കലുങ്ക് ചർച്ചയിലെ വിവാദത്തിൽ പ്രതികരിച്ച് ആനന്ദവല്ലി  Source: News Malayalam 24x7
KERALA

"പൊതുമധ്യത്തില്‍ അപമാനിതയായി"; സുരേഷ് ഗോപിയുടെ പെരുമാറ്റത്തിൽ വിഷമം ഉണ്ടായെന്ന് വയോധിക

സുരേഷ് ഗോപിയിൽ നിന്ന് ലഭിച്ച മറുപടിയിൽ വിഷമമുണ്ടെന്നും ആനന്ദവല്ലി ന്യൂസ് മലയാളത്തോട് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കലുങ്ക് ചർച്ചയിലെ വിവാദത്തിൽ സുരേഷ് ഗോപിയുടെ പെരുമാറ്റത്തിൽ വിഷമം ഉണ്ടായെന്ന് ആനന്ദവല്ലി. സുരേഷ് ഗോപി ജയിച്ചാൽ പണം കിട്ടുമെന്ന് പറഞ്ഞു കേട്ടതുകൊണ്ടാണ് അദ്ദേഹത്തെ പോയി കണ്ടത്. മന്ത്രിയുടെ ഭാഗത്ത് നിന്നും നല്ല വാക്കുകൾ ഉണ്ടായില്ലന്ന് മാത്രമല്ല, പൊതുമധ്യത്തിൽ അപമാനിതയായിയെന്നും ആനന്ദവല്ലി പറഞ്ഞു.

അധ്വാനിച്ചുണ്ടാക്കിയ പണം ലഭിക്കുന്നതിനെ കുറിച്ചാണ് അദ്ദേഹത്തോട് ചോദിച്ചത്. മന്ത്രിയെ കണ്ട സന്തോഷത്തിലാണ് ചോദ്യം ചോദിച്ചത്, പക്ഷേ ലഭിച്ച മറുപടിയിൽ വിഷമമുണ്ടെന്നും ആനന്ദവല്ലി ന്യൂസ് മലയാളത്തോട് പറഞ്ഞു.

ഇരിങ്ങാലക്കുടയില്‍ നടന്ന കലുങ്ക് സംവാദം പരിപാടിയിലായിരുന്നു ആനന്ദവല്ലി സഹായം അഭ്യർഥിച്ചത്. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കണം എന്ന ആവശ്യവുമായാണ് വയോധിക എത്തിയത്. ഇതിനു മറുപടിയായി, "ചേച്ചി അധികം വര്‍ത്തമാനം പറയേണ്ട, ഇഡിയില്‍ നിന്ന് പണം ലഭിക്കാന്‍ മുഖ്യമന്ത്രിയെ സമീപിക്കൂ" എന്നായിരുന്നു മറുപടി നൽകിയത്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകാനുള്ള വഴി അറിയില്ലെന്ന് വയോധിക പറയുമ്പോള്‍ പത്രക്കാരോട് ചോദിച്ചാല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു.

നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ താമസിക്കുന്നതെന്നും സുരേഷ് ഗോപി ചോദിക്കുന്നുണ്ട്. ഇതിനു മറുപടിയായി സാറല്ലേ ഞങ്ങളുടെ മന്ത്രിയെന്ന് വയോധിക തിരിച്ചു ചോദിക്കുമ്പോള്‍, അല്ല... ഞാനീ രാജ്യത്തിൻ്റെ മന്ത്രിയാണെന്നാണ് തൃശൂര്‍ എംപി മറുപടി നൽകിയിരുന്നു. ഇതാണ് വിവാദങ്ങൾക്ക് വഴി ഒരുക്കിയത്.

SCROLL FOR NEXT