അർജുൻ 
NEWSROOM

അര്‍ജുനെ കാത്ത് നാട്; കുടുംബത്തിന് പിന്തുണയുമായി സര്‍ക്കാരും പ്രതിപക്ഷവും

എട്ടു വര്‍ഷമായി ഈ റൂട്ടില്‍ വണ്ടിയില്‍ പോകുന്നയാളാണ് അര്‍ജുന്‍

Author : ന്യൂസ് ഡെസ്ക്

കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കാത്ത് നാടും കുടുംബവും. മണ്ണിടിച്ചിലില്‍ അര്‍ജുനും അപകടത്തില്‍പെട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷവുമെല്ലാം കുടുംബത്തിന് പിന്തുണയുമായി എത്തി. തെരച്ചിലിനായി കേരളത്തില്‍ നിന്ന് ഉദ്യോഗസ്ഥരെ അയക്കും. കാസര്‍ഗോഡ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തിലുള്ള മൂന്ന് അംഗ സംഘമാണ് അപകടസ്ഥലത്തേക്ക് തിരിക്കുന്നത്.

അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപന ചുമതല കോഴിക്കോട് ജില്ലാ കളക്ടര്‍ക്കാണ്. കര്‍ണാടക സര്‍ക്കാരുമായി കളക്ടര്‍ സംസാരിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ശ്രമം തുടരുന്നതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നതെന്ന് കളക്ടര്‍ അറിയിച്ചു. അര്‍ജുന്റെ കുടുംബത്തെ കളക്ടര്‍ സന്ദര്‍ശിക്കും.

സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രി കെബി ഗണേഷ് കുമാറും കെ സി വേണുഗോപാലും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിഷയത്തില്‍ ഇടപെട്ടതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.

ചൊവ്വാഴ്ച്ച രാവിലെയാണ് ഉത്തര കര്‍ണാടകയിലെ അങ്കോളയില്‍ ദേശീയപാതയില്‍ കുന്നിടിഞ്ഞ് മണ്ണിടിച്ചിലുണ്ടായത്. കുന്നിനു താഴെയുള്ള കടയിലേക്കാണ് മണ്ണ് ഇടിഞ്ഞത്. ഈ സമയത്ത് ഒരു ടാങ്കറും നിരവധിയാളുകളും താഴെയുണ്ടായിരുന്നു. മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരും ടാങ്കറിലുണ്ടായിരുന്ന രണ്ട് പേരും മരണപ്പെട്ടെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് സമീപത്തുള്ള ഗംഗാവതി പുഴയില്‍ നിന്നും നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന നിഗമനത്തിലായി രക്ഷാപ്രവര്‍ത്തകര്‍. ഇതിനിടയിലാണ് ഡ്രൈവറായ അര്‍ജുന്‍ അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചത്.

എട്ടു വര്‍ഷമായി ഈ റൂട്ടില്‍ വണ്ടിയില്‍ പോകുന്നയാളാണ് അര്‍ജുന്‍. ഇടയ്ക്ക് വിശ്രമിക്കാനായി വണ്ടി നിര്‍ത്തിയിട്ടിരുന്ന സ്ഥലത്താണ് ഇപ്പോള്‍ അപകടം ഉണ്ടായതായി പറയുന്നത്. അര്‍ജുന്റെ ലോറിയില്‍ നിന്നുള്ള ജി.പി.എസ്. സിഗ്‌നല്‍ ഒടുവിലായി ലഭിച്ചത് മണ്ണിടിച്ചിലുണ്ടായ അതേ സ്ഥലത്തുനിന്നാണെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഈ മാസം എട്ടാം തീയ്യതിയാണ് അര്‍ജുന്‍ വീട്ടില്‍ നിന്നും പോയത്. പതിനഞ്ചാം തീയ്യതി രാത്രി വരെ ഭാര്യയുമായി സംസാരിച്ചിരുന്നു. ലോറിയുടെ മറ്റൊരു ഡ്രൈവറുമായും അര്‍ജുന്‍ സംസാരിച്ചിരുന്നുവെന്നാണ് അറിഞ്ഞതെന്നുമാണ് സഹോദരി പറയുന്നത്.


SCROLL FOR NEXT