പ്രതീകാത്മക ചിത്രം  Source: pexels
CRIME

ഭർത്താവിന് തന്നേക്കാൾ സ്നേഹം കുഞ്ഞിനോട്, ഭർതൃമാതാവിൻ്റെ കുറ്റപ്പെടുത്തൽ സഹിക്കാൻ വയ്യ; പിഞ്ചുകുഞ്ഞിൻ്റെ വായിൽ ടിഷ്യൂപേപ്പർ തിരുകി കൊലപ്പെടുത്തി യുവതി

സംഭവത്തിൽ കാട്ടുവിള സ്വദേശി ബെനിറ്റ ജയ അന്നാളിനെ പൊലീസ് അറസ്റ്റ് ചെയ്തു

Author : ന്യൂസ് ഡെസ്ക്

കന്യാകുമാരി: 41 ദിവസം പ്രായമുള്ള നവജാതശിശുവിന്റെ വായില്‍ ടിഷ്യുപേപ്പര്‍ തിരുകി കൊലപ്പെടുത്തി അമ്മ. ഭർതൃമാതാവിൻ്റെ കുറ്റപ്പെടുത്തൽ സഹിക്കാനാവാതെയായിരുന്നു കൊലപാതകം. സംഭവത്തിൽ കാട്ടുവിള സ്വദേശി ബെനിറ്റ ജയ അന്നാളിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കന്യാകുമാരിയിലെ കരുങ്ങലിനടുത്തായിരുന്നു സംഭവം. ഇന്നലെ രാവിലെ മുലയൂട്ടുന്നതിനിടെയാണ് പെൺകുഞ്ഞ് മരിക്കുന്നത്. മുലപ്പാൽ കുരുങ്ങിയാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ മരണത്തിൽ ദുരൂഹത ഉണ്ടെന്നും കുഞ്ഞിനെ ഭാര്യ ഉപദ്രവിച്ചെന്ന് സംശയിക്കുന്നുണ്ടെന്നും യുവതിയുടെ ഭർത്താവ് പൊലീസിൽ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിൻ്റെ നെറ്റിയിൽ രക്തം കണ്ടെത്തിയിരുന്നു. തൊണ്ടയിൽ നിന്ന് ടിഷ്യു പേപ്പറിൻ്റെ കഷ്ണവും ലഭിച്ചു. ഇതോടെയാണ് വായിൽ ടിഷ്യു പേപ്പർ തിരുകയതിനെ തുടർന്ന് ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.

ബെനിറ്റയുടെയും കാർത്തിക്കിൻ്റെയും പ്രണയവിവാഹമായിരുന്നു. രണ്ടുമതങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ഇരുവരുടെയും കുടുംബത്തില്‍നിന്ന് വിവാഹത്തിന് എതിര്‍പ്പ് ഉണ്ടായിരുന്നു. പെണ്‍കുഞ്ഞുജനിച്ചതോടെ ബെനിറ്റയും അമ്മായിയമ്മയും തമ്മില്‍ വഴക്ക് പതിവായി. അമ്മായിയമ്മയുടെ കുറ്റപ്പെടുത്തല്‍ അസഹനീയമായതോടെ ബെനിറ്റ സ്വന്തം വീട്ടിലേക്ക് മടങ്ങി. പക്ഷെ ഫോണിലൂടെ ഇരുവരും തമ്മിലുള്ള കലഹം തുടര്‍ന്നു.

ഭർതൃമാതാവിൻ്റെ കുറ്റപ്പെടുത്തൽ സഹിക്കാനാവുന്നില്ലെന്ന് ബെനിറ്റ പറയുന്നു. ഭർത്താവ് തന്നേക്കാൾ സ്നേഹം കുട്ടിയോട് പ്രകടിപ്പിച്ചതിലെ പകയാണ് കൊലയ്ക്കു കാരണമെന്നും യുവതി പൊലീസിന് മൊഴി നൽകി. അറസ്റ്റിലായ ബെനിറ്റ നിലവില്‍ തക്കല ജയിലിലാണ്.

SCROLL FOR NEXT