തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിക്കായി 44.35 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ. ഒക്ടോബർ 1 മുതൽ ഒക്ടോബർ 15 വരെയുള്ള നഷ്ടം നികത്താനാണ് കൂടുതൽ തുക അനുവദിച്ചത്. ഇതോടെ കെഎസ്ആർടിസിക്ക് സർക്കാർ അനുവദിച്ച ഫണ്ട് 342.95 കോടി രൂപയായി ഉയർന്നു. ഒക്ടോബർ 1 മുതൽ ഒക്ടോബർ 15 വരെയുള്ള കാലയളവിൽ 2,08,58,236 സ്ത്രീ യാത്രക്കാരാണ് സൗജന്യ യാത്ര നടത്തിയത്.
സെപ്റ്റംബർ മാസത്തിലെ സൗജന്യ യാത്രയുടെ ചെലവിനായി മാത്രം 88.23 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. സെപ്റ്റംബറിൽ മാത്രം 4.16 കോടി സൗജന്യ യാത്രകൾ പ്രിയദർശിനിയിൽ നടന്നു. ഓഗസ്റ്റിനെ അപേക്ഷിച്ച് 44.28 ലക്ഷം യാത്രകളുടെ വർധനയുണ്ടായി. ജൂൺ 15നാണ് പദ്ധതി ആരംഭിച്ചത്.
സ്ത്രീകളുടെ യാത്രാ ചെലവ് കുറയ്ക്കാനും അവരുടെ സാമ്പത്തിക സുരക്ഷയ്ക്ക് പിന്തുണ നൽകാനും പദ്ധതി വലിയ ആശ്വാസമായി മാറുകയാണെന്ന് സർക്കാർ അവകാശപ്പെട്ടു. സൗജന്യ യാത്രയിലൂടെ കെഎസ്ആർടിസിക്കുണ്ടാകുന്ന വരുമാനക്കുറവ് സർക്കാർ നികത്തുന്നതിനാൽ, ഈ ആനുകൂല്യത്തിൻ്റെ സാമ്പത്തിക ബാധ്യത യാത്രക്കാരുടെ മേൽ വരില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
ഇതുവരെ അനുവദിച്ച തുകയുടെ ഘട്ടം തിരിച്ചുള്ള വിവരങ്ങൾ
കാലയളവ് | അനുവദിച്ച തുക (കോടിയിൽ)
ജൂൺ 15 – ജൂൺ 30 ₹41.50 കോടി
ജൂലൈ 1 – ജൂലൈ 15 ₹42.86 കോടി
ജൂലൈ 16 – ജൂലൈ 31 ₹46.48 കോടി
ഓഗസ്റ്റ് 1 – ഓഗസ്റ്റ് 31 ₹79.53 കോടി
സെപ്റ്റംബർ 1 – സെപ്റ്റംബർ 30 ₹88.23 കോടി
ഒക്ടോബർ 1 – ഒക്ടോബർ 15 ₹44.35 കോടി
ആകെ തുക ₹342.95 കോടി