പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി ദേവസ്വം വിജിലൻസ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് വാസുദേവൻ ഉൾപ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്യുക. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഒപ്പമുള്ള മറ്റ് സ്പോൺസർമാരായ അനന്ത സുബ്രഹ്മണ്യം, രമേശ് എന്നിവരെയും ചോദ്യം ചെയ്യും. അതേസമയം, കഴിഞ്ഞ ദിവസം വിജിലൻസിന് മുന്നിൽ ഹാജരായ ഉണ്ണിക്കൃഷ്ണൻ പോറ്റി ആരോപണങ്ങൾ നിഷേധിച്ചു. സ്വർണപ്പാളി ഉപയോഗിച്ച് പണപ്പിരിവ് നടത്തിയിട്ടില്ലെന്നും 15 ലക്ഷത്തോളം തനിക്ക് ചെലവായെന്നുമാണ് പോറ്റി വിജിലൻസിൽ നൽകിയ മൊഴി.
ദേവസ്വം ആസ്ഥാനത്ത് വിളിച്ച് വരുത്തിയാണ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. നാലര മണിക്കൂറാണ് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തത്. മൊഴിയെടുപ്പിന് പിന്നാലെ അന്വേഷണവുമായി സഹകരിക്കുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചിരുന്നു. എല്ലാ കാര്യങ്ങളും അന്വേഷണ സംഘത്തോട് പറഞ്ഞെന്നും മാധ്യമങ്ങളോട് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാനാകില്ലെന്നുമാണ് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞത്.
സ്വര്‍ണപ്പാളി വിവാദത്തിന് പിന്നാലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകള്‍ ദേവസ്വം ബോര്‍ഡ് അവസാനിപ്പിച്ചിരുന്നു. പോറ്റി മുഖേനയുള്ള വാറന്റി ദേവസ്വം വേണ്ടെന്നു വച്ചു. ഇനി സ്വന്തം നിലയില്‍ നേരിട്ടാകും ഇടപാടുകള്‍ നടത്തുക. 2019ല്‍ ചെന്നൈയില്‍ സ്വര്‍ണം പൂശിയ ശേഷം പോറ്റിയുടെ പേരിലാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് വാറന്റി എഴുതിയത്. 40 വര്‍ഷത്തേക്കായിരുന്നു വാറന്റി. പോറ്റിയുടെ തട്ടിപ്പ് പുറത്ത് വന്നതോടെയാണ് ഇത് ഉപേക്ഷിക്കാന്‍ തീരുമാനമായത്. ഇതുവഴി 18 ലക്ഷം രൂപ ബോര്‍ഡിന് നഷ്ടം വരും.