NEWSROOM

ഫ്രാൻസിലെ ജൂത സിനഗോഗിലെ സ്ഫോടനം; ഒരാൾ അറസ്റ്റിൽ, ഭീകരാക്രമണമെന്ന് സംശയം

പ്രതിയുമായി ബന്ധമുള്ള രണ്ട് പേരെയും കസ്റ്റഡിയിലെടുത്തതായി സ്റ്റേറ്റ് പ്രോസിക്യൂഷൻ സർവീസിലെ ഒരു ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു

Author : ന്യൂസ് ഡെസ്ക്



ഫ്രാൻസിലെ ജൂത മതസ്ഥരുടെ ആരാധനാലയമായ സിനഗോഗിൽ ശനിയാഴ്ച ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. തൊട്ടടുത്ത പട്ടണമായ നിംസിൽ വെച്ചാണ് അറസ്റ്റ് നടന്നതെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. പ്രതിയുമായി ബന്ധമുള്ള രണ്ട് പേരെയും കസ്റ്റഡിയിലെടുത്തതായി സ്റ്റേറ്റ് പ്രോസിക്യൂഷൻ സർവീസിലെ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.

ലാ ഗ്രാൻഡെ മോട്ടെയിലെ കടൽത്തീര റിസോർട്ടിനോട് ചേർന്നുള്ള സിനഗോഗിന് ഒരാൾ തീയിടുകയും, സ്‌ഫോടനം നടത്തുകയും ചെയ്തിരുന്നു. പലസ്തീൻ പതാക ധരിച്ച ഒരാളെ തെരയുകയാണെന്ന് പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്ഫോടനത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

തെക്കൻ ഫ്രാൻസിലെ ഒരു സിനഗോഗിൽ ശനിയാഴ്ച തീയിടുകയും സ്‌ഫോടനം നടത്തുകയും ചെയ്‌തതായി സംശയിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ അറിയിച്ചു. "സിനഗോഗിൽ തീപിടിത്തത്തിന് പിന്നിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്," മന്ത്രി ജെറാൾഡ് ഡാർമനിൻ എക്‌സിൽ കുറിച്ചു.

പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. രാജ്യത്ത് കഴിഞ്ഞ ആറു മാസത്തിനിടെ 887 ജൂതവിരുദ്ധ ആക്രമണങ്ങൾ ഉണ്ടായതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ ജൂതരുള്ള മൂന്നാമത്തെ രാജ്യമാണ് ഫ്രാൻസ്.

SCROLL FOR NEXT