കൊല്ലപ്പെട്ട സെന്തിൽ, പ്രതി മുത്തുകുമാർ Source: News Malayalam 24x7
CRIME

നിസാര തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ; തമിഴ്നാട്ടിൽ 27കാരന് ദാരുണാന്ത്യം

പ്രതി മുത്തുകുമാറിനെ പൊലീസ് പിടികൂടി

Author : ന്യൂസ് ഡെസ്ക്

ദിണ്ടിഗൽ: തമിഴ്നാട്ടിൽ രണ്ട് യുവാക്കൾ തമ്മിലുള്ള നിസ്സാര പ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ. കോയമ്പത്തൂരിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന 27 കാരനായ സെന്തിലാണ് കൊല്ലപ്പെട്ടത്. കൊലപാതകി മുത്തുകുമാറിനെ വേദസന്ദൂർ പൊലീസ് പിടികൂടി.

തമിഴ്നാട് ദിണ്ടിഗല്ലിലെ വേദസന്ദൂറിലാണ് യുവാവ് കുത്തേറ്റ് മരിച്ചത്. 27കാരനായ സെന്തിൽ വർഷങ്ങളായി കോയമ്പത്തൂരിൽ വണ്ടിയോടിച്ച് വരുമാനം കണ്ടെത്തിയിരുന്ന യുവാവാണ്. രണ്ടുമാസം മുമ്പ് വേദസന്ദൂറിലെ കുങ്കുമ കാളിയമ്മൻ കോവിൽ സ്ട്രീറ്റിലെ ഒരു മീൻ കടയിലെത്തി സെന്തിൽ മീൻ വാങ്ങിയിരുന്നു. അവിടെനിന്ന് മസാലക്കൂട്ടും വാങ്ങി.

പക്ഷേ അതിന്റെ വില 100 രൂപ കടം പറഞ്ഞു. കുറച്ചുനാളുകൾക്ക് ശേഷം മീൻ കട നടത്തിയിരുന്ന മുത്തുകുമാർ, സെന്തിലിനെ കണ്ടപ്പോൾ പൈസ ആവശ്യപ്പെട്ടു. ഇരുവരും തമ്മിൽ വലിയ തർക്കമുണ്ടായി. അവസാനിക്കുകയും ചെയ്തു.

അച്ഛൻ രോഗബാധിതനായി ആശുപത്രിയിൽ അഡ്മിറ്റായതറിഞ്ഞ സെന്തിൽ കോയമ്പത്തൂരിൽ നിന്ന് രണ്ട് ദിവസം മുമ്പാണ് വേദസന്ദൂരിലെത്തിയത്. നാട്ടിലെത്തിയ സെന്തിൽ രാത്രി സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചു. മദ്യം അകത്തുചെന്നതോടെ സെന്തിലിന് മുത്തുകുമാറുമായുള്ള പഴയ വഴക്ക് ഓർമ വന്നു.

തുടർന്ന് മുത്തുകുമാറിന്റെ കടയിലെത്തി ഒന്നും രണ്ടും പറഞ്ഞ് തട്ടിക്കയറി. ഇതിനുശേഷം സുഹൃത്തിന്റെ ബൈക്കിൽ തിരികെ പോയ സെന്തിലിനെ മുത്തുകുമാർ പിന്തുടർന്ന് തടഞ്ഞുനിർത്തിയ ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നു.

വേദസന്ദൂരിലെ സർക്കാർ ആശുപത്രിയിലെത്തിക്കുംമുമ്പ് സെന്തിലിന് ജീവൻ നഷ്ടമായിരുന്നു. ആക്രമണത്തിന് പിന്നാലെ ഒളിവിൽ പോയ മുത്തുകുമാറിനെ വ്യാഴാഴ്ച പുലർച്ചെ വേദസന്ദൂർ പൊലീസ് പിടികൂടി. മുത്തുകുമാറിനെ കൊലക്കുറ്റം ചുമത്തി റിമാൻഡ് ചെയ്തു.

SCROLL FOR NEXT