KERALA

"പ്രാഥമിക ശുശ്രൂഷ നൽകുന്നതിലടക്കം വീഴ്ച, വാക്‌സിൻ പൂർത്തിയാക്കാത്തതും വെല്ലുവിളി"; കേരളത്തിൽ ഈ വർഷം പേവിഷബാധയേറ്റ് മരിച്ചത് 28 പേർ

വാക്സിനും ഇമ്മ്യൂണോഗ്ലോബുലിനും നൽകുന്നതിൽ ചിലർക്കെങ്കിലും ഉള്ള പരിചയക്കുറവും തിരിച്ചടിയായിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പേവിഷ പ്രതിരോധ വാക്സിൻ എടുത്തിട്ടും പേ വിഷബാധ ഏറ്റുള്ള മരണങ്ങൾ സംഭവിച്ചത് പ്രാഥമിക ശുശ്രൂഷയിൽ അടക്കം വീഴ്ചകൾ വന്നതോടെയെന്ന് വിദഗ്ധർ. ഈ വർഷം ഇതുവരെ പേവിഷബാധ ഏറ്റ് കേരളത്തിൽ മരിച്ചത് 28 പേരാണ്. ഇതിൽ ഏഴുപേർ പേവിഷ പ്രതിരോധ വാക്സിൻ സ്വീകരിച്ചവരായിരുന്നു. എന്നിട്ടും എന്തുകൊണ്ട് മരണം സംഭവിച്ചു എന്നാണ് ഉയർന്ന ആശങ്ക. ഇതേക്കുറിച്ച് പഠിച്ച വിദഗ്ധ സംഘം കണ്ടെത്തിയ വിവരങ്ങൾ ഇങ്ങനെ ആണ്.

കടിയേറ്റ് ഉണ്ടാകുന്നത് ഗുരുതര മുറിവുകൾ ആണെങ്കിൽ വൈറസുകളുടെ ആക്രമണം വളരെ വേഗത്തിൽ ഉണ്ടാകാമെന്നാണ് വിദഗ്ധർ പറയുന്നത്. കടിയേറ്റ ഉടനെ സ്വീകരിക്കേണ്ട പ്രാഥമിക ശുശ്രൂഷ ലഭിച്ചില്ലെങ്കിൽ പ്രശ്നം ​ഗുരുതരമാകും. അതായത് കടിയേറ്റ ഉടൻ 15 മിനിറ്റ് ഒഴുകുന്ന വെള്ളത്തിൽ സോപ്പുപയോഗിച്ച് മുറിവ് നന്നായി കഴുകിയിട്ടില്ല. മറ്റൊന്ന് ഗുരുതരമായി മുറിവേറ്റാൽ, അത് തലയിലോ കഴുത്തിലോ മുഖത്തോ ആണെങ്കിൽ പ്രത്യേകിച്ചും ആ മുറിവിലൂടെ വൈറസ് വളരെ വേഗം തലച്ചോറിലെത്താം.

വാക്സിനും ഇമ്മ്യൂണോഗ്ലോബുലിനും നൽകുന്നതിൽ ചിലർക്കെങ്കിലും ഉള്ള പരിചയക്കുറവും തിരിച്ചടിയായിട്ടുണ്ട്. മറ്റൊന്ന് കൃത്യമായ ഇടവേളകളിൽ സ്വീകരിക്കേണ്ട മുഴുവൻ വാക്സിനും എടുക്കാത്തവരും ഉണ്ട്. കേരളത്തിന്റെ കണ്ടെത്തൽ ശരിവെക്കുകയാണ് നിംഹാൻസിലെ സംഘവും. 2021-23 വർഷങ്ങളിലെ ഇന്ത്യയിലെ പേവിഷബാധ ഏറ്റുള്ള 89 മരണങ്ങളിലാണ് നിം ഹാൻസ് പഠനം നടത്തിയത്. അതിൽ 44 ശതമാനം പേരും പ്രാഥമിക ശുശ്രൂഷ ചെയ്തിട്ടില്ല എന്ന് കണ്ടെത്തി. 48% പേർ വാക്സിൻ പൂർണതോതിൽ എടുത്തിട്ടില്ല. 14 ശതമാനം പേരുടെ മരണകാരണം ആയത് വാക്സിൻ നൽകേണ്ട രീതിയിൽ കൃത്യമായി നൽകാത്തതിനാലാണ്. 46% പേർക്ക് വാക്സിനൊപ്പം ഇമ്മ്യൂണോ ഗ്ലോബലിൻ നൽകിയിരുന്നില്ല എന്നും ഇത് പേവിഷബാധയ്ക്ക് കാരണമായി എന്നുമാണ് കണ്ടെത്തൽ.

ചുരുക്കത്തിൽ കടിയേറ്റാൽ നമ്മൾ സ്വയവും ആശുപത്രിയിൽ എത്തിയാൽ വാക്സിൻ നൽകുന്ന ആരോഗ്യ പ്രവർത്തകരും ഒരുപോലെ ജാഗരൂകരാകേണ്ട സമയമാണ്. സംസ്ഥാനത്ത് മൃഗങ്ങളുടെ കടിയേറ്റ 6,88,988 പാർക്കാണ് ഈ വർഷം ഇതുവരെ വാക്സിൻ നൽകിയത്. വാക്സിൻ നൽകിയിട്ടും ഉള്ള മരണങ്ങൾ ഏറിയതോടെ വാക്സിൻ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലും സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് ഓർഗാനൈസേഷൻ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിൽ വാക്സീൻ വീണ്ടും പരിശോധന നടത്തിയിരുന്നെങ്കിലും ഗുണനിലവാര പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല.

SCROLL FOR NEXT