വയനാട് ചൂരൽമല ദുരന്തത്തിൻ്റെ മൂന്നാം ദിനത്തിൽ, ദുരന്തബാധിത പ്രദേശങ്ങളെ കൃത്യമായി സെക്ടറുകളായി തിരിച്ചുള്ള രക്ഷാദൗത്യമെന്ന് റവന്യൂമന്ത്രി കെ. രാജൻ. ഇന്ന് കൂടുതൽ യന്ത്രങ്ങളും, ആംബുലൻസുകളും സ്ഥലത്ത് എത്തിക്കും. കേരള പൊലീസ്, സൈന്യം, കര, നാവിക, ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, സന്നദ്ധപ്രവര്‍ത്തകർ തുടങ്ങിയവരെയെല്ലാം ഏകോപിപ്പിച്ച് കൊണ്ടായിരിക്കും ഇന്നത്തെ രക്ഷാദൗത്യം. ഡോഗ് സ്ക്വാഡ് ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്ന് കൂടുതൽ ഊർജിതമാക്കും. വേണ്ടിവന്നാൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കുമെന്നും മന്ത്രി കെ. രാജൻ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
രക്ഷാ പ്രവർത്തനം സെക്റ്ററുകൾ തിരിച്ചാണെന്നും, അതീവ ദുഷ്കരമായ രക്ഷാപ്രവർത്തനമാണ് നടക്കുന്നതെന്നും ബ്രിഗേഡിയർ അർജുൻ സെയിഗാൻ പറഞ്ഞു. സൈന്യത്തിൻ്റെ എല്ലാ വിഭാഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്. ബെയ്‌ലി പാലം ഉടൻ യാത്രാ യോഗ്യമാകുമെന്നും ബ്രിഗേഡിയർ അർജുൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
സൈന്യത്തിൻ്റെയും കേരളത്തിൻ്റെയും ചേർന്ന് അഞ്ച് സ്നിഫർ ഡോഗുകൾ ഇന്ന് ചൂരൽമലയിൽ രക്ഷാപ്രവർത്തകർക്കൊപ്പം ദൗത്യത്തിനുണ്ട്. സൈന്യം നിര്‍മിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിർമാണം പൂര്‍ത്തിയാകുന്നതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ ഇതുവരെ 1,592 പേരെയാണ് ദുരന്തഭൂമിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. 240 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തില്‍ 284 പേര്‍ മരിച്ചുവെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന ആശങ്കയുണ്ട്.