ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബത്തെ കാണാൻ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ ഇന്നെത്തും. ഈശ്വർ മാൽപെ രാവിലെ 11 മണിയോടെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തുമെന്നാണ് സൂചന. കുടുംബത്തിൻ്റെ ആവശ്യപ്രകാരം മാൽപെ പല തവണ ഗംഗവലി പുഴയിലിറങ്ങി പരിശോധന നടത്തിയിട്ടും അർജുനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നില്ല.
പ്രതികൂല സാഹചര്യങ്ങളെ മുൻനിർത്തി കഴിഞ്ഞ വെള്ളിയാഴ്ച മാൽപെയ്ക്കും സംഘത്തിനും തെരച്ചിൽ നിർത്തിവെക്കേണ്ടി വന്നിരുന്നു. പുഴയിൽ കൂറ്റൻ മരങ്ങളും മണ്ണും പാറക്കല്ലുകളും വീണ് കിടക്കുന്ന സാഹചര്യത്തിലാണ് തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചത്. ചെളി നിറഞ്ഞതിനാൽ പുഴയിലെ കാഴ്ച പൂർണമായും മറയുന്ന സ്ഥിതിയാണ് ഇപ്പോൾ. ഇതോടെ ഡ്രഡ്ജർ എത്തിച്ച ശേഷം മാത്രം തെരച്ചിൽ നടത്തിയാൽ മതിയെന്ന നിലപാടിലാണ് ജില്ലാഭരണകൂടം. വിഷയത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് മാൽപെ അർജുൻ്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തുന്നത്.
ALSO READ: ഷിരൂരിൽ ഇന്ന് തെരച്ചിലില്ല; ഡൈവിങ് ബുദ്ധിമുട്ടാണെന്ന് ദൗത്യസംഘം
ഡ്രഡ്ജിങ് മെഷീൻ എത്തിക്കാൻ 50 ലക്ഷം രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. അടുത്ത വ്യാഴാഴ്ചയോടെ മാത്രമേ ഡ്രഡ്ജർ എത്തിക്കാനാകു എന്നാണ് കമ്പനി അറിയിച്ചത്. 22 ലക്ഷം രൂപയാണ് ട്രാൻസ്പോർട്ടേഷന് മാത്രമായി ചെലവ് വരുന്നത്. ബാക്കി തുക ഡ്രഡ്ജറിന് വാടകയിനത്തിലും നൽകണം. നാലു ലക്ഷം രൂപയാണ് മെഷീൻ്റെ ദിവസ വാടക. ഇതിൻ്റെ ചിലവ് ഉത്തര കന്നഡ ജില്ലാഭരണകൂടം വഹിക്കും. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ ആകും ഇന്ധനച്ചെലവ് വഹിക്കുക.