കാസർഗോഡ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക സമ്മേളനത്തിന് കാസർഗോഡ് തുടക്കമായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച വരെ നീളുന്ന സമ്മേളനത്തിൽ അടുത്ത 100 വർഷത്തെ പദ്ധതികൾ തീരുമാനിക്കുന്നതിനൊപ്പം രാഷ്ട്രീയ സമീപനവും ചർച്ചയാകും.
രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ അടിമുടി മാറിമറിയുന്നതിനിടയിലാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷികം ആഘോഷിക്കുന്നത്. കഴിഞ്ഞ 100 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനൊപ്പം അടുത്ത വർഷത്തേക്കുള്ള പദ്ധതികൾ രൂപീകരിക്കാനും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് സംബന്ധിച്ചും സമ്മേളനം ചർച്ച ചെയ്യും.
ഞായറാഴ്ച വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ മൂന്ന് ലക്ഷത്തോളം പേർ പങ്കാളികളാകും. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ വിവിധ പരിപാടികളിൽ സംബന്ധിക്കും. ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ കേരള കർണാടക മുഖ്യമന്ത്രിമാർ വിശിഷ്ടാതിഥികൾ ആകും.