വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ Source: News Malayalam 24x7
KERALA

വണ്ടിപ്പെരിയാറില്‍ ആറു വയസുകാരി പീഡനത്തില്‍ കൊല്ലപ്പെട്ടിട്ട് 4 വർഷം; ഇന്നും നീതി തേടി അലയുന്ന കുടുംബം

ക്രൂര പീഡനത്തില്‍ കൊല്ലപ്പെട്ട് നാലുവർഷം കഴിയുമ്പോൾ മകൾക്ക് നീതി തേടി അലയുകയാണ് ആ അച്ഛനും അമ്മയും

Author : ന്യൂസ് ഡെസ്ക്

ഇടുക്കി വണ്ടിപ്പെരിയാർ ചുരക്കുളത്ത് പീഡനത്തില്‍ കൊല്ലപ്പെട്ട ആറു വയസുകാരിയുടെ കുടുംബത്തിന് നീതി ഇന്നും അകലെയാണ്. പ്രതിയെന്ന് പൊലീസ് കണ്ടെത്തിയ യുവാവിനെ തെളിവുകളുടെ അഭാവത്തിൽ കട്ടപ്പന അതിവേഗ പോക്സോ കോടതി വെറുതെ വിട്ടിരുന്നു. കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകി ഒരു വർഷം പിന്നിടുമ്പോൾ പ്രോസിക്യൂട്ടറെ പോലും നിയമിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു. വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ ഓർമകൾക്ക് ഇന്ന് നാല് വർഷം തികയുകയാണ്.

വണ്ടിപ്പെരിയാർ ചുരക്കുളത്തെ ആറു വയസുകാരിയുടെ ഓർമകളിൽ വിങ്ങുകയാണ് കുടുംബം. ക്രൂര പീഡനത്തില്‍ കൊല്ലപ്പെട്ട് നാലുവർഷം കഴിയുമ്പോൾ മകൾക്ക് നീതി തേടി അലയുകയാണ് അച്ഛനും അമ്മയും. 2021 ജൂൺ 30നാണ് ചുരക്കുളത്തെ എസ്റ്റേറ്റ് ലയത്തിനുള്ളിൽ ആറു വയസ്സുകാരിയായ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം എന്ന് സ്ഥിരീകരിച്ച പൊലീസ് പെൺകുട്ടിയുടെ അയൽവാസിയായ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടുവർഷം നീണ്ടുനിന്ന വിചാരണയ്ക്കൊടുവിൽ 2023 ഡിസംബർ 14 ന് തെളിവുകളുടെ അഭാവത്തിൽ പ്രതിയെന്ന് കണ്ടെത്തിയ ആളെ കോടതി വെറുതെ വിട്ടു. നീതി നിഷേധിക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും സർക്കാർ ഇതുവരെ പ്രോസിക്യൂട്ടറെ നിയമിക്കാൻ തയ്യാറായിട്ടില്ലെന്ന് കുടുംബം ഏറെ വേദനയോടെ പറയുന്നു.

സർക്കാർ നിർദേശപ്രകാരം കുടുംബം മൂന്നു പ്രോസിക്യൂട്ടർമാരുടെ പേരുകൾ സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രി അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഇവർക്ക് ഉറപ്പു നൽകിയതുമാണ്. എന്നാൽ നീതി എന്നും അകലെയെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു.

നിലവിൽ പ്രോസിക്യൂഷനെ നിയമിക്കുന്നതിലെ നടപടികൾ വൈകുന്നതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നാണ് ആരോപണം. സംഭവം നടന്നു പൊലീസ് ദിവസങ്ങൾക്കുള്ളിൽ കണ്ടെത്തിയ അയൽവാസിയല്ല പ്രതിയെങ്കിൽ പിന്നെ ആരെന്ന ചോദ്യമാണ് ബാക്കി. മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിച്ച പ്രമാദമായ കേസിൽ നിയമനടപടികൾ തടസപ്പെട്ടുവെന്നത് തന്നെ ഗുരുതര നീതി നിഷേധമാണ്.

SCROLL FOR NEXT