രാജ്യത്തെ വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാർ സൗജന്യമായി ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2025ൽ എല്ലാ വിദ്യാർഥികൾക്കും ലാപ്ടോപ്പ് നൽകുമെന്നും അതിനായി ഓൺലൈനായി അപേക്ഷിക്കാൻ ഒരു ലിങ്കും പ്രചരിക്കുന്ന സന്ദേശത്തിൽ നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ചിത്രം സഹിതമാണ് ഇത് പ്രചരിക്കുന്നത്. എന്താണ് ഇതിന്റെ വസ്തുത?
പ്രചരിക്കുന്ന പോസ്റ്റിന്റെ ഏറ്റവും മുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയംഎന്നും 2023ൽ ഇന്ത്യയിൽ നടന്ന G20 ഉച്ചകോടിയുടെ ചിഹ്നവും നൽകിയിട്ടുണ്ട്. ഇത് പ്രചരണം വ്യാജമാണെന്ന സൂചനയാണ് നൽകുന്നത്. കാരണം വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയിൽ ഈ ലോഗോയുടെ ആവശ്യമില്ല. മാത്രമല്ല, ഇത് മൂന്ന് വർഷം മുൻപ് നടന്നതിന്റേതുമാണ്.
സ്ഥിരീകരണത്തിനായി കേന്ദ്ര വിദ്യാഭ്യാസ ഔദ്യാഗിക വെബ്സെറ്റ് പരിശോധിച്ചപ്പോൾ പോസ്റ്റലിൽ പറയുന്നതുപോലൊരു പദ്ധതിയുടെ വിവരങ്ങൾ കണ്ടെത്താനായില്ല. സർക്കാരിന്റെ ഔദ്യോഗിക പദ്ധതികൾ ലിസ്റ്റ് ചെയ്യുന്ന 'My Scheme' പോർട്ടലിലും ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ ഇല്ല. ഇതോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് വ്യക്തമായി. വിശദപരിശോധനയിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ പ്രസ് ഇൻഫോർമേഷൻ ബ്യൂറോയും ഈ പ്രചരണം വ്യാജമാണെന്ന് ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ശ്രദ്ധിക്കുക ഇത്തരം വ്യാജ പ്രചരണങ്ങൾക്കൊപ്പമുള്ളത് ഫിഷിങ് ലിങ്കുകൾ ആയേക്കാം. ഇതിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ കൈമാറാതിരിക്കുക. ഇത്തരം ലിങ്കുകളിൽ പ്രവേശിക്കുന്നതുവഴി മാൽവെയറുകൾ ഡിവൈസിൽ കടന്നുകയറാനും സാധ്യതയുണ്ട്. സർക്കാറുമായി ബന്ധപ്പെട്ട സൈറ്റുകളുടെ ലിങ്കിൽ 'gov.in' എന്ന് ഉണ്ടായിരിക്കും. ഔദ്യോഗിക വിവരങ്ങൾക്കായി ഇത്തരം ലിങ്കുകളെ മാത്രം ആശ്രയിക്കുക.