NEWSROOM

"വർഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോൽക്കുന്നതാണ്; സിപിഎം പ്രവർത്തകർ ഇതിനെ എതിർക്കണം": കാഫിർ സ്ക്രീൻഷോട്ട് വിവാദത്തില്‍ ഷാഫി പറമ്പിൽ

സ്ലോ മോഷൻ പേസിലെങ്കിലും അന്വേഷണം പുരോഗമിക്കുന്നതിൽ സന്തോഷമുണ്ട്

Author : ന്യൂസ് ഡെസ്ക്

ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപായി വടകരയിലെ കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദമായ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് നേരത്തെ ഉറപ്പായിരുന്നുവെന്ന് കോൺഗ്രസ് എംപി ഷാഫി പറമ്പിൽ. വർഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോൽക്കുന്നതാണ്. സ്ലോ മോഷൻ പേസിലെങ്കിലും അന്വേഷണം പുരോഗമിക്കുന്നതിൽ സന്തോഷമുണ്ട്. സ്ക്രീൻഷോട്ട് വ്യാജമെന്ന് നേരത്തെ ബോധ്യമുണ്ടായിരുന്നു. ജനങ്ങൾക്കും ഇത് ബോധ്യമുണ്ടായിരുന്നുവെന്നും ഷാഫി പറഞ്ഞു. 

"ഇന്നലെയും ഇന്നും നാളെയും ഇത്തരം കാര്യം ഞങ്ങൾ ചെയ്യില്ല. വർഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോൽക്കുന്നതാണ്. സിപിഎം പ്രവർത്തകർ തന്നെ ഇതിനെ എതിർക്കണം. പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നത് നല്ലതാണ്. ആരുടേയും ഒറ്റ ബുദ്ധിയിൽ തോന്നിയതായി എനിക്ക് തോന്നുന്നില്ല. പുറത്ത് വന്ന പലരും അടിമുടി പാർട്ടിക്കാരാണ്. പാർട്ടിക്ക് പങ്കുള്ളതിനാൽ അന്വേഷണം വൈകുന്നു. കോടതി ചെവിക്ക് പിടിച്ചതിനാലാണ് ഇത്രയെങ്കിലും പുറത്ത് വന്നത്," ഷാഫി പറമ്പിൽ പറഞ്ഞു.

വിവാദമായ കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന നിഗമനം പൊലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. റെഡ് എൻകൗണ്ടേഴ്സ്, റെഡ് ബറ്റാലിയൻ എന്നീ വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലേക്ക് വ്യാജ സ്ക്രീൻ ഷോട്ട് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. വടകര സിഐ സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച നിർണായ വിവരങ്ങളുള്ളത്.

വടകരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിമിൻ്റെ വാട്‌സാപ്പ് സന്ദേശമെന്ന പേരിലാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുള്ളത്. ഈ സന്ദേശം പെട്ടെന്നുതന്നെ സാമൂഹമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു. സിപിഎമ്മാണ് ഇതിന് പിന്നിലെന്നായിരുന്നു ലീഗിന്റെ ആരോപണം. 

SCROLL FOR NEXT