Screen grab Google
FACT CHECK

രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് കേന്ദ്ര സർക്കാരിൻ്റെ സൗജന്യ യാത്രാ പദ്ധതി? വാസ്തവമറിയാം

ഇന്ത്യൻ റെയിൽവേ, ആഭ്യന്തര വിമാന സർവീസുകൾ, സർക്കാർ ബസുകൾ, മെട്രോ എന്നിവയിലെല്ലാം 60 വയസിന് മുകളിലുള്ളവർക്ക് ദൂരപരിധിയില്ലാതെ യാത്ര സൗജന്യമാക്കുമെന്നാണ് വാർത്തകളിലുള്ളത്

Author : ലിൻ്റു ഗീത

2025 ജൂൺ 15 മുതൽ രാജ്യത്ത് മുതിർന്ന പൗരന്മാർക്ക് സൗജന്യ യാത്രാ പദ്ധതി കേന്ദ്ര സർക്കാർ നടപ്പാക്കുമെന്ന തരത്തിൽ നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഹരിയാനയിലെ ഫരീദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റേതെന്ന് തോന്നിപ്പിക്കുന്ന വെബ്‌സൈറ്റിലും ​ഇത്തരത്തിലൊരു അറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ത്യൻ റെയിൽവേ, ആഭ്യന്തര വിമാന സർവീസുകൾ, സർക്കാർ ബസുകൾ, മെട്രോ എന്നിവയിലെല്ലാം 60 വയസിന് മുകളിലുള്ളവർക്ക് ദൂരപരിധിയില്ലാതെ യാത്ര സൗജന്യമാക്കുമെന്നാണ് വാർത്തകളിലുള്ളത്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കുമെന്നും, ആധാർ അല്ലെങ്കിൽ വോട്ടർ ഐഡി ഉൾപ്പെടെ സർക്കാർ തിരിച്ചറിയൽ കാർഡുകൾ മാത്രമാണ് ഇതിനാവശ്യമെന്നും പറയുന്നുണ്ട്. എന്താണ് ഇതിൻ്റെ വസ്തുത.

നടത്തിയ കീവേഡ് സെർച്ചിൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങളോ പ്രസ്താവനകളോ കണ്ടെത്താനായില്ല. National Portal of India യുടെ വെബ്സൈറ്റിലോ, ഇന്ത്യൻ റെയിൽവേയുടെ വെബ്സൈറ്റിലോ അത്തരമൊരു അറിയിപ്പ് നൽകിയിട്ടില്ല. അത്തരമൊരു പ്രഖ്യാപനം പുറപ്പെടുവിച്ചിട്ടില്ലെന്ന് റെയിൽവേയിലെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസറും സ്ഥിരീകരിച്ചിട്ടുണ്ട്.

എയർ ഇന്ത്യയുടെ വെബ്‌സൈറ്റിലും ഇത്തരമൊരു പദ്ധതിയെക്കുറിച്ചുള്ള അറിയിപ്പൊന്നും കണ്ടെത്താനായില്ല. അതേസമയം, ആഭ്യന്തര വിമാനങ്ങളിലെ ഇക്കണോമി ക്ലാസുകളിൽ മുതിർന്ന പൗരന്മാർക്ക് 50% വരെ ഇളവ് വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല, ഫരീദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റേതെന്ന് അവകാശപ്പെടുന്ന വെബ്സൈറ്റ് വ്യാജമാണ്. അത് രജിസ്റ്റർ ചെയ്തിരിക്കുന്നത് 2024 മാർച്ചിൽ യുഎസിലെ അരിസോണയിലെ ടെമ്പെയിലാണ്. അതായത് രാജ്യത്ത് മുതിർന്ന പൗരന്മാർക്ക് സൗജന്യ യാത്രാ പദ്ധതിയെന്ന പ്രചരണം തെറ്റാണെന്ന് വ്യക്തം.

SCROLL FOR NEXT