വിവാഹത്തട്ടിപ്പിന് തിരുവനന്തപുരത്ത് അറസ്റ്റിലായ യുവതിയെ പൊലീസ് പിടികൂടിയത് എട്ടാമത്തെ വിവാഹം നടത്താൻ നിശ്ചയിച്ച ദിവസം. പഞ്ചായത്തംഗം കൂടിയായ പ്രതിശ്രുത വരന്‍റെ സഹായത്തോടെയായിരുന്നു കോട്ടയം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയുടെ അറസ്റ്റ്. ഇനിയൊരു വിവാഹം കൂടി നടത്താൻ രേഷ്‍മ പദ്ധിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.
വിവാഹത്തിനായി അണിഞ്ഞൊരുങ്ങി ഓഡിറ്റോറിയത്തിലേക്കിറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു പൊലീസിന്‍റെ വരവ്. പഞ്ചായത്തംഗം കൂടിയായ പ്രതിശ്രുത വരൻ്റെ പരാതിയിലായിരുന്നു നടപടി. ചോദ്യം ചെയ്യലിൽ തട്ടിപ്പ് കഥകളുടെ പരമ്പരയാണ് പൊലീസ് കേട്ടത്. പല ജില്ലകളിലായി രേഷ്‍മ ഇതുവരെ ഏഴ് വിവാഹങ്ങൾ കഴിച്ചു. വരന്‍ അണിയിച്ച ആഭരണങ്ങളും കിട്ടിയ പണവുമായി അവിടെ നിന്നൊക്കെ വൈകാതെ മുങ്ങി. ഓരോ ഇടത്തും പല കഥകളും മേൽവിലാസവുമായാണ് തട്ടിപ്പ് നടത്തിയത്. ഏറ്റവുമൊടുവിലാണ് തിരുവനന്തപുരത്തെത്തിയത്.
മാട്രിമോണി ഗ്രൂപ്പിലൂടെയാണ് പഞ്ചായത്തംഗവുമായി പരിചയപ്പെടുന്നതും എട്ടാമത്തെ വിവാഹം ഉറപ്പിക്കുന്നതും. തന്നെ ദത്തെടുത്തതാണെന്നും വിവാഹത്തിന് വളർത്തമ്മയ്ക്ക് സമ്മതമല്ലെന്നുമുള്ള കഥയാണ് രേഷ്‍മ ഇവിടെ പറഞ്ഞത്. ഇത് വിശ്വസിച്ച പ്രതിശ്രുത വരൻ രേഷ്‍മയ്ക്ക് മറ്റൊരു പഞ്ചായത്തംഗത്തിന്‍റെ വീട്ടിൽ അഭയം നൽകി. ഈ പഞ്ചായത്ത് മെമ്പറുടെ ഭാര്യക്ക് തോന്നിയ സംശയങ്ങളാണ് വലിയ തട്ടിപ്പിന്‍റെ ചുരുളഴിച്ചത്.
അവർ നടത്തിയ പരിശോധനയിൽ രേഷ്‍മയുടെ ബാഗിൽ നിന്ന് മുമ്പ് വിവാഹം കഴിച്ചതിന്‍റെ രേഖകൾ കിട്ടി. തുടർന്നാണ് പൊലീസിൽ വിവരം അറിയിച്ചത്. ഇതോടെ ആര്യനാട് പൊലീസെത്തി വിവാഹത്തിന് തൊട്ടുമുമ്പ് രേഷ്‍മയെ കസ്റ്റഡിയിലെടുത്തു. പഞ്ചായത്തംഗത്തെ വിവാഹം കഴിച്ച ശേഷം മറ്റൊരു വിവാഹത്തിന് കൂടി രേഷ്‍മയ്ക്ക് പദ്ധതി ഉണ്ടായിരുന്നു. അതിനിടെയാണ് പൊലീസിന്‍റെ അറസ്റ്റും റിമാൻഡും.