KERALA

"കൃത്യത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്"; കോട്ടയത്തെ യുവാവിൻ്റെ മരണത്തിൽ നിതീഷ് മുരളീധരനെതിരെ കേസെടുത്തേക്കും

ആത്മഹത്യ കുറിപ്പായ വീഡിയോയ്ക്ക് നിയമ സാധുതയുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നിതീഷ് മുരളീധരനെതിരെ കേസെടുക്കാൻ നിയമപദേശം ലഭിച്ചത്.

Author : ന്യൂസ് ഡെസ്ക്

കോട്ടയം: മുൻ ആർഎസ്എസ് പ്രവർത്തകൻ്റെ മരണത്തിൽ ആരോപണ വിധേയനായ നിതീഷ് മുരളീധരനെതിരെ കേസെടുത്തേക്കും. ആത്മഹത്യ കുറിപ്പായ വീഡിയോയ്ക്ക് നിയമ സാധുതയുണ്ടെന്നും, കൃത്യത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കണ്ടെത്തിയതിന് പിന്നാലെയാണ് നിതീഷ് മുരളീധരനെതിരെ കേസെടുക്കാൻ നിയമപദേശം ലഭിച്ചത്. ഇതിനുപിന്നാലെ നിതീഷ് മുരളീധരനെതിരെ പൊൻകുന്നം പൊലീസിന് കേസെടുക്കാമെന്നും വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്തുവച്ച വിധത്തിലുള്ള യുവാവിൻ്റെ മരണമൊഴി പുറത്തുവന്നത്. ശാഖയിൽ കുട്ടിക്കാലം മുതൽ നിതീഷ് മുരളീധരൻ എന്ന കണ്ണൻ ചേട്ടൻ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവ് മരണമൊഴിയിൽ പറയുന്നത്. മൂന്നും നാലും വയസ് മുതൽ താൻ ഒരു പുരുഷനിൽ നിന്നും ലൈംഗിക പീഡനത്തിന് ഇരയായെയെന്നും മരണമൊഴിയിൽ പറയുന്നു.

ജീവിതത്തിൽ ഒരിക്കലും ആർഎസ്എസുകാരോട് ഇടപഴകരുത് എന്നും, ആർഎസ്എസ് ക്യാംപുകളിൽ നടക്കുന്നത് വളരെ വലിയ ചൂഷണമാണെന്നും യുവാവ് വെളിപ്പെടുത്തിയിരുന്നു. ക്യാംപുകളിൽ പങ്കെടുക്കുന്നവരെ ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കുന്നു.പലർക്കും ഇത്തരത്തിലുള്ള പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്. അവരൊന്നും തുറന്നുപറയുന്നില്ലെന്നും അനന്തു അജി വീഡിയോയിൽ പറയുന്നുണ്ട്.

അമ്മയും സഹോദരിയും ഉള്ളത് കൊണ്ട് മാത്രമാണ് താൻ ഇത്രയും കാലം ജീവിച്ചിരുന്നത്. തനിക്ക് നല്ല മകനോ ചേട്ടനോ ആകാൻ പറ്റിയിട്ടില്ലെന്നും, ഇപ്പോൾ പോലും അവരെ വേദനിപ്പിക്കുകയാണെന്നും മരണമൊഴിയിൽ പറയുന്നു. ഇനിയും ജീവിക്കാൻ വയ്യാ, ശരിക്കും മടുത്തു എന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് വീഡിയോ അവസാനിപ്പിക്കുന്നത്.

SCROLL FOR NEXT