു കളയുമെന്നുമായിരുന്നു വീഡിയോയിലൂടെയുള്ള ഭീഷണി.

എന്നാല്‍ ഇയാള്‍ക്ക് ആരോടാണ് സംസാരിക്കേണ്ടിയിരുന്നത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. എന്നാല്‍, മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക് കേസര്‍ക്കറുമായി സംസാരിക്കണമെന്ന് രോഹിത് ആര്യന്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് തനിക്ക് ചില പരാതികള്‍ ഉണ്ടെന്ന് ഇയാള്‍ പറഞ്ഞതായാണ് സൂചന.

രോഹിത് ആര്യന്റെ പശ്ചാത്തലവും മറ്റ് കാര്യങ്ങളും ലക്ഷ്യവും എന്തായിരുന്നുവെന്ന് കൂടുതല്‍ അന്വേഷണത്തിനു ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂവെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ആരാണ് രോഹിത് ആര്യ?

ആര്‍ എ സ്റ്റുഡിയോയിലെ ജീവനക്കാരനായിരുന്ന രോഹിത് ആര്യ ഒരു യൂട്യൂബ് ചാനലും നടത്തിയിരുന്നു. ഏതാനും ദിവസങ്ങളായി ഇയാള്‍ കുടുംബങ്ങളെ ആകര്‍ഷിക്കുന്നതിനായി ഓഡിഷനുകള്‍ നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ഒരു സ്‌കൂള്‍ പ്രോജക്ടിനായി അദ്ദേഹം ടെന്‍ഡര്‍ നേടിയിരുന്നു.

എന്നാല്‍, തന്റെ പ്രൊജക്ടിന് പണം ലഭിച്ചില്ലെന്ന് ഇയാള്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് കേസാര്‍ക്കറുടെ ഓഫീസിനും വീടിനും ഓഫീസിനും മുന്നില്‍ ഇയാള്‍ പലതവണ പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍, കുട്ടികളെ ബന്ദികളാക്കിയത് പണത്തിനു വേണ്ടിയല്ലെന്നും ധാര്‍മികമായ കാരണത്താലാണെന്നുമാണ് ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നത്.

SCROLL FOR NEXT