തിരുവനന്തപുരം: വിതുരയിൽ കാൻസർ രോഗിയായ 10 വയസ്സുകാരനെയും കുടുംബത്തെയും പുറത്താക്കി വീട് ജപ്തി ചെയ്തു. വിതുര കൊപ്പം സ്വദേശി സന്ദീപിൻ്റെ വീടാണ് ജപ്തി ചെയ്തത്. ചോള മണ്ടലം ഇൻവെസ്റ്റ്മെന്റ് ആന്റ് ഫിനാൻസ് കമ്പനി ലിമിറ്റഡ് എന്ന സ്വകാര്യ ബാങ്കിൻ്റെതാണ് നടപടി. ഇവർക്ക് 49 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.
ഇന്ന് ഉച്ചയോടെയാണ് ബാങ്ക് ജീവനക്കാരെത്തി ആറംഗ കുടുംബത്തെ വീട്ടിൽനിന്ന് പുറത്താക്കിയത്. കൊറോണ കാലത്തായിരുന്നു സന്ദീപ് സ്വകാര്യ ബാങ്കിൽ നിന്നും പണം കടമെടുത്തത്. കുഞ്ഞിന് കാൻസർ കൂടി സ്ഥിരീകരിച്ചതോടെ അടവ് മുടങ്ങി. കുഞ്ഞിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് തിരക്കിലായതിനാൽ വായ്പ കൃത്യമായി തിരിച്ചടയ്ക്കാൻ പറ്റിയിരുന്നില്ലെന്ന് സന്ദീപ് പറയുന്നു.
പണം തിരിച്ചടയ്ക്കാൻ ആറ് മാസം സമയം തരണമെന്നാണ് സന്ദീപിൻ്റെ ആവശ്യം. വീട് വിറ്റതിന് ശേഷം പണം തിരിച്ചടക്കുമെന്ന് സന്ദീപ് ഉറപ്പ് പറയുന്നുമുണ്ട്. എന്നാൽ ആവശ്യം പരിഗണിക്കാതെ ബാങ്ക് ജപ്തി നടപടയിലേക്ക് കടക്കുകയായിരുന്നു. വിഷയം അറിഞ്ഞതിന് പിന്നാലെ പ്രാദേശിക ഡിവൈഎഫ്ഐ-സിപിഐഎം പ്രവർത്തകരെത്തി വീടിൻ്റെ പൂട്ട് പൊളിച്ച് കുടുംബത്തെ അകത്തുകയറ്റി. ബാങ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജപ്തിയുമായി ബന്ധപ്പെട്ട് നാളെ ബാങ്ക് അധികൃതരുമായി നാളെ ചർച്ചയുണ്ടാകുമെന്നാണ് സൂചന.