
ചൂരല്‍മല ദുരന്തത്തില്‍ രക്ഷാദൗത്യം മൂന്നാം ദിനവും തുടരുകയാണ്. മുണ്ടക്കൈ, ചൂരല്‍മല, എന്നിവിടങ്ങള്‍ക്കു പുറമേ സമീപ പ്രദേശങ്ങളിലേക്കും ഇന്ന് തെരച്ചില്‍ വ്യാപിപ്പിക്കും. യന്ത്രസഹായത്തോടെ മണ്ണ് മാറ്റിയാണ് ഇന്നത്തെ തെരച്ചില്‍. കൂടാതെ, സൈന്യത്തിന്റെ ബെയ്‌ലി പാല നിര്‍മാണവും സമാന്തരമായി പുരോഗമിക്കുന്നുണ്ട്. ഇതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാകും.
നിലവില്‍ 15 മണ്ണുമാന്തി യന്ത്രമാണ് സ്ഥലത്തുള്ളത്. കൂടാതെ, പ്രത്യേക പരിശീലനം ലഭിച്ച അഞ്ച് സ്‌നിഫര്‍ ഡോഗുകളേയും ഇന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും. തകര്‍ന്ന കെട്ടിടങ്ങങ്ങള്‍ക്കും മരങ്ങള്‍ക്കുമുള്ളില്‍ നിന്ന് ജീവനോടെ ഇനി ആരെയെങ്കിലും രക്ഷിക്കാനാകുമോ എന്ന ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
ചാലിയാര്‍ തീരങ്ങളില്‍ ഇന്നും തെരച്ചില്‍ തുടരും. കുമ്പളപ്പാറ കോളനി കേന്ദ്രീകരിച്ചാണ് ഇന്നത്തെ തെരച്ചില്‍. എന്‍ഡിആര്‍എഫ് സംഘത്തോടൊപ്പം ആദിവാസികളും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ചൂരല്‍മലയ്ക്ക് സമീപമുള്ള മുണ്ടേരിയുടെ മുകള്‍ഭാഗത്താണ് കുമ്പളപ്പാറ. ഉരുള്‍പ്പൊട്ടലില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ അകലെ നിലമ്പൂരടക്കം ചാലിയാര്‍ പുഴയുടെ ഭാഗങ്ങളില്‍ വരെ ഒഴുകിയെത്തിയിരുന്നു.
ദുരന്തത്തില്‍ 264 പേര്‍ മരിച്ചതായാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍. എന്നാല്‍, മരണ സംഖ്യ 284 കടന്നുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. ഇന്നലെ പൊലീസ് നായ്ക്കളായ മായയും മര്‍ഫിയും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇന്നും ഇവരെ ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരും. ഐബോഡ് ഉപയോഗിച്ച് മണ്ണിനടിയിലും തെരച്ചില്‍ നടത്തും. രക്ഷാ പ്രവര്‍ത്തനത്തിനായി റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലനും വയനാട്ടില്‍ എത്തും.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും ഇന്ന് വയനാട്ടിലുണ്ടാകും. രാവിലെ 11.30ഓടെ സർവക്ഷി യോഗം ചേരുമെന്നാണ് വിവരം.