FACT CHECK

രാജ്യത്ത് പെട്രോൾ ഡീസൽ വില വർധിപ്പിച്ചോ? വ്യക്തമാക്കി കേന്ദ്ര സർക്കാർ

പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അത്തമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു

Author : ലിൻ്റു ഗീത

ഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിച്ചെന്ന പ്രചരണം തെറ്റാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി. പെട്രോളിന് 10 രൂപയും ഡീസലിന് 12.50 രൂപയും വർധിപ്പിച്ചെന്നായിരുന്നു സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചരണം. എന്നാൽ ഇത് തെറ്റാണെന്നും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അത്തമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.

"ഇന്ധന വില വർധന അവകാശപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ഉത്തരവ് വ്യാജമാണ്. കേന്ദ്ര സർക്കാർ അത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല", പിഐബി ഫാക്റ്റ് ചെക്ക് വിഭാ​ഗം എക്‌സിൽ കുറിച്ചു. ഔദ്യോഗിക സ്രോതസുകൾ വഴി മാത്രം അത്തരം വിവരങ്ങൾ സ്ഥിരീകരിക്കണമെന്നും തെറ്റായ സന്ദേശങ്ങൾ പങ്കിടുന്നത് ഒഴിവാക്കണമെന്നും പിഐബി അറിയിച്ചു.

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിച്ചെന്ന പ്രചരണം കേന്ദ്ര സർക്കാരും കഴിഞ്ഞ ​ദിവസം നിഷേധിച്ചിരുന്നു. സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെങ്കിലും പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ലെന്നാണ് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ വ്യക്തമാക്കിയത്.

എൽപിജി, പെട്രോളിയം, ഡീസൽ എന്നിവ ആവശ്യത്തിന് ലഭ്യമാണ്. വില വർധിപ്പിച്ചിട്ടില്ല. ആശങ്കകൾ ആവശ്യമില്ല. ഗാർഹിക എൽ‌പി‌ജി, പി‌എൻ‌ജി ഉപഭോക്താക്കൾക്കും വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന സി‌എൻ‌ജിക്കും 100 ശതമാനം വിതരണം സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT