തിരുവനന്തപുരം: ആർഎസ്എസിന് എതിരെ കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കിയ അനന്തുവിൻ്റെ മരണമൊഴി പുറത്ത്. ശാഖയിൽ കുട്ടിക്കാലം മുതൽ നിതീഷ് മുരളീധരൻ എന്ന കണ്ണൻ ചേട്ടൻ പീഡനത്തിന് ഇരയാക്കിയെന്നാണ് അനന്തു മരണമൊഴിയിൽ വെളിപ്പെടുത്തിയത്.
കുട്ടിക്കാലത്ത് ശാഖയിൽ വച്ച് ലൈംഗിക പീഡനം നേരിട്ടുവെന്നും, മൂന്നും നാലും വയസ് മുതൽ താൻ ഒരു പുരുഷനിൽ നിന്നും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും മരണമൊഴിയിൽ പറയുന്നു. അനന്തു സജി നേരത്തെ തയ്യാറാക്കി വച്ച വീഡിയോ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്.
ആർഎസ്എസ് ക്യാംപുകളിൽ നടക്കുന്നത് വളരെ വലിയ ചൂഷണമാണ്. ക്യാംപുകളിൽ പങ്കെടുക്കുന്നവരെ ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കുന്നു. പലർക്കും ഇത്തരത്തിലുള്ള പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്. അവരൊന്നും തുറന്നുപറയുന്നില്ലെന്നും അനന്തു അജി വീഡിയോയിൽ പറയുന്നുണ്ട്.
കഴിഞ്ഞ വർഷമാണ് താൻ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്ന സത്യം മനസിലാക്കിയത്. അതാണ് തൻ്റെ ജീവിതം ഇങ്ങനെയായി പോകാൻ കാരണമെന്നും അനന്തു പറയുന്നുണ്ട്. തന്നെ പീഡിപ്പിച്ചവർ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നു. പക്ഷേ താനിപ്പോഴും ജീവിതത്തോട് സഫർ ചെയ്യുകയാണെന്നും അനന്തു വീഡിയോയിൽ പറയുന്നു.
അമ്മയും സഹോദരിയും ഉള്ളത് കൊണ്ട് മാത്രമാണ് താൻ ഇത്രയും കാലം ജീവിച്ചിരുന്നത്. തനിക്ക് നല്ല മകനോ ചേട്ടനോ ആകാൻ പറ്റിയിട്ടില്ലെന്നും, ഇപ്പോൾ പോലും അവരെ വേദനിപ്പിക്കുകയാണെന്നും മരണമൊഴിയിൽ പറയുന്നു. ഇനിയും ജീവിക്കാൻ വയ്യാ, ശരിക്കും മടുത്തു എന്ന് പറഞ്ഞുകൊണ്ടാണ് അനന്തു അജിയുടെ വീഡിയോ അവസാനിക്കുന്നത്.