മാർത്തോമ സഭയിലെ പള്ളി തർക്കത്തിന്‍റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയാക്കുന്നുവെന്ന അധ്യാപികയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്. പത്തനംതിട്ട അടൂർ സ്വദേശിയായ കോളേജ് അധ്യാപികയാണ് പരാതിക്കാരി.
മാധ്യമങ്ങളിലെ വാർത്തയ്ക്ക് പിന്നാലെ പരാതിക്കാരി ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് എത്തി പരാതി നൽകുകയായിരുന്നു. തുടർന്ന്, ആഴ്ചകളായി നടപടി എടുക്കാതിരുന്ന പൊലീസ് രാത്രി അധ്യാപികയുടെ മൊഴിയെടുത്ത് പുലർച്ചെ എഫ്ഐആർ ഇട്ടു. കേസിൽ ഏഴ് പേർക്കെതിരെയാണ് പരാതി നല്‍കിയത്. മാർത്തോമാ സഭക്കാരിയായ ഒരു വനിത ഉൾപ്പെടെ ആറു പേർക്കെതിരെയും ഒരു യൂട്യൂബ് ചാനൽ നടത്തിപ്പുകാരനെയും പ്രതിചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്.
കുടുംബ സുഹൃത്തായ വൈദികനുമൊത്ത് പൊതുസ്ഥലത്ത് നിൽക്കുന്ന ചിത്രമാണ് മോശം പരാമർശങ്ങളോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. പ്രതികള്‍ക്ക് ഉന്നത ബന്ധങ്ങളുള്ളതിനാല്‍ ഡിജിപി ഉള്‍പ്പെടെയുള്ളവർക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലായെന്ന് അധ്യാപിക ആരോപിച്ചിരുന്നു. അധ്യാപികയുടെ സുഹൃത്തായ വൈദികന്‍റെ സഭയിലുള്ള പള്ളി തർക്കമാണ് സൈബർ ആക്രമണത്തില്‍ കലാശിച്ചതെന്ന് പരാതിക്കാരി പറയുന്നു.