രൺവീർ സിംഗ് ചിത്രം 'ധുരന്ധർ'  Source: X
NEWSROOM

പാക് വിരുദ്ധ പരാമർശങ്ങൾ; 'ധുരന്ധറി'ന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്

ആറ് ഗൾഫ് രാജ്യങ്ങളിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ന്യൂ ഡൽഹി: ബോളിവുഡ് താരം രൺവീർ സിംഗ് നായകനായ 'ധുരന്ധർ' എന്ന ചിത്രത്തിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. മികച്ച കളക്ഷൻ നേടി മുന്നേറുന്ന ചിത്രത്തിന് ആറ് ഗൾഫ് രാജ്യങ്ങളിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലാണ് സിനിമയ്ക്ക് പ്രദർശന വിലക്കുള്ളത്.

ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ-ആക്ഷൻ ത്രില്ലറിൽ പാകിസ്ഥാൻ വിരുദ്ധ പരാമർശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. ഗൾഫ് രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തിയത് സിനിമയുടെ കളക്ഷനെ സാരമായി ബാധിച്ചേക്കും. നേരത്തെ, ഫൈറ്റർ, സ്കൈ ഫോഴ്സ്, ദ് ഡിപ്ലോമാറ്റ്, ആർട്ടിക്കിൾ 370, കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങള്‍ക്കും സമാനമായ കാര്യം ചൂണ്ടിക്കാട്ടി ഗൾഫിൽ പ്രദർശനവിലക്ക് ഏർപ്പെടുത്തിയിരുന്നു.

ആദ്യ ആഴ്ച ആഗോള തലത്തിൽ 313 കോടി രൂപയാണ് 'ധുരന്ധർ' കളക്ട് ചെയ്തത്. 218 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് സിനിമ നേടിയത്. 28.60 കോടി രൂപയായിരുന്നു സിനിമയുടെ ആദ്യ ദിന കളക്ഷൻ.

ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ രൺവീർ സിംഗിന് പുറമേ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നു. ബാലതാരമായി സിനിമാ മേഖലയിലേക്ക് എത്തിയ സാറ അർജുൻ ആണ് നായിക. ഇന്ത്യ-പാക് വൈര്യമാണ് സിനിമയുടെ പ്രമേയം. സിനിമയുടെ സീക്വൽ അടുത്ത വർഷം മാർച്ച് 19ന് റിലീസ് ആകുമെന്നും അണിയറപ്രവത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.

SCROLL FOR NEXT