NEWSROOM

ഹിന്‍ഡന്‍ബര്‍ഗ് അദാനിയെ ആദ്യം വരിഞ്ഞുമുറുക്കിയത് ഇങ്ങനെ...

എന്തായിരുന്നു അദാനിയെന്ന വ്യവസായ ഭീമനെതിരെ ഹിന്‍ഡന്‍ബര്‍ഗ് പുറത്തു വിട്ട വിവരങ്ങള്‍? ആരാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്?

Author : ന്യൂസ് ഡെസ്ക്

ഹിന്‍ഡന്‍ബര്‍ഗ് എന്ന പേര് ഇന്ത്യയില്‍ സുപരിചിതമായത് അദാനിയുമായി ചേര്‍ത്താണ്. ഇത് രണ്ടും ചേര്‍ത്ത് പറയുന്നതിന് ഭരണകൂടം അപ്രഖ്യാപിതമായ വിലക്കുപോലും കല്‍പ്പിച്ചിരുന്നു. എന്തായിരുന്നു അദാനിയെന്ന വ്യവസായ ഭീമനെതിരെ ഹിന്‍ഡന്‍ബര്‍ഗ് പുറത്തു വിട്ട വിവരങ്ങള്‍? ആരാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്?

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് - വിപണി നിരീക്ഷകർ

യുഎസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലറാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. കമ്പനികളുടെ സ്റ്റോക്ക് വിലയിലെ ഇടിവില്‍ നിന്ന് ലാഭം നേടുന്നവരാണ് ഷോര്‍ട്ട് സെല്ലേഴ്‌സ്. കമ്പനികളുടെ ഇക്വിറ്റി, ക്രെഡിറ്റ്, ഡെറിവേറ്റീവ് ഓഫറുകള്‍ എന്നിവ വിശകലനം ചെയ്യുന്ന സ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്.

പരസ്യമായി ട്രേഡ് ചെയ്യുന്ന കമ്പനികളെക്കുറിച്ച് അന്വേഷണങ്ങള്‍ നടത്തുക, കോര്‍പ്പറേറ്റുകളുടെ ഭാഗത്തു നിന്നുണ്ടാകുന്ന തിരിമറികള്‍ കണ്ടുപിടിച്ച് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുക എന്നിങ്ങനെയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. അങ്ങനെയൊരു അന്വേഷണത്തിലാണ് അദാനി ഗ്രൂപ്പിനെ സംബന്ധിക്കുന്ന വിവരങ്ങളും പുറത്തുവരുന്നത്.

ഇന്ത്യന്‍ വിപണിയിലെ ഭീമനായ അദാനി ഗ്രൂപ്പ് വര്‍ഷങ്ങളായി ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തുന്നുവെന്ന റിപ്പോര്‍ട്ട് 2023 ജനുവരി 25നാണ് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിടുന്നത്. വിദേശത്തുള്ള ഷെല്‍ കമ്പനികളില്‍ നിന്നും സ്വന്തം കമ്പനികളിലേക്ക് നിക്ഷേപം നടത്തി അദാനി ഗ്രൂപ്പ് ഓഹരിവില പെരുപ്പിച്ചു കാട്ടിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം.

Also Read: 

രണ്ട് വര്‍ഷത്തെ അന്വേഷണത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു റിപ്പോര്‍ട്ട്. ആയിരക്കണക്കിന് രേഖകള്‍ വിശകലനം ചെയ്തും ഷെല്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനും ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്. മാത്രമല്ല, അദാനി ഗ്രൂപ്പിലെ നിരവധി മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളില്‍ നിന്നും നേരിട്ട് ശേഖരിച്ച വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കേവലമൊരു ആരോപണമായി ഇതിനെ തള്ളിക്കളയാന്‍ സാധിക്കില്ല.

അദാനിക്ക് കിട്ടിയ 'സർപ്രൈസ്' തിരിച്ചടി

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിനെ സാരമായി ബാധിച്ചു. ഓഹരിയില്‍ വന്‍ തോതില്‍ ഇടിവുണ്ടായി. വ്യവസായ ശൃംഖലയുടെ വിശ്വാസ്യത നഷ്ടമായി. അദാനിയുമായി ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങള്‍ക്ക് ഏകദേശം 112 ബില്യണ്‍ ഡോളര്‍ നഷ്ടം രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ അദാനിയുടെ സ്വകാര്യ സ്വത്തിലും ചോര്‍ച്ചയുണ്ടായി.

Also Read: 

അദാനിയും ഹിന്‍ഡന്‍ബര്‍ഗും ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തിലും ചര്‍ച്ചാവിഷയമായി. പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ കക്ഷികള്‍ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ടു. അദാനി സ്ഥാപനങ്ങളുമായി ബന്ധമുള്ള ചില സര്‍ക്കാര്‍ കമ്പനികളിലും പ്രതിഷേധങ്ങളുണ്ടായി. ഭരണകക്ഷി എന്നാല്‍ വലിയൊരു സമയവും മൗനം പാലിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാനുള്ള വിദേശ ശക്തികളുടെ ശ്രമമായി പലരും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ വിശേഷിപ്പിച്ചു. എന്നാല്‍ പ്രതിഷേധങ്ങള്‍ കടുത്തതോടെ ഇന്ത്യന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ (സെബി) ഓഹരി തകര്‍ച്ച പരിശോധിക്കുന്നതിനൊപ്പം അദാനിയുടെ 2.5 ബില്യണ്‍ ഡോളറിന്റെ ഓഹരി വില്‍പ്പനയില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷണവും ആരംഭിച്ചു. എന്നാല്‍ അന്വേഷണം മന്ദഗതിയിലായിരുന്നു.

പ്രതിപക്ഷത്തിന്റെ നാവില്‍ നിന്നു പോലും ഹിന്‍ഡന്‍ബര്‍ഗ് എന്ന വാക്ക് മാഞ്ഞു തുടങ്ങിയപ്പോള്‍ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ആദ്യം ഉദ്വേഗം ജനിപ്പിക്കുന്ന ഒരു എക്‌സ് പോസ്റ്റില്‍ ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന് അറിയിച്ചു. അദാനി ഗ്രൂപ്പിനെ ലക്ഷ്യം വെച്ചാണ് പുതിയ വെളിപ്പെടുത്തലുമെന്ന് നിരീക്ഷണങ്ങള്‍. ഒടുവില്‍, വെളിപ്പെടുത്തല്‍. സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനും ഭര്‍ത്താവിനും അദാനിയുമായി ബന്ധപ്പെട്ട ഓഫ്‌ഷോര്‍ ഫണ്ടുകളില്‍ ഓഹരിയുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ കണ്ടെത്തല്‍. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ രാഷ്ടീയത്തില്‍ ഹിന്‍ഡന്‍ബര്‍ഗ് വീണ്ടും ചര്‍ച്ചയാകും. അദാനിക്കും സെബിക്കും സര്‍ക്കാരിനും അഗ്നി പരീക്ഷയാണ് വരും ദിവസങ്ങള്‍.


SCROLL FOR NEXT