NEWSROOM

ഇസ്രയേൽ-അറബ് സംഘർഷം: ഇസ്രയേലിന് ആയുധ സഹായം വർധിപ്പിച്ച് അമേരിക്ക

ഹമാസ് രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മയിൽ ഹനിയയുടെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന ഇറാന്‍റെ ഭീഷണി നിലനിൽക്കെയാണ് അമേരിക്കയുടെ നടപടി

Author : ന്യൂസ് ഡെസ്ക്

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആക്രമണ ഭീഷണിക്കിടെ ഇസ്രയേലിനുള്ള ആയുധ സഹായം വർധിപ്പിച്ച് അമേരിക്ക. രാജ്യത്തേക്ക് കൂടുതല്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും എത്തിക്കും. പിന്തുണയുണ്ടാവുമെന്ന് ബെഞ്ചമിന്‍ നെതന്യാഹുവിനെ പ്രസിഡന്‍റ് ജോ ബൈഡൻ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.

ഹമാസ് രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മയിൽ ഹനിയയുടെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന ഇറാന്‍റെ ഭീഷണി നിലനിൽക്കെയാണ്, പശ്ചിമേഷ്യയിലേക്ക് അമേരിക്ക കൂടുതല്‍ ആയുധങ്ങളെത്തിക്കുന്നത്. ഇറാന്‍റെയും മറ്റ് പലസ്തീന്‍ അനുകൂല സായുധ സംഘങ്ങളുടെയും ആക്രമണം പ്രതിരോധിക്കാൻ ഇസ്രയേലിനെ ശക്തിപ്പെടുത്താനാണ് ഈ നീക്കം. ഇതിന്‍റെ ഭാഗമായി മേഖലയില്‍ കൂടുതല്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അമേരിക്ക വിന്യസിക്കും.

ഏപ്രിൽ 13ന്, ഇസ്രയേല്‍ അധിനിവേശ മേഖലയില്‍ ഹമാസ് നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ തന്നെ അമേരിക്ക മേഖലയിലെ സെെനിക വിന്യാസം ശക്തമാക്കിയിരുന്നു. ഈ സഹായത്തോടെ ഏകദേശം 300 ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളാണ് ഇസ്രയേല്‍ ഇതുവരെ ചെറുത്തത്. വ്യാഴാഴ്ച യുഎസ്-ഇസ്രയേല്‍ പ്രതിരോധ സംവിധാനത്തെക്കുറിച്ച് ബെഞ്ചമിന്‍ നെതന്യാഹുവും ജോ ബെെഡനും ഫോണ്‍കോളിലൂടെ സംസാരിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലെ പ്രതിരോധ സംവിധാനത്തെക്കുറിച്ച് ചർച്ച നടന്ന സംഭാഷണത്തില്‍ യുഎസിന്‍റെ പൂർണ പിന്തുണ വാഗ്ദാനം ചെയ്തതായാണ് വെറ്റ് ഹൗസ് അറിയിക്കുന്നത്.

അതേസമയം, ഹമാസ്-ഹിസ്ബുള്ള നേതാക്കളുടെ വധത്തില്‍ പശ്ചിമേഷ്യൻ മേഖല വീണ്ടും കലുഷിതമാവുകയാണ്. നിയുക്ത പ്രസിഡന്‍റ് അധികാരത്തിലേറുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ടെഹ്‌റാനിൽ അതിഥിയായി കഴിയവെയായിരുന്നു ഹനിയയുടെ വധം. രാജ്യത്തിനകത്ത് കയറിയുള്ള ഇസ്രയേലിന്‍റെ ഓപ്പറേഷന്‍ ഇറാനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിന് മണിക്കൂറുകൾ മുൻപ് ലെബനീസ് സായുധ സംഘം ഹിസ്‌ബുള്ള നേതാവ് ഫുവാദ് ഷുക്കൂറിനേയും ഇസ്രയേൽ വധിച്ചു. ഇസ്രയേലിന് നേർക്കുള്ള ഹിസ്ബുല്ലയുടെ തുടരാക്രമണങ്ങള്‍ യുദ്ധ ഭീഷണിയിൽ എത്തിനില്‍ക്കെ ആയിരുന്നു വധം.

SCROLL FOR NEXT