ആദിത്യൻ Source: News Malayalam 24x7
KERALA

നഴ്സിങ് വിദ്യാർഥി ആദിത്യൻ്റെ മരണം: അധ്യാപകൻ്റെ ശല്യം കാരണം 18 പേർ പഠനം ഉപേക്ഷിച്ചെന്ന് വിദ്യാർഥികൾ

ആദിത്യനെ അവസാനമായി കാണാൻ അനുവദിച്ചില്ല എന്നും ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിൽ വിദ്യാർഥികൾ വ്യക്തമാക്കുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബെംഗളൂരുവിലെ മലയാളി നഴ്സിങ് വിദ്യാർഥി ജീവനൊടുക്കിയതിന് പിന്നാലെ അധ്യാപകൻ്റെ ക്രൂരതകൾ വെളിച്ചത്തേക്ക്. സന്ദീപ് പാണ്ഡെയുടെ മാനസിക പീഡനവും ശാരീരിക ഉപദ്രവവും കാരണം 18 പേർ പഠനം ഉപേക്ഷിച്ചെന്ന് വിദ്യാർഥികൾ പറയുന്നു. പരാതി പറഞ്ഞിട്ടും ഉപയോഗം ഇല്ലെന്നും മാനേജ്മെന്റിനും അധ്യാപകർക്കും എല്ലാം ബിസിനസ് മാത്രമാണെന്നുമാണ് വിദ്യാർഥികൾ പറയുന്നത്. ആദിത്യനെ അവസാനമായി കാണാൻ അനുവദിച്ചില്ല എന്നും ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിൽ വിദ്യാർഥികൾ വ്യക്തമാക്കുന്നുണ്ട്.

ആദിത്യന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബവും ആരോപിച്ചിരുന്നു. മകന്റെ മരണം കുടുംബപ്രശ്നം മൂലമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ്. കോളേജിൽ മകനെ മാനസികമായി പീഡിപ്പിച്ചു. ലഹരി ഉപയോഗിക്കാത്തവനെ ലഹരി ഉപയോഗിക്കുന്നവൻ എന്ന് പറഞ്ഞു പരത്തിയെന്നും പിതാവ് പ്രദീപ്‌ ആരോപിച്ചിരുന്നു. ആദിത്യന്റെ മുറിയിൽ ഉണ്ടായിരുന്ന രണ്ട് പേർ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. അധ്യാപകൻ സന്ദീപ് ഇതിന്റെ പേരിൽ അധിക്ഷേപിച്ചിരുന്നു. അധ്യാപകൻ പറയുന്ന കുട്ടികളുടെ പേര് പറയണം എന്നാവശ്യപ്പെട്ടായിരുന്നു ഉപദ്രവമെന്നും പിതാവ് ആരോപിച്ചു.

ആദിത്യന് അപകടം പറ്റി എന്ന് മാത്രമേ കോളേജിൽ നിന്ന് അറിയിച്ചിട്ടുള്ളുവെന്ന് സഹോദരനും പ്രതികരിച്ചിരുന്നു. സന്ദീപ് പാണ്ടെ എന്ന അധ്യാപകനിൽ നിന്ന് നിരന്തരം മാനസിക പീഡനം ഉണ്ടായി. ആദിത്യനെ ലഹരി ഉപയോഗിക്കുന്നവൻ എന്ന് പറഞ്ഞു. മരണത്തിനു ശേഷം ഇന്നലെയും കോളേജിൽ ക്ലാസ് വച്ചു. സഹപാഠികളുടെ ഫോൺ കോളേജിൽ വാങ്ങി വച്ചത് എന്താണ് സംഭവിച്ചത് എന്ന് പുറത്ത് പറയാതെ ഇരിക്കാനാണെന്നും സഹോദരൻ ഉന്നയിച്ചു.

SCROLL FOR NEXT