കാഫിർ സ്ക്രീൻ ഷോട്ട് വിവാദം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുമ്പോൾ കണ്ണൂരിലെ പാർട്ടിയുടെ ഗ്രൂപ്പിസമാണ് കൂടുതൽ ചർച്ചയാകുന്നത്. വടകരയിൽ കെ.കെ. ശൈലജക്ക് തിരിച്ചടിയാകുന്ന വിധത്തിൽ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിന് പിന്നിൽ സിപിഎമ്മിലെ തർക്കങ്ങൾ കാരണമായോ എന്നതാണ് പ്രധാന ചർച്ച. വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് ലഭിച്ച സ്ക്രീൻ ഷോട്ട് ആദ്യം പോസ്റ്റ് ചെയ്ത അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൻ്റെ അഡ്മിൻ കണ്ണൂർ മയ്യിൽ സ്വദേശിയായ മനീഷാണ്. പി. ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരുന്ന സമയത്തും 2019 ൽ വടകര ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്തും ജയരാജന് വേണ്ടി പാർട്ടിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തത് മനീഷായിരുന്നു.
വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് സിപിഎം കേന്ദ്രങ്ങൾ ആണെന്ന് വ്യക്തമാക്കുന്ന പൊലീസ് റിപ്പോർട്ട് കോടതിയിലും എത്തി. കെ.കെ. ശൈലജക്ക് തിരിച്ചടിയാകുന്ന വിധത്തിൽ വടകരയിൽ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിന് സിപിഎമ്മിലെ തർക്കങ്ങളും കാരണമായോ എന്നതാണ് പ്രധാന ചർച്ച. ഈ ചർച്ചകൾ ഇപ്പോൾ പി. ജയരാജനിലേക്കും വിരൽ ചൂണ്ടുകയാണ്. പി. ജയരാജനും സഹോദരി പി. സതീദേവിയും വടകരയിൽ എൽഡിഎഫിന് വേണ്ടി നേരത്തെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. മനീഷിൻ്റെ പാർട്ടി ബന്ധത്തെക്കുറിച്ച് പ്രതികരിച്ചില്ലെങ്കിലും സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തത് തെറ്റെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചതും ശ്രദ്ധേയമാണ്.
മുൻ എംഎൽഎ കെ.കെ. ലതിക കാഫിർ സ്ക്രീൻഷോട്ട് ഷെയർ ചെയ്തത് തെറ്റാണെന്ന് കെ.കെ. ശൈലജ പറഞ്ഞപ്പോൾ സദുദ്ദേശത്തോടെ ഷെയർ ചെയ്തതാണെന്നും അതിൽ തെറ്റില്ലെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ നിലപാട്. സ്ക്രീൻ ഷോട്ട് എവിടെ നിന്ന് വന്നു എന്നതിൽ ഇപ്പോഴും ഉത്തരമില്ലെങ്കിലും ഷെയർ ചെയ്യപ്പെട്ടത് സിപിഎം കേന്ദ്രങ്ങളിലൂടെയാണെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ഇതോടെയാണ് ശൈലജക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗം തന്നെ ഇത് ഉപയോഗപ്പെടുത്തുകയായിരുന്നോ എന്ന സംശയം സജീവമാകുന്നത്.
കെ.കെ. ശൈലജയെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസും മുസ്ലീം ലീഗും ശ്രമിച്ചുവെന്നും, കാഫിർ വിവാദത്തിലെ പ്രതികൾ കോൺഗ്രസും ലീഗുകാരുമാണെന്ന് സിപിഎം നേതാവ് പി. ജയരാജൻ പറഞ്ഞു. ശൈലജ ടീച്ചർ മുസ്ലിം വിരുദ്ധയെന്ന് സ്ഥാപിക്കാൻ നുണപ്രചരണങ്ങൾ നടത്തി. കാഫിർ സ്ക്രീൻഷോട്ടിനു പിന്നിൽ സിപിഎമ്മാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്നും ജയരാജൻ പറഞ്ഞു. വിവാദമായ കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന നിഗമനം പൊലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഇപ്പോൾ കാഫിർ പോസ്റ്റ് വിവാദം വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുന്നത്.