ബംഗ്ലാദേശി കടന്നു കയറ്റക്കാരെ പ്രതിരോധിക്കുന്ന ത്രിപുര ഗോത്രവിഭാഗക്കാരുടേതെന്ന രീതിയില്‍ നിരവധി വീഡിയോകളാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീഡിയോയില്‍ നിരവധി ആളുകള്‍ ദൂരെ നില്‍ക്കുന്നതും വീടുകളില്‍ നിന്നും പൊളിച്ചെടുത്ത വാതിലുകള്‍ മറയാക്കി ശത്രുക്കള്‍ക്കെതിരെ അമ്പെയ്യുന്നതും കാണാം.
ത്രിപുരയിലെ ഗോത്രവിഭാഗം ബംഗ്‌ളാദേശില്‍ നിന്നും നുഴഞ്ഞു കയറുന്നവര്‍ക്കെതിരെ അമ്പും വില്ലും ഉപയോഗിച്ച് യുദ്ധം ചെയ്യുന്നു. ത്രിപുരയിലേക്കുള്ള ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ ശക്തമായ നിലപാട് എടുത്തിരിക്കുകയാണ് ത്രിപുരയിലെ ഗോത്ര വർഗം എന്ന ക്യാപ്ഷനോടെ ആകാശ് സിംഗ് എന്നയാള്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് വ്യാജമാണെന്നാണ് ഇന്ത്യ ടുഡെ പറയുന്നത്. വീഡിയോ ഇന്ത്യയില്‍ നിന്നുള്ളതോ, അതിര്‍ത്തി കടന്നെത്തിയ ബംഗ്ലാദേശികള്‍ക്കെതിരെയുള്ള യുദ്ധമോ അല്ലെന്നും ഇന്ത്യ ടുഡേ പറയുന്നു. എങ്കില്‍ പിന്നെ എന്താണ് ഈ വീഡിയോ?
റിവേഴ്‌സ് സെര്‍ച്ച് ചെയ്തപ്പോള്‍ 2024 ഡിസംബര്‍ 12ന് പപുവ ട്രിബ്യൂണിന്റെ യൂട്യൂബ് ചാനലില്‍ ഈ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും ഈ വീഡിയോ ഇന്ത്യോനേഷ്യയില്‍ നിന്നുമുള്ളതാണെന്നും വ്യക്തമാക്കുന്നുണ്ട്. ഈ വിഡിയോയ്ക്ക് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്, ഇന്റന്‍ ജയ റീഗന്‍സി പില്‍ക്കാഡ കാന്‍ഡിഡേറ്റ്‌സിനിടെയിലെ യുദ്ധം എന്നാണ്.
വീണ്ടും നടത്തിയ സെര്‍ച്ചില്‍ 2024 ഡിസംബര്‍ 13ന് ഇന്തോനേഷ്യന്‍ ന്യൂസ് ഔട്ടലറ്റിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ഈ വീഡിയോ പങ്കുവെക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. അതില്‍ 2024 ഡിസംബര്‍ എട്ടിന് സുഗാപ എന്ന ജില്ലയിലാണ് സംഭവം നടന്നതെന്നും ഇത് ഇന്റന്‍ ജയ സംഘര്‍ഷത്തിനിടെ ഉള്ള വീഡിയോ ആണെന്നും പറഞ്ഞു വെക്കുന്നു.
രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷം തന്നയാണെന്ന് VIVA.CO.ID എന്ന യൂട്യൂബ് ചാനലിലും നല്‍കിയിരിക്കുന്നു. ഇന്തോനേഷ്യയിലെ പല പ്രമുഖ പത്ര റിപ്പോര്‍ട്ടുകളും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്. 11 പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും പറയുന്നു. കല്ലും അമ്പും കത്തികളും മറ്റുമൊക്കെയാണ് നാല് മണിക്കൂറോളം നീണ്ടു നിന്ന സംഘര്‍ഷത്തില്‍ ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.