Source: X/ @adgpi
NEWSROOM

ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു

ഇന്നത്തെ പ്രധാന വാർത്തകളറിയാം...

ന്യൂസ് ഡെസ്ക്

യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ്: അലക്കരാസിന് കിരീടം

യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്വന്തമാക്കി കാര്‍ലോസ് അല്‍ക്കറാസ്. ഫൈനലില്‍ യാനിക് സിന്നറെ പരാജയപ്പെടുത്തിയാണ് നേട്ടം. ആറാം ഗ്രാന്‍ഡ്‌സലാം കിരീടമാണ് അല്‍ക്കറാസിന്റേത്.

കേരള കോൺഗ്രസ് (ജെ) നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കസ്റ്റഡി മർദനങ്ങളിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ വകുപ്പുതല നടപടികൾ ഇന്ന് ഉണ്ടായേക്കും

കുന്നംകുളം, പീച്ചി കസ്റ്റഡി മർദനങ്ങളിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ വകുപ്പുതല നടപടികൾ ഇന്ന് ഉണ്ടായേക്കും. പീച്ചിയിലെ കസ്റ്റഡി മർദനത്തിൽ എസ്ഐ രതീഷിനെ സസ്പെൻഡ് ചെയ്യാൻ സാധ്യത. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച നാല് പേരെ സർവീസിൽ നിന്ന് പിരിച്ച് വിടാനും സാധ്യത.

തൃശൂരിൽ ഇന്ന് പുലിയിറങ്ങും!

അരമണി കിലുക്കി, തൃശൂരിനെ വിറപ്പിക്കാൻ പുലി വീരന്മാർ. ഒൻപത് സംഘങ്ങൾ വൈകിട്ട് നാല് മണിയോടെ നഗരത്തിൽ ഇറങ്ങും. തൃശൂരിൽ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി. സ്വരാജ് റൗണ്ടിൽ ഗതാഗത നിയന്ത്രണം.

രക്തച്ചുവപ്പിൽ ചന്ദ്രൻ; ആകാശവിസ്മയത്തിന് സാക്ഷ്യം വഹിച്ച് ലോകം

ബ്ലഡ് മൂൺ ആകാശ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ലോകം. ഇന്ത്യ, ചൈന, യുഎഇ രാജ്യങ്ങളിൽ സമ്പൂർണ ചന്ദ്രഗ്രഹണം. 82 മിനിറ്റ് നീണ്ട ഗ്രഹണം അവസാനിച്ചത് പുലർച്ചെ രണ്ടരയോടെ. അടുത്ത ആകാശകാഴ്ച ഇന്ത്യയിൽ ദൃശ്യമാകുക 2028 ഡിസംബർ 31ന്.

സൗബിൻ്റെ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ ജാമ്യ ഇളവ് തേടി നടൻ സൗബിൻ ഷാഹിർ. നടന്റെ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പാസ്പോർട്ട് വിട്ടുനൽകണമെന്നും വിദേശത്തേക്ക് പോകാൻ അനുവദിക്കണമെന്നും ആവശ്യം.

റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കാൻ അമേരിക്ക

റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കാൻ അമേരിക്ക. രണ്ടാം ഘട്ട ഉപരോധങ്ങൾ അലോചനയിലെന്ന് ട്രംപ്. റഷ്യൻ എണ്ണ വാങ്ങുന്നവർക്ക് കൂടുതൽ താരിഫ് ഏർപ്പെടുത്തിയേക്കും. ട്രംപിൻ്റെ ഭീഷണി റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചയിൽ പുരോഗതി ഇല്ലാത്ത സാഹചര്യത്തിൽ.

കാത്ത് ലാബുകളിലേക്കുള്ള ഉപകരണങ്ങളുടെ വിതരണം നിലച്ചിട്ട് ഒരാഴ്ച; മെഡിക്കൽ കോളേജുകളിലെ ഹൃദയശസ്ത്രക്രിയകൾ പ്രതിസന്ധിയിൽ

അടൂർ പൊലീസിനെതിരെ ആരോപണവുമായി റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ

അടൂർ പൊലീസിന് എതിരെ മർദന ആരോപണവുമായി റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ. സ്റ്റേഷനിലെ എസ്ഐ ആയിരുന്ന അനൂപ് ചന്ദ്രൻ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തുവെന്ന് പള്ളിക്കൽ സ്വദേശി ബാബു പറഞ്ഞു. മെയ് 27നാണ് സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് ബാബു സ്റ്റേഷനിൽ എത്തിയത്.

വയനാട് ജനവാസമേഖലയിൽ വീണ്ടും പുലി

വയനാട് ചുണ്ടേലിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം. കണ്ടംചാത്ത് ഭാഗത്ത് വീടിന് മുന്നിലൂടെ പുലി നീങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് തോട്ടം പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു.

"വനം വകുപ്പ് ഉദ്യോഗസ്ഥർ കെട്ടിയിട്ട് തല്ലി"; 'കസ്റ്റഡി മർദന' പരാതിയുമായി മലപ്പുറത്തെ പൊതുപ്രവർത്തകന്‍

മലപ്പുറം: പൊതു പ്രവർത്തകന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂര മർദനമെന്ന് പരാതി. അഞ്ച് വർഷം മുമ്പ് തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതായി അകമ്പാടത്തെ പൊതുപ്രവർത്തകനായ ബൈജു ആൻഡ്രൂസ് പറഞ്ഞു.

കാര്യം എന്തെന്ന് പോലും അറിയാതെ അഞ്ചോളം ഉദ്യോഗസ്ഥർ വളഞ്ഞിട്ട് തല്ലുകയായിരുന്നു എന്നാണ് ബൈജു ആന്‍ഡ്രൂസ് പറയുന്നത്. കെട്ടിയിട്ട് മർദിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും പരാതി നൽകുമെന്നും ബൈജു അറിയിച്ചു.

ശ്രീകാര്യത്ത് മദ്യപസംഘം മൂന്നുപേരെ കുത്തിപ്പരിക്കേൽപ്പിച്ചു

ശ്രീകാര്യം പൗഡിക്കോണത്ത് മദ്യപസംഘം മൂന്നുപേരെ കുത്തിപ്പരിക്കേൽപ്പിച്ചു. പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, രതീഷ്, രഞ്ജിത്ത്, എന്നിവരെയാണ് കുത്തി പരിക്കേൽപ്പിച്ചത്.

ഇന്നലെ രാത്രി 11 മണിയോട് കൂടിയായിരുന്നു സംഭവം. അയൽവാസിയായ സഞ്ജയ് എന്നയാളും സുഹൃത്തുക്കളും ചേർന്നാണ് ആക്രമിച്ചത്. മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു.

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണവും ജിഎസ്ടി പരിഷ്കാരങ്ങളും പിന്തുണച്ച് തരൂർ

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണവും ജിഎസ്ടി പരിഷ്കാരങ്ങളും പിന്തുണച്ച് ശശി തരൂർ എംപി. വോട്ടർ പട്ടിക പരിഷ്കരണം അനിവാര്യം. വോട്ടർ പട്ടികയിൽ പിഴവുകളുണ്ട്.

ഇത്തരം വിഷയങ്ങൾ സുതാര്യമായി തെരഞ്ഞെടുപ്പ് കമ്മീഷൻ കൈകാര്യം ചെയ്യണം. ജിഎസ്ടി പരിഷ്കരണം സ്വാഗതം ചെയ്യുന്നതായും തരൂർ. മെച്ചപ്പെട്ട സംവിധാനമെന്നാണ് എംപിയുടെ പ്രശംസ

ഗണപതി വിഗ്രഹ നിമജ്ജനം: മഹാരാഷ്ട്രയില്‍ ഒമ്പത് പേര്‍ മുങ്ങി മരിച്ചു

മഹാരാഷ്ട്രയില്‍ ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ ഒമ്പത് പേര്‍ മുങ്ങി മരിച്ചു. 12 പേരെ കാണാനില്ലെന്നും റിപ്പോർട്ട്. ഇന്നലെയാണ് 10 ദിവസത്തെ ചടങ്ങുകൾക്ക് ശേഷം ഗണേശോത്സവം അവസാനിച്ചത്.

"മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും അവിഹിത ഭാര്യമാരുണ്ട്"; വിവാദ പ്രസ്താവനയുമായി ഡോ. ബഹാവുദ്ദീൻ നദ്‌വി

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം. മരിച്ചത് മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശിനി എം. ശോഭന. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഈ മാസം നാലിനാണ് മസ്തിഷ്കജ്വരം കണ്ടെത്തിയത്.

മുന്‍ എസ്എഫ്‌ഐ നേതാവിന് പൊലീസ് മര്‍ദനമേറ്റ സംഭവം: കോന്നി മുന്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് പുറത്ത്

ലാലു പ്രസാദ് യാദവ് - ബി. സുദർശൻ റെഡ്ഡി കൂടിക്കാഴ്ചയിൽ വിവാദം; വിവാദമുയർത്തി ബിജെപി

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ലാലു പ്രസാദ് യാദവ് - ബി സുദർശൻ റെഡി കൂടിക്കാഴ്ചയിൽ വിവാദമുയർത്തി ബിജെപി. ഇൻഡ്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി, ലാലു പ്രസാദ് യാദവിനെ കണ്ടത് എന്തിനെന്നാണ് ബിജെപിയുടെ ചോദ്യം.

ബീഡി - ബിഹാർ വിവാദപോസ്റ്റിൽ വിശദീകരണവുമായി വി.ടി. ബൽറാം

ബീഡി - ബിഹാർ വിവാദപോസ്റ്റിൽ വിശദീകരണവുമായി വി.ടി. ബൽറാം. പോസ്റ്റ് തൻ്റെ അറിവോടെയല്ലെന്നും താനാണ് തിരുത്തിയതെന്നും വി.ടി. ബൽറാം പ്രതികരിച്ചു.

അതേസമയം, സ്വന്തം നിലയ്ക്ക് പോസ്റ്റുകൾ വേണ്ടെന്ന് കെപിസിസി നിർദേശം നൽകി. കൂടിയാലോചനയ്ക്ക് ശേഷം മതി സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്ന് കെപിസിസി നിർദേശം നൽകി.

ടെലിഗ്രാഫ് എഡിറ്റർ സംഘർഷൻ ഠാക്കൂർ അന്തരിച്ചു

ടെലിഗ്രാഫ് എഡിറ്റർ സംഘർഷൻ ഠാക്കൂർ അന്തരിച്ചു. നാല് പതിറ്റാണ്ടായി മാധ്യമരംഗത്ത് സജീവസാന്നിധ്യമായിരുന്ന ഠാക്കൂർ 2023ലാണ് എഡിറ്ററായി ചുമതലയേറ്റത്. നേരത്തെ പത്രത്തിൻ്റെ റോവിങ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 1984ൽ സൺഡേ മാഗസിനിലൂടെയാണ് ഇദ്ദേഹം മാധ്യമപ്രവർത്തനം ആരംഭിച്ചത്.

ബിഹാര്‍ സ്വദേശിയായ ഠാക്കൂര്‍, ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ തുടങ്ങിയവരുടെ ജീവചരിത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.

ആഗോള അയ്യപ്പ സംഗമം ശബരിമലയുടെ ഭാവി വികസനത്തിനുള്ള പദ്ധതി: എഡിജിപി എസ്. ശ്രീജിത്ത്

ആഗോള അയ്യപ്പസംഗമം ശബരിമലയുടെ ഭാവി വികസനത്തിനുള്ള പദ്ധതിയാണെന്ന് എഡിജിപി എസ്. ശ്രീജിത്ത്. ശബരിമലയിൽ ഇനി എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടാകണം എന്നത് ചർച്ച ചെയ്യുന്നതിനാണ് അയ്യപ്പസംഗമം. എല്ലാ സംഘടനകളുടെയും പിന്തുണ ഉണ്ടാകണം. എസ്എൻഡിപി യോഗം വൈക്കം യൂണിയൻ്റെ ചതയദിന പരിപാടിയിലാണ് ശ്രീജിത്തിന്റെ പ്രസംഗം.

ബൽറാമിനെതിരെ നടപടി എടുത്തിട്ടില്ല:  കെപിസിസി

ബീഡി - ബിഹാർ പോസ്റ്റില്‍ വി.ടി. ബൽറാമിനെതിരെ നടപടി എടുത്തിട്ടില്ലെന്ന് കെപിസിസി നേതൃത്വം. മറിച്ചുള്ള ആരോപണങ്ങൾ ജനപിന്തുണയുള്ള നേതാക്കളെ അപഹസിക്കാൻ ആണെന്നാണ് കെപിസിസി സംസ്ഥാന അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ വിശദീകരണം.

അടിമാലിയിൽ ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ച ഭർത്താവ് ജീവനൊടുക്കി

ഇടുക്കി അടിമാലിയിൽ ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ച ഭർത്താവ് ജീവനൊടുക്കി. ചാറ്റുപാറ പൊറ്റാസ്പടി സ്വദേശി ചിരമുഖം പത്രോസ് (72) ആണ് ജീവനൊടുക്കിയത്. ഭാര്യ സാറാമ്മ (65) കഴുത്തിനും തലയ്ക്കും വെട്ടേറ്റ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

കാസർഗോഡ് നവവധു കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ

കാസർഗോഡ് നവവധു കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ. മേൽപ്പറമ്പ് അരമങ്ങാനം സ്വദേശി രജേഷിന്റെ ഭാര്യ നന്ദനയാണ് മരിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നോർത്ത് പറവൂരിൽ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപ്പിച്ചു

എറണാകുളം നോർത്ത് പറവൂരിൽ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപ്പിച്ചു. സജീഷ് എന്നയാളുടെ തലയ്ക്കാണ് വെട്ടേറ്റത്. പ്രതി സജിത്തിനെ പറവൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാനസിക പ്രശ്നമുള്ള ആളാണ് പ്രതി.

പാർഥസാരഥി ക്ഷേത്രമുറ്റത്തെ പൂക്കള വിവാദം:  പൊലീസ് കേസെടുത്ത നടപടിക്കെതിരെ ബിജെപി മാർച്ച്

കോൺഗ്രസ് നേതാവ് ആർ. ഇന്ദുചൂഡൻ മരിച്ചത് പൊലീസ് മർദനത്തെ തുടർന്ന്; വിജയ് ഇന്ദുചൂഡൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

കോൺഗ്രസ് നേതാവായിരുന്ന ആയിരുന്ന ആർ. ഇന്ദുചൂഡൻ മരിച്ചത് പൊലീസ് മർദനത്തെ തുടർന്നെന്ന് മകനും പത്തനംതിട്ട യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനുമായ വിജയ് ഇന്ദുചൂഡൻ. അമ്മയെ വിധവയാക്കിയത് മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ്. മന്ത്രിയായിരുന്ന എം.എം. മണിയെ തടഞ്ഞതിന് തനിക്കും അതിക്രൂരമർദനം നേരിട്ടുവെന്നും വിജയിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ടി. സിദ്ദിഖിന് ഇരട്ടവോട്ട്; ആരോപണവുമായി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി

വയനാട് എംഎൽഎ ടി. സിദ്ധിഖിനെതിരെ ഇരട്ട വോട്ട് ആരോപണം ഉന്നയിച്ച് സിപിഐഎം. കോഴിക്കോട്ടെ പെരുമണ്ണയിലും കൽപ്പറ്റയിലെ ഓണിവയലിലും സിദ്ദിഖിന് വോട്ടുണ്ടെന്നാണ് ആരോപണം. വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ചത്.

കേരള ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ നേരിട്ട് പരിഗണിക്കുന്നത് കേരള ഹൈക്കോടതിയുടെ സ്ഥിരം രീതിയെന്ന് സുപ്രീം കോടതിയുടെ വിമര്‍ശനം. സെഷന്‍സ് കോടതിയെ സമീപിക്കാതെയെത്തുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതെന്തിനെന്ന് കോടതി ചോദിച്ചു.

ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് അധികാരക്രമമുണ്ടെന്ന് സുപ്രീം കോടതിയുടെ ഓര്‍മപ്പെടുത്തല്‍. ഇത്തരം പ്രവണത ഒരു ഹൈക്കോടതിയിലും സംഭവിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംഭവത്തില്‍ കേരള ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് വിശദീകരണവും തേടി.

വിഷയം പരിശോധിക്കാനായി മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലുത്രയെ അമികസ് ക്യൂറിയായി നിയോഗിച്ചിട്ടുണ്ട്. പോക്‌സോ കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് വിമര്‍ശനം.

കണ്ണൂർ കണ്ണപുരം സ്ഫോടനം: പ്രതി അനൂപ് മാലിക്കിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

വീണ്ടും ബോംബ് ഭീഷണി

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കും വഞ്ചിയൂർ കോടതിക്കും ബോംബ് ഭീഷണി. ഭീഷണി സന്ദേശം എത്തിയത് വഞ്ചിയൂർ കോടതിയുടെ ഇ-മെയിലിൽ.

ശബരിമലയുടെ വികസനത്തിനായി 1,300 കോടിയുടെ മാസ്റ്റർ പ്ലാൻ; ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ

ശബരിമലയുടെ വികസനത്തിനായി 1,300 കോടിയുടെ മാസ്റ്റർ പ്ലാൻ ഉണ്ടെന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ. സ്പോൺസർഷിപ്പ് അടക്കമുള്ളവ ശബരിമലയുടെ വികസനത്തിനായിട്ടാണ് കാണുന്നതെന്നും ദേവസ്വം ബോർഡ്. എന്നാൽ മതേതര സർക്കാർ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത് ശരിയല്ലെന്ന് ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹർജിക്കാർ ഹൈക്കോടതിയിൽ.

കോന്നി സിഐ ആയിരുന്ന മധു ബാബുവിനെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം

കോന്നി സിഐ ആയിരുന്ന മധു ബാബുവിനെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം രംഗത്ത്. പൊലീസ് സ്റ്റേഷന് ഉള്ളിൽ നേരിട്ടത് അതിക്രൂരമായ പീഡനമെന്ന് അനീഷ് പ്രമാടം പറഞ്ഞു. മധു ബാബുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട് പൂർണമായും തല്ലിപ്പൊളിച്ചു. വീട്ടിൽ നിന്നും വസ്ത്രം പോലും ഇടാൻ അനുവദിക്കാതെയാണ് പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ച് കൊണ്ട് പോയത്. മനുഷ്യാവകാശ കമ്മീഷന് അടക്കം പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും അനീഷ് പ്രമാടം ന്യൂസ് മലയാളത്തോട് പറഞ്ഞു.

മാനന്തവാടി നഗരസഭയിൽ ഒരു പാലത്തിന് രണ്ട് ഉദ്ഘാടനം

വയനാട് മാനന്തവാടി നഗരസഭയിൽ ഒരു പാലത്തിന് രണ്ടു ഉദ്ഘാടനം. ചോയിമൂല - കല്ലിയോട് വാർഡുകളെ ബന്ധിപ്പിക്കുന്ന പാലമാണ് രണ്ട് ഉദ്ഘാടനത്തിന് വേദിയായത്. യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നേ സിപിഐഎം പാലത്തിൻ്റെ ഉദ്ഘാടനം നടത്തി.

ഡിവൈഎസ്‌പി മധു ബാബുവിനെതിരെ വീണ്ടും പരാതി

ഇടുക്കി തൊടുപുഴയിൽ ഡിവൈഎസ്‌പി മധു ബാബുവിന് എതിരെ വീണ്ടും പരാതി. തൊടുപുഴ ഡിവൈഎസ്‌പി ആയിരിക്കെ ക്രൂരമായി മർദിച്ചു എന്നാണ് തൊടുപുഴ സ്വദേശി മുരളീധരൻ്റെ പരാതി. കേസ് ഒത്തുതീർക്കാൻ പലരും ശ്രമം നടത്തിയെന്നും പരാതി നൽകിയിട്ടും ഇടപെടൽ ഉണ്ടായില്ലെന്നും ആക്ഷേപം.

ഇപ്പോഴും ഡിഎംസി ചെയർമാൻ തന്നെ, എം.ബി. രാജേഷും ശിവൻകുട്ടിയും അമിതാവേശം കാണിച്ച് ഇളിഭ്യരാവണ്ട: വി.ടി. ബൽറാം

ഇരട്ടവോട്ട് ആരോപണം നിഷേധിച്ച് ടി. സിദ്ദീഖ്

തനിക്കെതിരായ ഇരട്ടവോട്ട് ആരോപണം നിഷേധിച്ച് ടി. സിദ്ദിഖ്. കോഴിക്കോട് നിന്ന് കല്‍പ്പറ്റയിലേക്ക് വോട്ട് മാറ്റാന്‍ അപേക്ഷ നല്‍കിയത് നിയമപ്രകാരമാണ്. നോക്കേണ്ടത് ഇലക്ടറല്‍ ഓഫീസറാണെന്നും ടി. സിദ്ദിഖ് പ്രതികരിച്ചു.

ആലപ്പുഴയിലെ സിപിഐ സമ്മേളന ഐക്യത്തിൻ്റേതാകും: ബിനോയ് വിശ്വം

ഐക്യത്തിൻ്റെ സമ്മേളനമായിരിക്കും ആലപ്പുഴയിലെ സിപിഐ സംസ്ഥാന സമ്മേളനമെന്ന് ബിനോയ് വിശ്വം. അടി മുതൽ മുടി വരെ ഐക്യം പ്രതിഫലിക്കും. സിപിഐ ജനാധിപത്യ പാർട്ടിയാണ്. വിമർശനവും സ്വയം വിമർശനവുള്ള ചർച്ചകളെ പ്രോത്സാഹിപ്പിക്കും. സംഘടനാ ഐക്യം, ആശയ ഐക്യം, രാഷ്ട്രീയ ഐക്യം എന്നിവ പ്രതിഫലിക്കും. ലാഭമല്ല, പണമല്ല ജനങ്ങളാണ് മുഖ്യം എന്നതാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി മുന്നോട്ട് വയ്ക്കുന്ന ആശയമെന്നും ബിനോയ് വിശ്വം.

സംസ്ഥാനത്ത് പൊലീസുകാർക്ക് എതിരെയുള്ള പരാതികളുടെ എണ്ണം കുറഞ്ഞു: പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർപേഴ്സൺ

സംസ്ഥാനത്ത് പൊലീസുകാർക്ക് എതിരെയുള്ള പരാതികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർപേഴ്സൺ ജസ്റ്റിസ്‌ വി.കെ. മോഹനൻ. പൊലീസ് കംപ്ലയിന്റ് അതോറിറ്റിയിലേക്ക് എത്തിയ പരാതികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ലഭിക്കുന്ന പരാതികളിൽ എല്ലാം അന്വേഷണം നടക്കുന്നുണ്ട്. കമ്മീഷൻ നടപടിക്ക് ശുപാർശ ചെയ്യും. അതിനനുസരിച്ച് ഡിപ്പാർട്ട്മെന്റ് നടപടി എടുക്കുന്നുണ്ട്. കുന്നംകുളത്തെ പരാതി നേരിട്ട് അതോറിറ്റിക്ക് ലഭിച്ചിട്ടില്ലെന്നും വി.കെ. മോഹനൻ പറ‍ഞ്ഞു.

സിനിമയ്ക്കുള്ളിലെ പ്രശ്നങ്ങൾ സംഘടനകൾക്കുള്ളിൽ ചർച്ച ചെയ്യണം: ദിലീപ്

സിനിമയ്ക്കുള്ളിലെ പ്രശ്നങ്ങൾ സംഘടനകൾക്കുള്ളിൽ ചർച്ച ചെയ്യണമെന്ന് നടൻ ദിലീപ്. സംഘടനകൾ പരസ്പരം മാറി മാറി നിന്ന് ചെളിവാരി തേക്കുക ആയിരുന്നു. അകത്ത് പറയേണ്ടവർ പുറത്തുപോയി കല്ലെറിയുന്നു. ചാനലിൽ പോയി പറയുന്ന രീതി മാറണമെന്നും ദിലീപ് പറഞ്ഞു. സംഘടനയുടെ അച്ചടക്കം പ്രധാനമാണ്. ഒരു ശബ്ദം മാത്രമേ പുറത്തു വരാൻ പാടുള്ളു. അഭിപ്രായവ്യത്യാസം പുറത്തു വരുന്നത് ശരിയല്ല. ഓരോ അസോസിയേഷനിലും പുറത്തേക്ക് വരുന്ന ശബ്ദം ഒന്നായിരിക്കണമെന്നും ദിലീപ്.

ഉള്ളിൽ പറയാനുള്ളത് ഉള്ളിൽ തന്നെ പറയണം; ദിലീപിനെ പിന്തുണച്ച് സുരേഷ് കുമാർ

ദിലീപിനെ പിന്തുണച്ച് നിർമാതാവ് സുരേഷ് കുമാർ. അഭിപ്രായ വ്യത്യാസങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയരുതെന്നും നാട്ടുകാർ പുച്ഛിക്കുന്ന രീതിയിലേക്ക് മാറരുതെന്നും സുരേഷ് കുമാർ പറഞ്ഞു.

വർക്കലയിൽ യുവാവിൻ്റെ പരാക്രമം;  പ്രകോപനമില്ലാതെ കമ്പിവടി കൊണ്ട് നിരവധി പേരെ ആക്രമിച്ചു

നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ വൻ പ്രതിഷേധം

പീച്ചി സ്റ്റേഷനിലെ മർദനം: എസ്ഐ ആയിരുന്ന പി.എം. രതീഷിന് കാരണം കാണിക്കൽ നോട്ടീസ് നൽകും

തൃശൂർ പീച്ചി സ്റ്റേഷനിൽ ഹോട്ടൽ ഉടമയെയും ജീവനക്കാരെയും മർദിച്ച എസ്ഐ ആയിരുന്ന പി.എം. രതീഷിന് കാരണം കാണിക്കൽ നോട്ടീസ് നൽകും. രതീഷ് കുറ്റക്കാരനെന്ന അന്വേഷണ റിപ്പോര്‍ട്ട് ദക്ഷിണമേഖല ഐ.ജി പരിശോധിച്ചു. എട്ട് മാസമായി മുക്കിയ ഫയലാണ് നാണക്കേട് കാരണം ഇപ്പോൾ പുറത്തായത്.

ജറുസലേമിൽ വെടിവെപ്പ്: നാല് പേർ കൊല്ലപ്പെട്ടു

ഭരിക്കുന്നത് സിനിമയ്ക്കായി ഒന്നും ചെയ്യാത്ത സർക്കാർ: ഫിയോക്

സംസ്ഥാനം ഭരിക്കുന്നത് സിനിമയ്ക്കായി ഒന്നും ചെയ്യാത്ത സർക്കാരെന്ന് ഫിയോക്. സിനിമയെന്ന് കേട്ടാൽ പുറംതിരിഞ്ഞ് നിൽക്കുന്ന സിനിമാ മന്ത്രിയാണെന്നും ഫിയോക്.

ഡിവൈഎസ്‌പി മധു ബാബുവിനെതിരെ കൂടുതൽ തെളിവുകൾ

ഇടുക്കി തൊടുപുഴയിൽ ഡിവൈഎസ്പി മധു ബാബുവിനെതിരെ കൂടുതൽ തെളിവുകൾ. തൊടുപുഴ സ്വദേശി മുരളീധരനെ മധു തെറിവിളിക്കുന്നതിൻ്റെയും തല്ലുന്നതിൻ്റെയും ശബ്ദരേഖ ന്യൂസ് മലയാളത്തിന് ലഭിച്ചു.

പൊലീസ് ക്രൂരതകളുടെ ജീവനുള്ള സാക്ഷിയാണ് ഇന്ദുചൂഡന്റെ കുടുംബം: അടൂർ പ്രകാശ്

കോൺഗ്രസ് നേതാവ് ആർ. ഇന്ദുചൂഡൻ മരിച്ചത് പൊലീസ് മർദനത്തെ തുടർന്നെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പൊലീസ് ക്രൂരതകളുടെ ജീവനുള്ള സാക്ഷിയാണ് ഇന്ദുചൂഡന്റെ കുടുംബമെന്നും അടൂർ പ്രകാശ്.

വിജിൽ നരഹത്യ കേസ്: സരോവരത്തെ പരിശോധന പുനഃരാരംഭിച്ചു

കോഴിക്കോട് വിജിൽ നരഹത്യ കേസില്‍ മൃതദേഹം കണ്ടെത്താനായുള്ള പരിശോധന പുനഃരാരംഭിച്ചു. കോഴിക്കോട് സരോവരത്തെ ചതുപ്പിലാണ് പരിശോധന.

അന്വേഷണ സംഘം പ്രതികളെ ഇന്ന് വീണ്ടും കസ്റ്റഡിയിൽ വാങ്ങിയിരുന്നു. രണ്ടു പ്രതികളെയും എത്തിച്ചാണ് തെളിവെടുപ്പ്. കണ്ടലിലെ വെള്ളം വറ്റിക്കും. പെനിട്രേറ്റിങ് റഡാർ സംവിധാനം ഉപയോഗിച്ചാണ് പരിശോധന. ഡോഗ് സ്ക്വാഡിലെ കഡാവർ നായ്ക്കളെയും എത്തിച്ചിട്ടുണ്ട്.

അതുല്യയുടെ മരണം: സതീഷിൻ്റെ ഇടക്കാല ജാമ്യ ഹർജി മാറ്റിവച്ചു

ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലം സ്വദേശി അതുല്യ മരിച്ചതില്‍ പ്രതി സതീഷിൻ്റെ ഇടക്കാല ജാമ്യത്തിൻ മേലുള്ള ഹർജി മാറ്റി വച്ചു. കേസ് ഈ മാസം 16ന് പരിഗണിക്കും.

ഫോറൻസിക് പരിശോധനാ ഫലം വൈകുന്ന സാഹചര്യത്തിലാണ് കേസ് പരിഗണിക്കാത്തത്. കേസിൽ നിർണായകമാണ് ഫോറൻസിക് പരിശോധനാ ഫലം. അതുല്യയെ മർദിക്കുന്ന ദൃശ്യങ്ങളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനാണ് ഫോറൻസിക് പരിശോധന.

ബിഹാർ എസ്ഐആർ: ആധാര്‍ ഔദ്യോഗിക രേഖകളിലൊന്നാണെന്ന് സുപ്രീം കോടതി

ഔദ്യോഗിക രേഖകളിലൊന്നാണ് ആധാര്‍ എന്ന് സുപ്രീം കോടതി. ബിഹാര്‍ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന് എതിരായ ഹർജികള്‍ പരിഗണിക്കുമ്പോഴായിരുന്നു പരാമർശം.

ആധാര്‍ മേല്‍വിലാസത്തിനുള്ള രേഖയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം പരിശോധിക്കണം. ആധാര്‍ ഉപയോഗിക്കുന്നതിലെ നിയമത്തില്‍ വ്യക്തതയുണ്ട്. ഈ നിയമം അനുസരിച്ച് ആധാര്‍ പൗരത്വ രേഖയല്ല. എന്നാല്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ആധാര്‍ തിരിച്ചറിയല്‍ രേഖയാണ്.

ആധാര്‍ 12ാമത്തെ രേഖയായി ഉപയോഗിക്കുന്നതില്‍ എന്താണ് തടസമെന്ന് ചോദിച്ച സുപ്രീം കോടതി പൗരര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുണ്ടാകണമെന്ന് അറിയിച്ചു.

അരക്കിലോ കഞ്ചാവുമായി അഭിഭാഷകൻ പിടിയിൽ

പാലക്കാട്‌ അരക്കിലോ കഞ്ചാവുമായി അഭിഭാഷകൻ പിടിയിൽ. ജില്ലാ കോടതി അഭിഭാഷകൻ ശ്രീജിത്ത് ആണ് പുതുനഗരത്ത് പിടിയിലായത്. കൊടുവായൂർ ഭാഗത്തു നിന്നു കാറിൽ കഞ്ചാവ് കടത്തുമ്പോഴാണ് ഇയാള്‍ പൊലീസിന്റെ വലയിലായത്.

റെക്കോർഡിട്ട് സ്വർണവില

വീണ്ടും റെക്കോർഡിട്ട് സ്വർണവില. സ്വർണ്ണവില ഗ്രാമിന് പതിനായിരത്തിൽ എത്താൻ ഇനി 15 രൂപ മാത്രം മതിയാകും. നിലവിൽ പവന് 50 രൂപ വർധിച്ച് 9985 രൂപയിലും, പവന് 400 രൂപ വർധിച്ച് 79880 രൂപയിലുമെത്തി.

തൃപ്പൂണിത്തുറയിൽ വാഹനാപകടം; 10ഓളം യാത്രക്കാർക്ക് പരിക്ക്

എറണാകുളം തൃപ്പൂണിത്തുറയിൽ ഉണ്ടായ വാഹനാപകടത്തിൽ 10ഓളം പേർക്ക് പരിക്കേറ്റു. തൃപ്പൂണിത്തുറ സംസ്കൃത കോളേജിന് മുൻവശത്താണ് അപകടമുണ്ടായത്. ഇടറോഡിൽ നിന്നും ക്രെയിൻ പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ മുൻഭാഗത്ത് ബസിൻ്റെ ഒരു ഭാഗം തട്ടിയതാണ് അപകടത്തിന് കാരണമായത്.

ക്രെയിനും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടം

പ്രതിഷേധത്തിൽ ഒൻപത് പേർ മരിച്ചു

നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ ഒൻപത് പേർ മരിച്ചു. സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി യുവാക്കൾ തെരുവിൽ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ഒൻപത് പേരുടെ മരണം റിപ്പോർട്ട് ചെയ്യുന്നത്.

ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് അടക്കം 26 ആപ്പുകൾക്കാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധത്തിന് പിന്നാലെ ഇൻ്റർനെറ്റ്, ഫോൺ സേവനങ്ങൾ സർക്കാർ റദ്ദാക്കിയിട്ടുണ്ട്.

വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി

തിരുവാമ്പാടി പഞ്ചായത്തിലെ പുളല്ലൂരാംപാറ കുറുങ്കയത്ത് വിദ്യാർഥിയെ ഒഴുക്കിൽ പെട്ട് കാണാതായി. 17 കാരൻ അനുഗ്രഹിനെയാണ് കാണാതായത്. മുക്കം ഫയർ ഫോഴ്‌സും നാട്ടുകാരും സ്ഥലത്ത് തിരച്ചിൽ നടത്തുന്നു.

തേക്കിൻകാട് മൈതാനത്തെ കീഴടക്കാൻ പുലികളിറങ്ങി

തൃശൂർ നഗരത്തെ വിറയ്പ്പിക്കാൻ പുലികൾ ഇറങ്ങി. ഒൻപത് അംഗ സംഘങ്ങളാണ് സ്വരാജ് ഗ്രൗണ്ടിൽ ഇറങ്ങിയത്. തൃശൂർ നരഗത്തെയാകെ ആവേശത്തിരയിലാക്കിയ പുലിക്കളിയുടെ സമഗ്ര കവറേജുമായി ന്യൂസ് മലയാളം 24x7. പുലിക്കളിയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി കെ. രാജൻ ഫ്ലാഗ് ഓഫ് ചെയ്തു.

ഒഴുക്കിൽപ്പെട്ട വിദ്യാർഥി മരിച്ചു

തിരുവാമ്പാടി പഞ്ചായത്തിലെ പുളല്ലൂരാംപാറ കുറുങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥി മരിച്ചു. 17 കാരൻ അനുഗ്രഹാണ് മരിച്ചത്. കുട്ടിയെ കാണാതായതിന് പിന്നാലെ മുക്കം ഫയർ ഫോഴ്‌സും നാട്ടുകാരും സ്ഥലത്ത് തിരച്ചിൽ നടത്തിയിരുന്നു.

ആവേശത്തിരയിൽ ജനസാഗരം 

ശക്തൻ്റെ തട്ടകത്തിൽ അയ്യന്തോൾ, വെളിയന്നൂർ ദേശത്തിൻ്റെ പുലികളാണ് ആദ്യം ഇറങ്ങിയത്. കുട്ടിപ്പുലികളും പെൺപുലികളും ചേർന്ന് ജനസാഗരത്തിൻ്റെ ആവേശത്തിന് മാറ്റുകൂട്ടി.

പുലിക്കളി

"കേരളം ഇതുവരെ കാണാത്ത വിധത്തിലുള്ള പുലിക്കളി"

കേരളത്തിൽ ഇതുവരെ കാണാത്ത വിധത്തിലുള്ള പുലിക്കളിയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ഒൻപത് സംഘങ്ങളിൽ നിന്നായി 459 പുലികൾ നഗരത്തിൽ ഇറങ്ങും. 3 വയസ് മുതൽ 94 വരെയുള്ളവർ പുലിക്കളിയിൽ മാറ്റുരയ്ക്കുന്നു. ആധുനികതയും പഴമയും ഒത്തുചേർന്നതാണ് ഇത്തവണത്തെ പുലിക്കളിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പുലിക്കളിക്കിടെ മന്ത്രിയും മേയറും കളക്ടറും

തിരച്ചിൽ അവസാനിപ്പിച്ചു

കോഴിക്കോട് സരോവരത്ത് കുഴിച്ചുമൂടിയ വിജിലിൻ്റെ മൃതദേഹത്തിനായുള്ള തെരച്ചിൽ പൊലീസ് അവസാനിപ്പിച്ചു. പ്രദേശത്തെ വെള്ളക്കെട്ട് തിരച്ചിലിന് പ്രതികൂലമായി മാറിയ സാഹചര്യത്തിലാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്.

"മന്ത്രി പുലി, മേയര്‍ പുലി, കളക്ടര്‍ പുലി' ... തൃശൂരില്‍ കളി മാറും"

"ഉദ്ഘാടന പരിപാടിക്ക് ആളില്ലാ സദസ്"; സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി

പാലക്കാട് കഞ്ചിക്കോട് ഇൻഡസ്ട്രിസ് ഫോറം സംഘടിപ്പിക്കുന്ന ഇൻഡ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി സംഘാടകരെ രൂക്ഷമായി വിമർശിച്ചു. പരിപാടിക്ക് ആളില്ലാത്തതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ മർദിച്ചതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്.

യൂത്ത് കോൺഗ്രസിൻ്റെ 5 നേതാക്കളെ പ്രതി ചേർത്തു. കണ്ടാലറിയാവുന്ന 75 പേർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

"പൊലീസിനെതിരായ പ്രചരണം ആസൂത്രിതം"

സംസ്ഥാനത്ത് പൊലീസിനെതിരെ നടക്കുന്ന പ്രചരണം ആസൂത്രിതമെന്ന് സിപിഐഎം നേതാവ് ഇ. പി. ജയരാജൻ. പൊലീസ് സേനയിലെ എല്ലാവരും സർക്കാരിൻ്റെ പ്രതിച്ഛായ സംരക്ഷിക്കാൻ നടക്കുന്നവരല്ല. എന്നാൽ ദൃശ്യങ്ങൾ മാത്രം നോക്കി നടപടിയെടുക്കാനും കഴിയില്ല. ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് മാത്രമേ നടപടിയെടുക്കാൻ സാധിക്കുകയുള്ളൂ. അല്ലാതെ തൂക്കിക്കൊല്ലാനോ തല്ലാനോ കഴിയില്ലല്ലോ എന്നും ജയരാജൻ പറഞ്ഞു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ

രാജ്യത്തെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ബിആർഎസ് പാർട്ടി വർക്കിങ് പ്രസിഡൻ്റ് കെ. ടി. രാമ റാവു അറിയിച്ചു. തെലങ്കാനയിലെ കർഷകരുടെ പ്രശ്നങ്ങളും കേന്ദ്രത്തിൻ്റെ അവഗണനയും ചൂണ്ടിക്കാട്ടിയാണ് വിട്ടുനിൽക്കുന്നതെന്നും അവർ വ്യക്തമാക്കി.

പുൽപ്പള്ളിയിൽ ഒരാഴ്ചത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

പുൽപ്പള്ളിയിൽ ഒരാഴ്ചത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പാതിരി പുത്തന്‍പുരയ്ക്കല്‍ പി.ജെ. ഷാജു (56)ആണ് മരിച്ചത്. വീട്ടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

വക്കീൽ നോട്ടീസ് അയച്ച് സൗമ്യ സരിൻ

ഡോ.പി.സരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് ട്രാൻസ് വുമൺ രാഗരഞ്ജിനിക്ക് മാനനഷ്ടത്തിന് നോട്ടീസ് അയച്ചെന്ന് ഡോ. സൗമ്യ സരിൻ. ഫേസ്ബുക്കിൽ കുറിപ്പിലൂടെയാണ് സൗമ്യ വിവരം പങ്കുവെച്ചത്.

ഓയൂരിൽ ബസ് അപകടം; യാത്രക്കാർക്ക് പരിക്ക്

കൊല്ലം ഓയൂരിലുണ്ടായ വാഹനാപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തുപ്പുഴയിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും എതിരെ വന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.

സമരം തുടരും: വി. ഡി. സതീശൻ

കസ്റ്റഡി മർദനങ്ങളില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും, ക്രിമിനലുകളെ സര്‍വീസില്‍ നിന്നും പുറത്താക്കുന്നതു വരെ സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ആഭ്യന്തര വകുപ്പില്‍ മുഖ്യമന്ത്രിക്ക് ഒരു നിയന്ത്രണവുമില്ലെന്ന് തുടര്‍ച്ചയായി തെളിയുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

നേപ്പാള്‍ ആഭ്യന്തര വകുപ്പ് മന്ത്രി രാജിവച്ചു

നേപ്പാളിൽ ജെൻസി പ്രതിഷേധം കനക്കുന്നതിനിടെ ആഭ്യന്തര വകുപ്പ് മന്ത്രി രമേഷ് ലഖാക് രാജിവച്ചു. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, പ്രതിഷേധത്തിൽ പങ്കെടുത്ത് മരിച്ചവരുടെ എണ്ണം 20 ആയി എന്നും റിപ്പോർട്ടുണ്ട്.

ഹണി ട്രാപ്പിലൂടെ പണം തട്ടിയ മൂന്നുപേർ പിടിയിൽ

ഹണി ട്രാപ്പിലൂടെ പണം തട്ടിയ മൂന്നുപേർ പിടിയിൽ. മാവേലിക്കര സ്വദേശിനി ഗൗരി നന്ദ, തിരൂരങ്ങാടി പാണഞ്ചേരി സ്വദേശിനി അൻസിന, ഇവരുടെ ഭർത്താവ് മുഹമ്മദ് അഫീഫ് എന്നിവരെയാണ് കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. അഴിഞ്ഞിലം സ്വദേശിയായ യുവാവിനെയാണ് ഇവർ ഹണി ട്രാപ്പിൽ കുടുക്കിയത്.

രണ്ട് സൈനികർക്ക് വീരമൃത്യു 

കുൽഗാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിനിടെ ഗുഡ്ഡാർ വനത്തിൽ വെടിവെപ്പ് ഉണ്ടാവുകയായിരുന്നു.

വാഹനാപകടത്തിൽ ഒരു മരണം

വർക്കലയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വർക്കല സ്വദേശി അബ്ദുൽ റഫ്(58) ആണ് മരിച്ചത്. ബൈക്കിൽ എത്തിയ യുവാവ് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ അബ്ദുൽ റൂഫിൻ്റെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

ലക്ഷദ്വീപിൽ വിചിത്ര ഉത്തരവുമായി ഭരണകൂടം

ലക്ഷദ്വീപിൽ വിചിത്ര ഉത്തരവുമായി ഭരണകൂടം. തെങ്ങിൽ നിന്നും തേങ്ങ പറിക്കാൻ 24 മണിക്കൂർ മുമ്പ് അനുവാദം ചോദിക്കണം, തെങ്ങ് കയറുന്നയാൾ കൈയുറകളും താഴെ നിൽക്കുന്നയാൾ ഹെൽമെറ്റും ധരിക്കണമെന്നും ഉത്തരവിൽ പറയുന്നു. ആന്ത്രോത്ത് കൽപ്പനി ദ്വീപുകളിലാണ് നിർദേശം നൽകിയിരിക്കുന്നത്. ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെ ലക്ഷദ്വീപ് കളക്ടർക്ക് അഭിഭാഷകൻ പരാതി നൽകി.

31 സീനിയർ സിപിഒമാർ പൊലീസ് സേനയുടെ ഭാഗമായി

മലപ്പുറം എംഎസ്‌പി ഗ്രൗണ്ടിൽ പരിശീലനം പൂർത്തിയാക്കിയ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരുടെ പാസിങ് ഔട്ട്‌ പരേഡ് നടന്നു. സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്ര ശേഖർ അഭിവാദ്യം സ്വീകരിച്ചു. ഇതോടെ 31 പേർ പൊലീസ് സേനയുടെ ഭാഗമായി.

എംഎസ്‌പി അസി. കമാണ്ടൻ്റ് കെ. വി. രാജേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർ തസ്തികയിലാണ് പരിശീലനം നേടിയവർ നിയമിതരായത്. കോട്ടയം സ്വദേശി ആൽബിൻ കെ. ജെയിംസൺ പരേഡ് നയിച്ചു. പരിശീലന കാലയളവിൽ മികവ് തെളിയിച്ചവർക്ക് പൊലീസ് മേധാവി പുരസ്‌കാരം നൽകി.

"വാർത്തകൾ ആസൂത്രിതം, വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് ഏമാൻ"

നിരവധി പേരെ മർദിച്ചെന്ന ആരോപണത്തോട് പ്രതികരിച്ച് ആലപ്പുഴ ഡിവൈ‌എസ്‌പി എം.ആർ. മധുബാബു. ഫേസ്ബുക്കിലൂടെയാണ് ഡിവൈ‌എസ്‌പിയുടെ പ്രതികരണം.

തനിക്കെതിരായ വാർത്തകൾ ആസൂത്രിതമാണെന്നും, വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് പിന്നിൽ ഒരു ഏമാനാണെന്നും എം. ആർ. മധുബാബു ഫേസ്ബുക്കിൽ കുറിച്ചു. റിട്ടയർമെൻ്റിനുശേഷം ഏമാന് ഇവൻ്റ് മാനേജ്മെൻ്റ് തുടങ്ങുകയാണ് പറ്റിയ പണിയെന്നും, അണിയറയിൽ കൂടുതൽ പേരെ ഒരുക്കുന്നുണ്ടെന്നും മധു ബാബു പരിഹസിച്ചു.

പുലിക്കളിയിൽ ഒന്നാം സ്ഥാനം യുവജന സംഘം വിയ്യൂരിന്

ശക്തൻ്റെ തട്ടകത്തിൽ ഇന്ന് അരങ്ങേറിയ പുലിക്കളിയിൽ ഒന്നാം സ്ഥാനം യുവജന സംഘം വിയ്യൂർ കരസ്ഥമാക്കി.

അച്ചടക്കം

1. നായ്ക്കാനാൽ (സമ്മാനത്തുക 17500)

പുലികൊട്ട്

1. സീതാറാം (സമ്മാനത്തുക12500)

2. നായ്ക്കാനാൽ (സമ്മാനത്തുക9375)

3. വിയ്യൂർ (സമ്മാനത്തുക 6500)

പുലിവേഷം

1. വിയ്യൂർ 12500(സമ്മാനത്തുക)

2. സീതാറാം 9375(സമ്മാനത്തുക)

3. നയ്ക്കനാൽ 6350(സമ്മാനത്തുക)

പുലിചമയം

1. വിയ്യൂർ 25001(സമ്മാനത്തുക)

2. നായ്ക്കനാൽ 20001(സമ്മാനത്തുക)

3. സീതാറാം 15001(സമ്മാനത്തുക)

*Consolidation prizes to everyone

പുലിവണ്ടി

1. അയ്യന്തോൾ

2. പാട്ടുരായ്ക്കൽ 9375(സമ്മാനത്തുക)

3. വിയ്യൂർ (സമ്മാനത്തുക 6250)

ടാബ്ലോ

1. അയ്യന്തോൾ 50000(സമ്മാനത്തുക)

2. നായ്ക്കനാൽ 43750(സമ്മാനത്തുക)

3. സീതാറാം 37500(സമ്മാനത്തുക)

പുലിവര

1. സീതാറാം

2. വിയ്യൂർ

3. കുട്ടൻകുളങ്ങര

വേദിയിലെത്തി വേടൻ 

പീഡനാരോപണങ്ങൾ നിലനിൽക്കുന്നതിനിടെ വേദിയിലെത്തി റാപ്പർ വേടൻ. ഒരുപാട് ആളുകൾ വിചാരിക്കുന്നത് വേടൻ എവിടെയോ പോയെന്നാണ് കരുതുന്നത്. എന്നാൽ ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകുന്നില്ല. ജീവിതം ജനങ്ങൾക്കു മുൻപിൽ ജീവിച്ചു മരിക്കാൻ തന്നെയാണ് വന്നിരിക്കുന്നത്. കോന്നിയിൽ നടന്ന കരിയാട്ടം പരിപാടിയിലായിരുന്നു വേടൻ്റെ പ്രതികരണം.

ഫ്രഞ്ച് പ്രധാനമന്ത്രി പുറത്ത്

ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാൻസ്വ ബെയ്റോ പുറത്ത്. അവിശ്വാസ പ്രമേയത്തിലൂടെയാണ് പ്രധാനമന്ത്രിയെ പുറത്താക്കിയത്. അധികാരത്തിലേറി ഒമ്പത് മാസത്തിന് ശേഷമാണ് പദവി ഒഴിയുന്നത്.

SCROLL FOR NEXT