തട്ടികൊണ്ടുപോകലിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാർ. കേസ് കെട്ടിച്ചമച്ചതാണെന്ന് കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ തെളിവുകൾ സഹിതം മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിട്ടുണ്ട്. ഉചിതമായ നടപടിയെടുക്കുമെന്നാണ് വിശ്വാസമെന്നും കൃഷ്ണകുമാർ പറഞ്ഞു.
സാമ്പത്തിക ക്രമക്കേട് കണ്ടുപിടിച്ചതിൻ്റെ പ്രതികാരമാണ് കേസിന് പിന്നിലെന്നാണ് കൃഷ്ണകുമാറിൻ്റെ അവകാശവാദം. ദിയയുടെ സ്ഥാപനത്തിൽ വനിതാ ജീവനക്കാർ പണം തട്ടിയെടുത്തതിൻ്റെ വീഡിയോ സഹിതം തെളിവുകളുണ്ട്. 69 ലക്ഷം നഷ്ടപ്പെട്ടെങ്കിലും, 8 ലക്ഷം രൂപ നൽകി ഒത്തുതീർപ്പാക്കാൻ അവർ ശ്രമിച്ചിരുന്നു.
തട്ടിപ്പ് പരാതിക്ക് പിന്നാലെ വന്ന കൗണ്ടർ കേസ് മാത്രമാണിതെന്നും നടൻ ആരോപിച്ചു. തട്ടിപ്പിൻ്റെ പേരിൽ പരാതി കൊടുത്തതിന്റെ പിറ്റേദിവസമാണ് മൂവരും ചേർന്ന് തട്ടിക്കൊണ്ടുപോകലിന് പരാതി നൽകിയത്. എല്ലാത്തിൻ്റെയും ഡിജിറ്റൽ തെളിവുകൾ അടക്കം കൈവശമുണ്ട്. കുറ്റം സമ്മതിക്കുന്നതും പണം തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ തെളിവും കയ്യിൽ ഉണ്ട്. ന്യായം ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസം.
മ്യൂസിയം സിഐ വൈരാഗ്യ ബുദ്ധിയോടെ പെരുമാറിയെന്നും കൃഷ്ണകുമാർ ആരോപിച്ചു. കേസെടുത്തതിന് കുറിച്ച് പത്രമാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. ജീവിതത്തിൽ ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇത്തരത്തിൽ പെരുമാറുന്നത്. രാഷ്ട്രീയപരമായുള്ള വൈരാഗ്യമാണോ എന്നത് അറിയില്ലെന്നും കൃഷ്ണകുമാർ പറയുന്നു. അതേസമയം പണം പോയതിനേക്കാൾ വിശ്വാസ വഞ്ചനയാണ് സഹിക്കാൻ പറ്റാതായതെന്ന് ദിയ കൃഷ്ണയും പ്രതികരിച്ചു.
കടയിലെ ക്യൂആർ കോഡ് മാറ്റി 2024 ജൂലൈ മുതൽ തട്ടിപ്പ് നടത്തിയെന്നാണ് കൃഷ്ണകുമാർ പൊലീസിൽ നൽകിയ പരാതി. വിഷയം പറഞ്ഞുതീർക്കാമെന്ന് പറഞ്ഞ് വനിതാ ജീവനക്കാരെ കൃഷ്ണകുമാർ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പിന്നാലെ മറ്റൊരു സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന് ജീവനക്കാർ നൽകിയ പരാതിയിൽ പറയുന്നു.
വീട്ടുകാരെയും വിളിച്ച് ഭീഷണിപ്പെടുത്തിയതോടെ ഇവർ സ്വർണാഭരണങ്ങൾ ഉൾപ്പെടെ വിറ്റ് കൃഷ്ണകുമാറിന് പണം നൽകി. വനിതാ ജീവനക്കാരുടെ പരാതിയിൽ കൃഷ്ണകുമാർ, സുഹൃത്ത് സന്തോഷ് എന്നിവർക്കെതിരെയാണ് പരാതി.
വിഷയത്തിൽ നിലവിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പണം തട്ടിയെന്ന കൃഷ്ണകുമാറിൻ്റെ പരാതിയിൽ വനിതാ ജീവനക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൃഷ്ണകുമാർ മ്യൂസിയം പൊലീസിൽ നൽകിയ പരാതിയിൽ ജീവനക്കാരികളായ വിനീത, ദിവ്യ, രാധാകുമാരി എന്നിവർക്കെതിരെയാണ് കേസ്. ജീവനക്കാരിലൊരാളുടെ ഭർത്താവ് ദിയ കൃഷ്ണയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ നാല് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.