NEWSROOM

ഹിന്‍ഡന്‍ബര്‍ഗ് 'ആ വലിയ വിവരം' പുറത്തുവിട്ടു; അദാനിയുടെ ഷെൽ കമ്പനികളിൽ സെബി ചെയര്‍പേഴ്‌സണ് നിക്ഷേപം

വ്യവസായ മാര്‍ക്കറ്റില്‍ ക്രമക്കേടുകള്‍ നടത്തുവാന്‍ അദാനി ഗ്രൂപ് ഉപയോഗിച്ചത് ഈ കമ്പനികളാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് 2023ല്‍ റിപ്പോർട്ട് ചെയ്തിരുന്നു

Author : ന്യൂസ് ഡെസ്ക്

സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനും ഭര്‍ത്താവിനും അദാനിയുമായി ബന്ധപ്പെട്ട ഓഫ്‌ഷോര്‍ ഫണ്ടുകളില്‍ ഓഹരിയുണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. വിസില്‍ബ്ലോവര്‍ രേഖകളെ ആധാരമാക്കിയാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഹിന്‍ഡന്‍ബര്‍ഗ് പറയുന്നത് പ്രകാരം, ഗൗതം അദാനി, സഹോദരന്‍ വിനോദ് അദാനി എന്നിവരുമായി ബന്ധപ്പെട്ട ബര്‍മൂഡ, മൗറീഷ്യസ് ഫണ്ടുകളിലാണ് സെബി ചെയര്‍പേഴ്‌സണ് ഓഹരിയുള്ളത്. വ്യവസായ മാര്‍ക്കറ്റില്‍ ക്രമക്കേടുകള്‍ നടത്തുവാന്‍ അദാനി ഗ്രൂപ് ഉപയോഗിച്ചത് ഈ കമ്പനികളാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് 2023ല്‍ റിപ്പോർട്ട് ചെയ്തിരുന്നു.

2023ല്‍ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്ന ഷെല്‍ കമ്പനികളിലാണ് മാധബിക്ക് ഓഹരിയുള്ളത്. അദാനി ഗ്രൂപ്പിനെതിരെയുള്ള സെബിയുടെ അന്വേഷണം മന്ദഗതിയിലായത് ചെയര്‍പേഴ്‌സണ് ഓഹരിയുണ്ടായതു കൊണ്ടാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു.

സെബിയില്‍ മാധബി ചുമതല ഏറ്റെടുക്കുന്നതിനു മുന്‍പ് അന്വേഷണങ്ങള്‍ ഒഴിവാക്കാന്‍ നിക്ഷേപങ്ങള്‍ ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റുവാനായി അപേക്ഷിച്ചിരുന്നുവെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.

2023 ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് വെളിയില്‍ വന്നതിനു ശേഷം അദാനിയുടെ ഓഹരിമൂല്യത്തില്‍ 72 ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്. വിദേശത്തുള്ള ഷെല്‍ കമ്പനികളില്‍ നിന്നും സ്വന്തം കമ്പനികളിലേക്ക് നിക്ഷേപം നടത്തി അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ചു കാട്ടിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം.

ഇന്ന് രാവിലെയാണ് ഹിന്‍ഡന്‍ബര്‍ഗ് ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് എക്സ് പോസ്റ്റിട്ടത്. അദാനി ഗ്രൂപ്പിനെ ലക്ഷ്യം വെച്ചാണ് പുതിയ വെളിപ്പെടുത്തലെന്ന് ഊഹങ്ങളുണ്ടായിരുന്നു.


SCROLL FOR NEXT