NEWSROOM

ജസ്ന തിരോധാനം: 'ആരോപണം വൈരാഗ്യം മൂലം'; മുന്‍ ജീവനക്കാരി ജസ്‌നയെ കണ്ടെന്ന വാദം തള്ളി ലോഡ്ജ് ഉടമ

ആരോപണമുയർത്തിയ സ്ത്രീ ലോഡ്ജിൽ ലൈംഗിക തൊഴിൽ നടത്തിയിരുന്നുവെന്നും ഇത് എതിർത്തതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ ആരോപണത്തിന് കാരണമെന്നും ബിജു ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

ജസ്‌ന തിരോധാന കേസില്‍ മുണ്ടക്കയം ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തലിനെതിരെ ഉടമ ബിജു സേവ്യർ.  ജസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ കണ്ടെന്ന വെളിപ്പെടുത്തൽ കെട്ടിച്ചമച്ചതാണെന്നാണ് ലോഡ്ജുടമയുടെ പ്രതികരണം. ആരോപണമുയർത്തിയ സ്ത്രീ ലോഡ്ജിൽ ലൈംഗിക തൊഴിൽ നടത്തിയിരുന്നുവെന്നും ഇത് എതിർത്തതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലിനുള്ള കാരണമെന്നും ബിജു ആരോപിച്ചു. അന്വേഷണ സംഘം കൃത്യമായി വിവരങ്ങൾ ശേഖരിച്ചിരുന്നതാണെന്നും ലോഡ്ജ് ഉടമ പറഞ്ഞു.

കാണാതാവുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ജസ്നയെന്ന് സംശയിക്കുന്ന പെൺകുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജിൽ വച്ചു കണ്ടിരുന്നുവെന്നായിരുന്നു ലോഡ്ജിലെ മുൻ ജീവനക്കാരി രമണിയുടെ വെളിപ്പെടുത്തല്‍. പെൺകുട്ടിയോടൊപ്പം ഒരു യുവാവും ഉണ്ടായിരുന്നുവെന്നും ലോഡ്ജ് ഉടമയുടെ ഭീഷണിയെ തുടർന്നാണ് ഇക്കാര്യങ്ങൾ പുറത്തു പറയാതിരുന്നതെന്നും ആയിരുന്നു രമണിയുടെ വെളിപ്പെടുത്തല്‍.


2018 മാർച്ച് 23 നാണ് ജസ്ന മരിയ ജെയിംസിനെ എരുമേലിയില്‍ നിന്നും കാണാതാവുന്നത്. കാഞ്ഞിരപ്പള്ളി എസ്‌ഡി കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു. മുണ്ടക്കയം പുഞ്ചവയലിലെ ബന്ധു വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ ജസ്ന പിന്നെ തിരിച്ചെത്തിയില്ല. പെണ്‍കുട്ടിയെ കാണാതായ ദിവസം നിരന്തരം വിളിച്ച ആണ്‍ സുഹൃത്തിനെ പല തവണ ചോദ്യം ചെയ്തിട്ടും തെളിവുകളൊന്നും തന്നെ ലഭിച്ചിരുന്നില്ല. പെണ്‍കുട്ടിയെ കണ്ടുവെന്ന് പറയുന്ന ലോഡ്ജിന് സമീപത്തെ തുണിക്കടയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ജസ്നയുടെ ദൃശ്യങ്ങൾ അവസാനമായി ലഭിച്ചത്.

SCROLL FOR NEXT