തിരുവനന്തപുരം വഞ്ചിയൂരില്‍ യുവതിക്ക് നേരെയുണ്ടായ വെടിവെപ്പില്‍ ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പൊലീസ്. അക്രമിയെത്തിയ കാറിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. വ്യക്തി വൈരാഗ്യമാണ്അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വഞ്ചിയൂര്‍ ചെമ്പകശ്ശേരി സ്വദേശി ഷിനിക്ക് നേരെയാണ് കഴിഞ്ഞ ദിവസംമൂടി ധരിച്ചെത്തിയ സ്ത്രീ വെടിയുതിര്‍ത്തത്. സംഭവത്തില്‍ പ്രതി സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് തെളിഞ്ഞു. ഈ വാഹനം ആറ്റിങ്ങല്‍ ഭാഗത്ത് സഞ്ചരിച്ചെന്നസൂചനകളാണ്ഇപ്പോള് ലഭിക്കുന്നത്. അതിനാല്‍ ആറ്റിങ്ങല്‍ കേന്ദ്രീകരിച്ചുള്ള കൂടുതല്‍ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പൊലീസ് ശേഖരിക്കുന്നത്.
ALSO READ: തിരുവനന്തപുരത്ത് എയർഗൺ കൊണ്ട് വീട്ടമ്മയ്ക്ക് നേരെ വെടിയുതിർത്തു; അക്രമി കൊറിയറുമായെത്തിയ സ്ത്രീ
ഷിനിയുടെ വീടുള്ള റസിഡന്‍ഷ്യല്‍ ഏരിയയിലെ ഒരു സിസിടിവി ദൃശ്യത്തില്‍ മാത്രമാണ് കാര്‍ കൃത്യമായി പതിഞ്ഞത്. എന്നാല്‍ പ്രതി അക്രമം നടത്തിയതുമായി ബന്ധപ്പെട്ട ഒരു ദൃശ്യങ്ങളും ലഭ്യമായിട്ടില്ല. നിലവില്‍ ശേഖരിച്ച ദൃശ്യങ്ങളില്‍ നിന്ന് പ്രതിയുടെയോ വാഹനത്തില്‍ ഉണ്ടായിരുന്ന ഡ്രൈവറുടെയോ മുഖം വ്യക്തമല്ല. തലയും മുഖവും മറച്ചായിരുന്നു പ്രതി വീട്ടുമുറ്റത്തേക്ക് കടന്നതും അക്രമം നടത്തിയതും. അതിനാല്‍ വീട്ടിലുള്ളവര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അക്രമത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.
കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് വഞ്ചിയൂര്‍ ചെമ്പകശ്ശേരി സ്വദേശിനിയായ ഷിനിയെ വീട് കയറി എയര്‍ഗണ്‍ ഉപയോഗിച്ച് അക്രമി വെടിവെച്ചത്. ഷിനിക്ക് പാഴ്സല്‍ നല്‍കാനെന്ന വ്യാജേനയാണ് അക്രമിയെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കൈയില്‍ കരുതിയിരുന്ന എയര്‍ ഗണ്‍ ഉപയോഗിച്ച് മൂന്ന് തവണയാണ് അക്രമി വെടിയുതിര്‍ത്തത്.