Source: News Malayalam 24x7
KERALA

കണ്ടൽ തുരുത്തുകളുടെ മനോഹര കാഴ്ച; കാസർഗോട്ടെ നഗരവനം ഓണത്തിന് മുൻപ് തുറക്കും

മൂന്ന് മാസത്തിനകം നിർമ്മാണ പ്രവർത്തികള്‍ പൂർത്തിയാക്കി നഗരവനം തുറക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്...

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: പള്ളം കസബ പാലത്തിന് സമീപത്തെ നഗരവനം ഓണത്തിന് മുന്‍പ് പൊതുജനങ്ങള്‍ക്കായി തുറക്കാന്‍ തീരുമാനം. വനംവകുപ്പിന് കീഴിലുള്ള കണ്ടൽ തുരുത്തായ പ്രദേശം, നഗരത്തോട് ചേർന്ന മനോഹരമായ വിശ്രമസ്ഥലമാണ്. മൂന്ന് മാസത്തിനകം നിർമ്മാണ പ്രവർത്തികള്‍ പൂർത്തിയാക്കി നഗരവനം തുറക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

കാസർഗോഡ് നഗരത്തോട് ചേർന്ന പള്ളം കസബ പാലത്തിനു സമീപം സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ കീഴിലുള്ള കണ്ടൽ തുരത്ത് കേന്ദ്രീകരിച്ച് നിർമ്മിച്ച നഗരവനം പദ്ധതി ഓണക്കാല ഒഴിവുദിനങ്ങൾക്ക് മുൻപേ തുറുന്നു കൊടുക്കാൻ തീരുമാനിച്ച് ജില്ലാ ഭരണകൂടം. മൂന്നു മാസത്തിനകം നഗരവനം പദ്ധതി തുറന്നുകൊടുക്കാൻ കലക്ടർ അർജുൻ പാണ്ഡ്യൻ്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച ഉദ്യഗസ്ഥ സംഘം തീരുമാനമെടുത്തിട്ടുണ്ട്. കസബ പാലത്തിനു സമീപം 21 ഹെക്ട‌ർ സ്ഥലത്ത് പടർന്ന് പന്തലിച്ചു കിടക്കുന്ന കണ്ടൽവനം ആണ് നഗരവനമായി വനം വകുപ്പിൻ്റെയും കാസർഗോഡ് മുനിസിപ്പാലികിയുടേയും നേതൃത്വത്തിൽ വികസിപ്പിച്ചത്. നിർമ്മാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാത്ത നഗരവനം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി കഴിഞ്ഞു എത്രയും പെട്ടെന്ന് പദ്ധതി പൊതുജനങ്ങൾക്ക് ഉപയോഗയോഗ്യമാക്കും വിധത്തിൽ തുറന്നുക്കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കണ്ടൽ തുരുത്തിൽ സന്ദർശകർക്കായി കുട്ടവഞ്ചി സൗകര്യം ഏർപ്പെടുത്തും. നിലവിൽ ടിക്കറ്റ് കൗണ്ടർ, പാർക്കിങ്, ശുചിമുറി സംവിധാനത്തോടുകൂടി നഗരവനം സജ്ജമാണ്. നടപ്പാത, കഫറ്റീരിയ, കയാകിംഗ് ബോട്ടുകൾ എന്നിവയും വൈദ്യുതി വിളക്കുകളും സ്ഥാപിക്കണം. മിനി ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിലവിൽ സ്ഥാപിച്ചിട്ടുണ്ട്. കാട് കയറി പദ്ധതി പ്രദേശത്തേക്ക് മാലിന്യം വലിച്ചെറിയുന്നത് നിക്ഷേപിക്കുന്നതും നിരീക്ഷിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. വനത്തിനുള്ളിൽ കുട്ടികൾക്കായി ചെറിയ പാർക്കിനുള്ള സാമ്പത്തിക സഹായം കാസർഗോഡ് മുനിസിപ്പാലിറ്റി അനുവദിച്ചിട്ടുണ്ട്. ഇതുകൂടി ഉൾപ്പെടുത്തി ഓണം സീസണു മുൻപേ നഗരവനം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാനാണ് വനം വകുപ്പിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും തീരുമാനം.

SCROLL FOR NEXT