കെഎസ്ഇബിയുടെ അനാസ്ഥ തുടരുന്നു; നിശ്ചലമായി ബാരാപോൾ ജലവൈദ്യുത പദ്ധതി; ഈ സീസണിലും ഉൽപ്പാദനം മുടങ്ങിയേക്കും

പ്രവർത്തനം നിലക്കാൻ കാരണമായ കനാലിലെ ചോർച്ച അടക്കാൻ ഇതുവരെ സാധിച്ചിട്ടില്ല
കെഎസ്ഇബിയുടെ അനാസ്ഥ തുടരുന്നു; നിശ്ചലമായി ബാരാപോൾ ജലവൈദ്യുത പദ്ധതി; ഈ സീസണിലും ഉൽപ്പാദനം മുടങ്ങിയേക്കും
Published on
Updated on

കണ്ണൂർ: കെഎസ്ഇബിയുടെ അനാസ്ഥയിൽ നിർജീവമായി കിടക്കുകയാണ് കേരള-കർണാടക അതിർത്തിയിലെ ബാരാപ്പോൾ മിനി ജലവൈദ്യുത പദ്ധതി. സംസ്ഥാനത്തെ ഏറ്റവും വലിയ ചെറുകിട വൈദ്യുതി ഉൽപ്പാദന പദ്ധതിയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. പ്രവർത്തനം നിലക്കാൻ കാരണമായ കനാലിലെ ചോർച്ച അടക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

പ്രകൃതിക്ക് ഒരു കോട്ടവും ഇല്ലാതെ ട്രഞ്ച് വിയറുകൾ വഴി കനാലിൽ വെള്ളമെത്തിച്ച് വൈദ്യുതി ഉൽപ്പാദനം നടത്തുന്നതാണ് ബാരാപോൾ പദ്ധതി. 2016ൽ കമ്മീഷൻ ചെയ്ത പദ്ധതി പ്രവർത്തിപ്പിച്ചപ്പോഴെല്ലാം കെഎസ്ഇബിക്ക് ഉണ്ടായത് വൻ ലാഭമാണ്. പ്രതിവർഷം 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ളതാണ് പദ്ധതി. ഉൽപ്പാദനം 50 ദശലക്ഷം യൂണിറ്റിന് അടുത്ത് എത്തിയ സമീപകാല നേട്ടവുമുണ്ട് ബാരാപോളിന്.

മഴപെയ്ത് പുഴയിൽ വെള്ളം ലഭ്യമാകുന്ന എട്ടോ ഒൻപതോ മാസങ്ങളിലായാണ് ഇത്രയും ഉൽപ്പാദനം. ഏകദേശം 25 കോടി രൂപയുടെ വൈദ്യുതി ഒരു സീസണിൽ ഇവിടെ ഉൽപ്പാദിപ്പിക്കാം. പദ്ധതിയുടെ ഭാഗമായ കനാലിൽ രൂപപ്പെട്ട വിള്ളൽ അടയ്ക്കുന്നതിൽ ജാഗ്രതക്കുറവ് ഉണ്ടായതോടെ കഴിഞ്ഞ സീസണിൽ ഉൽപ്പാദനം പൂർണമായും നിലച്ചു. വിള്ളൽ അടച്ച് കനാൽ ഉപയോഗപ്രദമാക്കാൻ ഇതു വരെയും നടപടി സ്വീകരിച്ചിട്ടുമില്ല. ഇതോടെ ഈ സീസണിലും നഷ്ടം ഉണ്ടാകാനാണ് സാധ്യത. രണ്ട് വർഷം കൊണ്ട് അൻപത് കോടി രൂപയുടെ വൈദ്യുതി ഉൽപ്പാദന സാധ്യത നഷ്ടപ്പെടുത്തിയെന്ന് സാരം.

കെഎസ്ഇബിയുടെ അനാസ്ഥ തുടരുന്നു; നിശ്ചലമായി ബാരാപോൾ ജലവൈദ്യുത പദ്ധതി; ഈ സീസണിലും ഉൽപ്പാദനം മുടങ്ങിയേക്കും
സ്മാർട്ട് ആവാതെ പാടം എസ്കെവി എൽപി സ്കൂൾ; ഇപ്പോഴും പ്രവർത്തിക്കുന്നത് ടിൻ ഷീറ്റ് കൊണ്ടുള്ള മേൽക്കൂരയിൽ

യൂണിറ്റിന് 10 പൈസയോളം മാത്രമാണ് ബാരാപോളിൽ വൈദ്യുതി ഉൽപ്പാദന ചിലവ്. വലിയ വിലകൊടുത്ത് പുറമേ നിന്ന് വൈദ്യുതി വാങ്ങുന്ന ബോർഡാണ് സ്വന്തം പദ്ധതിയോട് ഈ അനാസ്ഥ കാണിക്കുന്നത്. ചെറിയ തുക മുടക്കി മികച്ച സാങ്കേതികത ഉപയോഗിച്ചാൽ കനാലിലെ വിള്ളൽ പരിഹരിക്കാം. പ്രദേശത്തെ ജനങ്ങളുടെ ആശങ്കയും അകറ്റാം. ബ്രഹ്മഗിരി വനത്തിൽ നിന്ന് ഉത്ഭവിക്കുന്ന പുഴയുടെ സ്വാഭാവികത ഒട്ടും നഷ്ടമാകാതെ പ്രകൃതിയെ നശിപ്പിക്കാതെ നടപ്പാക്കിയ പദ്ധതിക്ക് 120 കോടി രൂപയാണ് ചിലവായത്. കൃത്യമായ ശ്രദ്ധ കൊടുത്താൽ നിലവിലെ സംവിധാനത്തിൽ നിന്നുള്ള ഉത്പാദനം തുടരാനാവും. പദ്ധതിയുടെ വിപുലീകരണത്തിനും അനുബന്ധ ടൂറിസം വികസനത്തിനും സാധ്യത ഏറെയാണ്. പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുകയാണ് അധികൃതർ എന്ന ആക്ഷേപം ഇവിടെ ശക്തമാണ്.

News Malayalam 24x7
newsmalayalam.com