തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അച്ഛൻ്റെ ക്രൂരപീഡനം സഹിക്കാനാകാതെ ജീവനൊടുക്കാൻ ശ്രമിച്ച് എട്ടാം ക്ലാസുകാരി. കുട്ടി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സ്ഥിരമായി മദ്യപിച്ചെത്തുന്ന പിതാവ് അമ്മയെയും തന്നെയും ക്രൂരമായി മർദിക്കാറുണ്ടെന്ന് പരാതിയിൽ പറയുന്നു . അച്ഛൻ്റെ ക്രൂര പീഡനത്തെക്കുറിച്ച് പറയുന്ന ഓഡിയോ സന്ദേശം ന്യൂസ് മലയാളത്തിന് ലഭിച്ചു.
അച്ഛൻ വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കാറുണ്ടെന്നും രാത്രി വീട്ടിൽ നിന്ന് ഇറക്കിവിടുമെന്നും ഫോൺ സംഭാഷണത്തിൽ പറയുന്നു. സ്‌കൂളിൽ പോകാനും പഠിക്കാനും സമ്മതിക്കാറില്ല. പഠിക്കാനിരുന്നാൽ പുസ്തകങ്ങൾ വലിച്ചുകീറും. ഇങ്ങനെ അച്ഛനിൽ നിന്നും നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ച് കുട്ടി വ്യക്തമായി പറയുന്നുണ്ട്.
ജീവനൊടുക്കാൻ ശ്രമിച്ച് ഗുരുതരാവസ്ഥയിലായ പെൺകുട്ടി നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ നേരത്തെ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.