തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ ചികിത്സാപ്പിഴവ് പരാതി അന്വേഷിക്കാൻ നാല് പേരടങ്ങുന്ന വിദഗ്ധ സമിതി രൂപീകരിച്ചു. കരിക്കകം സ്വദേശിനി ശിവപ്രിയയുടെ മരണമാണ് വിദഗ്ധ സമിതി അന്വേഷിക്കുക. ആലപ്പുഴ ഗൈനക്കോളജി തലവൻ ഡോ. സംഗീത, അനസ്തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. ലത, സർജറി വിഭാഗം തലവൻ ഡോ. സജികുമാർ, കോട്ടയം മെഡിക്കൽ കോളേജിലെ ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം തലവൻ ഡോക്ടർ ജൂബി എന്നിവരാണ് സമിതിയിലുള്ളത്. നാളെ അന്വേഷണം ആരംഭിക്കും. രണ്ടുദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും റിപ്പോർട്ട്.
കഴിഞ്ഞദിവസമാണ് യുവതിയുടെ മരണത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ആശുപത്രിക്കെതിരെയുള്ള ബന്ധുക്കളുടെ പരാതിയില്‍ പ്രത്യേക ടീമിനെ വച്ച് അന്വേഷണം നടത്തണമെന്നും, രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നൽകിയ റിപ്പോർട്ട്.
ആശുപത്രിയിൽ നിന്നുള്ള അണുബാധയെ തുടർന്നാണ് ശിവപ്രിയ മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. ശനിയാഴ്‍ച രാവിലെയാണ് ശിവപ്രിയയുടെ മരണം സ്ഥിരീകരിച്ചത്. പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയെ കഴിഞ്ഞ മാസം 22നാണ് ഡിസ്ചാർജ് ചെയ്തത്. ആ സമയത്ത് പനിയുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ പനി കടുത്തപ്പോൾ വീണ്ടും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്നല്ല യുവതിക്ക് അണുബാധ ഉണ്ടായതെന്നും എല്ലാ ചികിത്സയും നൽകിയിരുന്നുവെന്നുമാണ് അധികൃതരുടെ വിശദീകരണം.