NEWSROOM

അയാൾക്ക് കമലയോട് തോൽക്കാൻ ഭയം; പാർട്ടി കൺവെൻഷനിൽ ട്രംപിനെതിരെ ആഞ്ഞടിച്ച് ഒബാമ

അയാളെ പിന്തുണയ്ക്കുന്നവർ യഥാർഥ അമേരിക്കക്കാരാണെന്നും, ബാക്കിയുള്ളവർ പുറത്തുള്ളവരാണെന്നുമുള്ള നിലയിലാണ് അയാളുടെ പ്രചരണം

Author : ന്യൂസ് ഡെസ്ക്

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ കമല ഹാരിസിനോട് തോൽക്കാൻ ഡൊണാൾഡ് ട്രംപിന് ഭയമാണെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ബരാക്ക് ഒബാമ. തോൽക്കാൽ ഭയമായതുകൊണ്ടാണ് അയാൾ പല ഗൂഢാലോചനകളും നടത്തുന്നത്. ട്രംപ് നമ്മളും അവരും എന്ന നിലയിൽ രാജ്യത്തെ വിഭജിക്കാൻ ആഗ്രഹിക്കുന്നു. അയാളെ പിന്തുണയ്ക്കുന്നവർ യഥാർഥ അമേരിക്കക്കാരെന്നും, ബാക്കിയുള്ളവർ പുറത്തുള്ളവരാണെന്ന നിലയിലുമാണ് അയാളുടെ പ്രചരണം. അത് രാഷ്ട്രീയത്തിലെ പഴയ തന്ത്രമാണ്. അത് അമേരിക്കക്കാർ കണ്ട് മടുത്തതാണെന്നും ബരാക്ക് ഒബാമ പറഞ്ഞു. ഇന്നലെ ആരംഭിച്ച ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കൺവെൻഷനിടെയാണ് ഒബാമ ട്രംപിനെതിരെ ആഞ്ഞടിച്ചത്.

പതിനാറ് വർഷങ്ങൾക്ക് മുൻപ് അമേരിക്കയുടെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി തെരഞ്ഞെടുപ്പിൽ മൽസരിച്ചപ്പോൾ, താൻ എടുത്ത ഏറ്റവും മികച്ച തീരുമാനം ജോ ബൈഡനെ തൻ്റെ വൈസ് പ്രസിഡൻ്റായി പ്രഖ്യാപിച്ചതായിരുന്നു. ഞങ്ങൾ രണ്ട് വ്യത്യസ്ത ലോകങ്ങളിൽ നിന്നാണ് വന്നത്, എന്നാൽ ഞങ്ങൾ സഹോദരന്മാർക്ക് സമമായി മാറി. ബൈഡൻ്റെ സഹാനുഭൂതിയോടും മാന്യതയോടും തനിക്ക് ആരാധന തോന്നിയിട്ടുണ്ടെന്നും ഒബാമ കൺവെൻഷനിൽ പറഞ്ഞു.

വലിയ ഹർഷാരവങ്ങളാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കൺവെൻഷനിൽ ഒബാമയ്ക്ക് ലഭിച്ചത്. അമേരിക്കയുടെ 50 സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള തെരഞ്ഞെടുത്ത ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധികൾ പങ്കെടുക്കുന്ന കൺവെൻഷൻ, തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കമായാണ് പാർട്ടി കാണുന്നത്. ഓഗസ്റ്റ് 22നാണ് ദേശീയ കൺവെൻഷൻ അവസാനിക്കുന്നത്.

SCROLL FOR NEXT