

തൃശൂർ: മാളയിൽ മുൻ അധ്യാപകനെയും മകനെയും പണത്തിനായി തട്ടിക്കൊണ്ടുപോയ സംഘം മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടിയിലായി. കാറിൽ മയക്കുമരുന്ന് ഉണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം വാഹനം പിന്തുടർന്ന് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് എക്സൈസ് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പ്രതികളെ പിടികൂടി.
നിരവധി കേസുകളിൽ പ്രതികളായ ഫാസിൽ, ആഷിക്, രാജഗോപാൽ, ഉനൈസ്, നജീബ്, സിജീഷ് എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂർ സ്വദേശിയായ മുൻ അധ്യാപകൻ നടുമുറി ജയറാം , മകൻ ഹരികൃഷ്ണൻ എന്നിവരെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം ഇരുവരെയും ബലമായി കാറിൽ കയറ്റി വൈകിട്ട് ആറുമണി വരെ വിവിധയിടങ്ങളിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.
കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് ഒന്നരലക്ഷം രൂപ പിൻവലിപ്പിച്ച് സംഘം തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. ഇവരുടെ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, ബൈക്ക് എന്നിവയും കവർന്നു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച രണ്ട് കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ പ്രതികൾ മുൻപും ജയറാമിനെയും മകനെയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായും മാള പൊലീസ് കണ്ടെത്തി. പരിക്കേറ്റ അച്ഛനെയും മകനെയും മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.