NEWSROOM

ഇസ്രയേലിനെ കഠിനമായി ശിക്ഷിക്കണമെന്ന ഖമേനിയുടെ ഉത്തരവ് നടപ്പാക്കാൻ രാജ്യം സന്നദ്ധമെന്ന് ഇറാൻ സൈന്യം

ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ അതിര്‍ത്തിക്കുള്ളില്‍ നടന്ന കൊലപാതകത്തിന് മറുപടി കൊടുക്കണമെന്നാണ് ആയത്തുല്ല ഖുമേനി നേരത്തെ ആഹ്വാനം ചെയ്തത്

Author : ന്യൂസ് ഡെസ്ക്

ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ കൊലപാതകത്തിന് പകരമായി, ഇസ്രയേലിനെ "കഠിനമായി ശിക്ഷിക്കണം" എന്ന പരമോന്നത നേതാവ് അലി ഖമേനിയുടെ ഉത്തരവ് നടപ്പാക്കാൻ രാജ്യം സന്നദ്ധമാണെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഡെപ്യൂട്ടി കമാൻഡർ അലി ഫദവി പറഞ്ഞതായി ഇറാനിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

“ഇസ്രയേലിനെ കഠിനമായ ശിക്ഷിക്കാനും, രക്തസാക്ഷി ഇസ്മയിൽ ഹനിയയുടെ രക്തത്തിനുള്ള പ്രതികാരവും സംബന്ധിച്ച് പരമോന്നത നേതാവിൻ്റെ ഉത്തരവുകൾ വ്യക്തവും സ്പഷ്ടവുമാണ്. അവ സാധ്യമായ ഏറ്റവും മികച്ച രീതിയിൽ തന്നെ നടപ്പിലാക്കും,” അലി ഫദവിയെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.

ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ അതിര്‍ത്തിക്കുള്ളില്‍ നടന്ന കൊലപാതകത്തിന് മറുപടി കൊടുക്കണമെന്നാണ് ആയത്തുല്ല ഖുമേനി നേരത്തെ ആഹ്വാനം ചെയ്തത്. 'ഈ രക്തത്തിനു പ്രതികാരം ചെയ്യേണ്ടത് നമ്മുടെ കടമയാണ്' എന്നായിരുന്നു ഇറാൻ പരമോന്നത നേതാവിന്‍റെ ആദ്യ പരസ്യ പ്രതികരണം.

ജൂലൈയിലാണ് തെഹ്റാനിൽ വെച്ച് ഹമാസിൻ്റെ രാഷ്ട്രീയ നേതാവായ ഹനിയ കൊല്ലപ്പെടുന്നത്. ഇറാൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട മസൂദ് പെസെഷ്‌കിയാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ തെഹ്റാനില്‍ എത്തിയതായിരുന്നു ഇസ്മയില്‍ ഹനിയ. രണ്ട് മണിക്ക് ചടങ്ങില്‍ പങ്കെടുത്ത ശേഷം ഹനിയ ഖമേനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം, ഇറാൻ്റെ എതിർപ്പുകളെ നേരിടാനും ഇസ്രയേലിനെ പിന്തുണയ്ക്കാനും യുഎസ് സജ്ജമാണെന്ന് അമേരിക്കൻ നാഷണൽ സെക്യൂരിറ്റി വക്താവ് ജോൺ കിർബി പറഞ്ഞു. മേഖലയിലെ ധാരാളം വിഭവങ്ങൾ ഉപയോഗിച്ച് ഇസ്രയേലിനെ പ്രതിരോധിക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT