കൊച്ചിയിൽ ഗുണ്ടകളുടെ മീറ്റപ്പ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഏഴുപേർകൂടി അറസ്റ്റിൽ. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. മീറ്റപ്പിന്‍റെ മുഖ്യ സംഘാടകനായ ആഷ്‌ലിക്കെതിരെ മരട് പൊലീസ് കേസെടുത്തിരുന്നു.
വിഐപി ഗ്രൂപ്പ്സ് എന്ന സംഘമാണ് കൊച്ചിയിൽ ഗുണ്ടകൾക്കായി മീറ്റപ്പ് സംഘടിപ്പിച്ചത്. ഈ മീറ്റപ്പിൽ പങ്കെടുത്ത 13 ഗുണ്ടകളെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. ആയുധം കൈവശം വച്ചതിനാണ് സംഘാടകനായ ആഷ്‌ലിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളുടെ വാഹനത്തിൽ നിന്നും തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.പൊലീസ് കേസെടുത്തതോടെ ആഷ്‌ലി ഒളിവിൽ പോയിരിക്കുകയാണ്. ആഷ്‌ലിയുടെ കാറിൽ നിന്നും പിടിച്ചെടുത്ത മനുഷ്യാവകാശ കമ്മീഷൻ്റെ ബോർഡ് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും നിരവധി ഗുണ്ടകളാണ് മീറ്റപ്പിൽ പങ്കെടുത്തത്.
കൊച്ചി മരടിൽ സ്വകാര്യ ഹോട്ടലുകളിൽ ഗുണ്ടകളുടെ മീറ്റ് അപ്പ് പാർട്ടി നടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. സിനിമാ നിർമാണ കമ്പനിയുടെ ലോഞ്ചിങ്ങായിരുന്നു നടന്നതെന്ന് കസ്റ്റഡിയിലുള്ളവർ പൊലീസിന് മൊഴി നൽകി. പരിപാടിയുടെ ആസൂത്രകനായ ആഷ്‌ലിയെ കണ്ടെത്തിയാൽ മാത്രമേ സംഭവത്തിൽ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു .