ഡൽഹി രജീന്ദർ നഗർ ബേസ്‌മെൻ്റ് ദുരന്തത്തിൽ കോച്ചിങ്ങ് സെൻ്ററിനെയും ആം ആദ്മി പാർട്ടി സർക്കാരിനെയും കുറ്റപ്പെടുത്തി ഡൽഹി സർക്കാരിൻ്റെ ചീഫ് സെക്രട്ടറി നരേഷ് കുമാർ. ഡ്രെയിനേജ് തടഞ്ഞുകൊണ്ടുള്ള കോച്ചിങ്ങ് സെൻ്ററിൻ്റെ കൈയ്യേറ്റത്തെയും നടപടിയെടുക്കാൻ വൈകിയ സർക്കാരിനെയും നരേഷ് കുമാർ വിമർശിച്ചു. വെള്ളപ്പൊക്ക നിയന്ത്രണമുൾപ്പെടെയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കേന്ദ്ര നഗര വികസനമന്ത്രി സൗരഭ് ഭരദ്വാജ് വിഷയത്തിൽ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ പ്രതികരണം.
രജീന്ദർ നഗർ സംഭവത്തിൽ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളാണ് ചീഫ് സെക്രട്ടറി പുറത്തുവിട്ടിരിക്കുന്നത്. ശനിയാഴ്ചത്തെ ദുരന്തം നടന്ന റാവു ഐഎഎസ് സ്റ്റഡി സർക്കിളിൽ ഡ്രെയിനേജ് സംവിധാനം പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണെന്നും ഒരപകടം നേരിടാനുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും സ്ഥലത്തില്ലെന്നും ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കോച്ചിങ്ങ് സെൻ്റർ മാനദണ്ഡങ്ങൾ ലംഘിച്ച് റാമ്പുകൾ നിർമ്മിച്ചതോടെ മഴവെള്ളം പുറത്തേക്ക് ഒഴുകാൻ സജ്ജീകരിച്ച അഴുക്കുചാലുകളിൽ തടസ്സമുണ്ടായി. പ്രദേശത്തെ മാൻഹോളുകളും ഡ്രെയിനേജുകളും ഗ്രാനൈറ്റ് അല്ലെങ്കിൽ മാർബിൾ ഉപയോഗിച്ച് മൂടിയിരിന്നു. ഇത് ഡ്രെയ്നേജ് വൃത്തിയാക്കാനുള്ള ദൗത്യം ദുസഹമാക്കിയെന്നും ചീഫ് സെക്രട്ടറി ചൂണ്ടികാട്ടി. ഡ്രെയ്നേജ് സംവിധാനത്തിലെ അപാകത മൂലം ഓരോ തവണയും കനത്ത മഴ പെയ്താൽ കോച്ചിംഗ് സെൻ്ററുകൾ സ്ഥിതി ചെയ്യുന്ന റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നു. ഓടകളിലൂടെ ഒഴുക്കിവിടേണ്ടിയിരുന്ന ഈ വെള്ളം പിന്നാലെ പാർക്കിംഗ് ഏരിയയിലേക്കും ബേസ്‌മെൻ്റുകളിലേക്കും നീങ്ങുകയായിരുന്നു.
അതേസമയം കനത്ത മഴയിൽ നഗരത്തിൽ വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് വെള്ളപ്പൊക്കം തടയാനുള്ള മാർഗങ്ങൾ രൂപീകരിക്കാൻ കഴിഞ്ഞ വർഷം തന്നെ യോഗം വിളിച്ചിരുന്നതായി ചീഫ് സെക്രട്ടറി അറിയിച്ചു. 18 വർഷമായി ഡൽഹിയിൽ തുടരുന്ന ഡ്രെയ്നേജ് പ്രശ്നത്തിന് പരിഹാരം കാണാനായി ഡ്രെയ്നേജ് മാനേജ്‌മെൻ്റ് ഏകീകരിക്കണമെന്നായിരുന്നു യോഗത്തിലെ പ്രധാന തീരുമാനം. അഴുക്കുചാലുകളിൽ മാലിന്യം തള്ളുന്നതിനെതിരെയുള്ള ശിക്ഷാനടപടികൾ രൂപീകരിക്കാനായി 'സ്റ്റോം വാട്ടർ ആൻഡ് ഡ്രെയ്നേജ്' നിയമം, മാസ്റ്റർ ഡ്രെയ്നേജ് പ്ലാൻ എന്നിവ ആവശ്യമാണെന്നും യോഗം അന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് ആംആദ്മി പാർട്ടി മന്ത്രിക്ക് സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.
സ്റ്റോം വാട്ടർ ആൻഡ് ഡ്രെയ്നേജ് നിയമം കൊണ്ടുവരുന്നത് സംബന്ധിച്ച് ജലസേചന, വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മാസ്റ്റർ ഡ്രെയ്നേജ് പ്ലാൻ സംബന്ധിച്ച ഐഐടി ഡൽഹി റിപ്പോർട്ട് ആം ആദ്മി പാർട്ടി സർക്കാർ അംഗീകരിച്ചില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. തുടർന്ന് മൂന്ന് പ്രത്യേക ഡ്രെയ്നേജ് പ്ലാൻ തയ്യാറാക്കാൻ തീരുമാനിച്ചെങ്കിലും കാര്യമായ പണികളൊന്നും ഇതുവരെ നടന്നിട്ടില്ല. കൃത്യമായ നിയമനിർമ്മാണ ചട്ടക്കൂടില്ലാതെ ഡൽഹിയിലെ മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം നിയന്ത്രിക്കാനാകില്ലെന്നും കനത്ത മഴ പെയ്യുമ്പോഴെല്ലാം പലയിടത്തും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
കഴിഞ്ഞദിവസം കനത്ത മഴയെത്തുടയിൽ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയതിനെ തുടർന്ന് മലയാളിയുൾപ്പെടെ മൂന്ന് വിദ്യാർഥികൾ മരണപ്പെട്ടിരുന്നു. റോഡിൽ നിന്നും മതിൽ തകർന്നാണ് കെട്ടിടത്തിൻ്റെ ബേസ്മെൻ്റിൽ പ്രവർത്തിച്ചിരുന്ന റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിളിൽ വെള്ളം കയറിയത്. സെന്ററിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് സ്ഥിരം സംഭവം ആണെന്നും, ചെറിയ മഴയിൽ പോലും സെന്റർ വെള്ളത്തിലാകുമെന്നും ആരോപിച്ച് വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു.