ഛത്തർപൂർ: മധ്യപ്രദേശിലെ ഛത്തർപൂരിൽ ഭാര്യയുടെ വീട്ടിൽ മദ്യപിച്ചെത്തി ബഹളം വെച്ചതിനെ തുടർന്ന് ഭർത്താവിനെ അടിച്ചു കൊലപ്പെടുത്തി ഭാര്യ. നീലം കുശ്വാഹ എന്ന സ്ത്രീയാണ് ഭർത്താവിനെ വടികൊണ്ട് അടിച്ചുകൊന്ന ശേഷം പൊലീസിൽ കീഴടങ്ങിയത്. എട്ട് മണിക്കൂറോളം മൃതദേഹത്തോടൊപ്പം ഇരുന്ന ശേഷമാണ് നീലം കീഴടങ്ങിയത്.
കഴിഞ്ഞ നാല് വർഷമായി നീലം ഭർത്താവ് ദീൻദയാൽ കുശ്വാഹയിൽ നിന്ന് അകന്ന് സ്വന്തം വീട്ടിൽ താമസിക്കുകയാണ്. കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന നീലത്തിനടുത്ത് മദ്യപിച്ചെത്തിയ ദീൻദയാൽ ബലം പ്രയോഗിച്ച് വാതിൽ തുറന്ന് അകത്തെത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു. മകനെ തല കീഴായി കെട്ടിത്തൂക്കിയതിന് പിന്നാലെ കുട്ടിയെ ഉപദ്രവിക്കുമെന്ന് ഭയന്ന് കിട്ടിയ ഒരു വടി എടുത്ത് ദീൻദയാലിനെ അടിക്കുകയായിരുന്നുവെന്നാണ് നീലത്തിൻ്റെ മൊഴി. അടിയേറ്റ് ദീൻദയാൽ കട്ടിലിൽ വീണതിന് പിന്നാലെ ഇയാളെ തുടരെ അടിക്കുകയും തുടർന്നുണ്ടായ പരിക്കിൽ മരിക്കുകയായിരുന്നുവെന്നും മൊഴിയിൽ പറയുന്നു.
സംഭവ ശേഷം ദീൻദയാലിൻ്റെ മൃതദേഹത്തിന് സമീപം എട്ട് മണിക്കൂറോളം ഇരുന്ന നീലം തുടർന്ന് അടുത്തുള്ള ക്ഷേത്രത്തിൽ പോയി, ഏകദേശം 10 മിനിറ്റോളം ദൈവത്തിന് മുന്നിൽ ക്ഷമ ചോദിക്കുകയും അവിടെ നിന്ന് നേരെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ പോയി സംഭവം റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
രാത്രി ഏകദേശം 8 മണിയോടെ പൊലീസ് സ്റ്റേഷനിൽ എത്തിയ അവർ സ്റ്റേഷൻ ഹൗസ് ഓഫീസറോട് താൻ ഭർത്താവിനെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തി. മൃതദേഹം കസ്റ്റഡിയിലെടുത്ത പൊലീസ് പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.