2026 ഓടെ 500 രൂപ നോട്ടുകൾ നിർത്തലാക്കുമെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'ക്യാപിറ്റൽ ടിവി' എന്ന യൂട്യൂബ് ചാനലിൽ ജൂൺ 2 നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ അത്തരമൊരു പ്രഖ്യാപനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയിട്ടില്ലെന്ന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വസ്തുതാ പരിശോധനാ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി.
അടുത്ത വർഷം മാർച്ച് മുതൽ 500 രൂപ നോട്ടുകൾ ഘട്ടം ഘട്ടമായി പിൻവലിക്കുമെന്നാണ് വീഡിയോയിൽ പറയുന്നത്. ഏകദേശം 12 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ അഞ്ച് ലക്ഷത്തിലധികം ആളുകൾ ആണ് കണ്ടത്. പിന്നാലെ പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്ന് പിബിഐ സ്ഥിരീകരീച്ചു. 500 രൂപ നോട്ടുകൾ നിർത്തലാക്കിയിട്ടില്ലെന്നും നിയമപരമാണെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. വാർത്തകൾ പങ്കിടുന്നതിന് മുമ്പ് അതിൻ്റെ ആധികാരികത പരിശോധിക്കണമെന്നും തെറ്റായ വിവരങ്ങളിൽ വീഴരുതെന്നും പിബിഐ പറഞ്ഞു.
2016ലെ നോട്ട് നിരോധനത്തെ തുടർന്നാണ് നിലവിലുള്ള 500 രൂപ നോട്ടുകൾ പുറത്തിറക്കിയത്. 156mm × 66 mm ആണ് നിലവിൽ പ്രചാരത്തിലുള്ള നോട്ടിന്റെ വലുപ്പം. ചാര നിറമുള്ള നോട്ടീന്റെ പിൻഭാഗത്ത് ചെങ്കോട്ടയുടെ ചിത്രവും സ്വച്ഛ് ഭാരതിൻ്റെ ലോഗോയും ആണ് ഉളളത്. കാഴ്ചയില്ലാത്തവർക്ക് തിരിച്ചറിയാനായി ബ്രെയിൽ ലിപിയിലും മൂല്യം നൽകിയിട്ടുണ്ട്.
ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കശ്മീരി, കൊങ്കണി, മലയാളം, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുങ്ക്, ഉറുദു എന്നിങ്ങനെ 17 ഭാഷകളിലാണ് നോട്ടിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ 2,000 രൂപ കറൻസി നോട്ടും ആർബിഐ അവതരിപ്പിച്ചിരുന്നു. എന്നാൽ 2023 മേയിൽ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ചു.